കണ്ണൂര്‍: ജില്ലയില്‍ ഒരാള്‍ക്കു കൂടി വ്യാഴാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. മാര്‍ച്ച് 20ന് ദുബൈയില്‍ നിന്നെത്തിയ കോട്ടയംപൊയില്‍ സ്വദേശിക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്.
തിരുവനന്തപുരം വിമാനത്താവളം വഴിയാണ് 19കാരനായ ഇദ്ദേഹം നാട്ടിലെത്തിയത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്രവ പരിശോധനയ്ക്ക് വിധേയനായ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 50 ആയി. ഇവരില്‍ മൂന്നു പേര് തുടര്‍ പരിശോധനകളില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
ജില്ലയില്‍ ആകെ 10301 പേരാണ് കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. 39 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 16 പേര് ജില്ലാ ആശുപത്രിയിലും 18 പേര് തലശ്ശേരി ജനറല്‍ ആശുപത്രിയിലും 27 പേര് കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലും 10201 പേര് വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 475 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 413 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 366 എണ്ണം നെഗറ്റീവ് ആണ്. 62 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: