കണ്ണൂര്‍: 2019-20 വര്‍ഷത്തെ ഫണ്ട് വിനിയോഗത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്ത്. 90.11 ശതമാനമാണ് കണ്ണൂരിന്റെ ഫണ്ട് വിനിയോഗം. 87.77 ശതമാനം ഫണ്ട് വിനിയോഗവുമായി പത്തനംത്തിട്ട രണ്ടാം സ്ഥാനത്തും 82.39 ശതമാനവുമായി വയനാട് ജില്ലാ മൂന്നാം സ്ഥാനത്തുമാണ്.
വികസന ഫണ്ടില്‍ 90.45 ശതമാനമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. 55.82 കോടി രൂപ വകയിരുത്തിയതില്‍ നിന്നും 50.49 കോടി രൂപ വിനിയോഗിക്കാന്‍ ജില്ലാ പഞ്ചായത്തിന് സാധിച്ചു. ഇതില്‍ ജനറല്‍ വിഭാഗത്തില്‍ 47.74 കോടി രൂപ വകയിരുത്തിയതില്‍ 43.75 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. 91.64 ശതമാനം. പട്ടികജാതി വിഭാഗത്തില്‍ 88.64 ശതമാനം ഫണ്ടും പട്ടികവര്‍ഗ വിഭാഗത്തില്‍ 74.86 ശതമാനം ഫണ്ടും ചെലവഴിച്ചിട്ടുണ്ട്. മെയ്ന്റനന്‍സ് ഫണ്ട് വിഭാഗത്തില്‍ 67.08 ശതമാനം ഫണ്ടാണ് ചെലവഴിച്ചിരിക്കുന്നത്. ഇതില്‍ റോഡുകള്‍ക്കായി 61.62 ശതമാനം ഫണ്ടും നോണ്‍ റോഡ് വിഭാഗത്തില്‍ 95.53 ശതമാനം ഫണ്ടും ചെലവഴിക്കാനായി. 29.17 കോടി രൂപയാണ് റോഡുകള്‍ക്കായി ചെലവഴിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഫണ്ട് വിനിയോഗം നടത്തിയതാണ് ജില്ലാ പഞ്ചായത്തിന്റെ നേട്ടത്തിന് കാരണം. ഓരോ മാസവും നിശ്ചിത ശതമാനം തുക ചിലവഴിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് ഇത്തവണ ലഭിച്ചിരുന്നു.
പദ്ധതി നിര്‍വഹണം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരെയും ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥരെയും പ്രസിഡണ്ട് കെ.വി. സുമേഷ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: