ജനീവ : ലോക്ഡൗണില്‍ സാധാരണക്കാര്‍ പ്രതിസന്ധിയില്‍ ആകാതിരിക്കുന്നതിനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന. രാജ്യം കടുത്ത പ്രതിസന്ധിയെ നേരിടുമ്പോഴും മോദി സര്‍ക്കാര്‍ ജനങ്ങളോട് വന്‍ കരുതലോടെയാണ് പെരുമാറുന്നതെന്ന് ഡബ്ല്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ രാജ്യങ്ങളും കൈക്കൊണ്ടിട്ടുള്ള നടപടികളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. ലോക്ഡൗണ്‍ കൂടുതല്‍ ബാധിക്കുക സാധാരണക്കാരെയും സമൂഹത്തിന്റെ താഴെക്കിടയിലുള്ള പാവങ്ങളെയുമാണ്. ഇത്തരക്കാരുടെ വിഷമതകള്‍ ഇല്ലാതാക്കുന്നതിന് എല്ലാവിധ നടപടികളും ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ പ്രത്യേകം പ്രശംസനീയമാണെന്ന് ഗെബ്രിയേസസ് അറിയിച്ചു.
ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലാകുന്ന പാവങ്ങളെയും സാധാരണക്കാരെയും സഹായിക്കാന്‍ 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും, പാചകവാതകവും സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ട്. ദിവസവേതനക്കാര്‍ക്കും കര്‍ഷകര്‍ക്കും ഇതിനോടകം തന്നെ ധനസഹായം നല്‍കിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പല രാജ്യങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്. ആളുകള്‍ വീടുകളില്‍ തന്നെ തുടരണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഭരണകൂടം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും ഗെബ്രിയേസസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: