ന്യൂദല്‍ഹി: കൊറോണക്കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പിന് ആവശ്യമായ മുസ്ലീം വോട്ട് സംഘടിപ്പിക്കാന്‍ ശ്രമിച്ചത് പിണറായി സര്‍ക്കാരിന്റെ തരംതാണ തന്ത്രമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. നിസാമുദീനിലെ തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ വര്‍ഗീയ പ്രചരണം നടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
അതീവ ജാഗ്രതയോടെ രാജ്യം മുഴുവന്‍ കൊവിഡ് വ്യാപനം തടയാന്‍ എല്ലാ പരിശ്രമവും നടത്തുമ്പോള്‍, കൊവിഡില്‍ നിന്ന് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്ന് ദയവായി മുഖ്യമന്ത്രി പിന്തിരിയണം. നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ നിന്ന് കേരളത്തില്‍ കൂടുതല്‍ പേരിലേക്ക് വൈറസ് വ്യാപനം ഉണ്ടാകാതെ അടിയന്തരമായി തടയാനുള്ള നടുടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണെന്നും മുരളീധരന് പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നിസാമുദീനിലെ തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ വര്‍ഗീയ പ്രചരണം നടക്കുന്നുവെന്ന് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് കേട്ടു.
കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ല എന്ന് എല്ലാവര്ക്കും അറിയാം പ്രിയപ്പെട്ട മുഖ്യമന്ത്രി. പക്ഷേ, തബ് ലീഗ് ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതും അവരില്‍ ചിലര്‍ മരിച്ചതും വസ്തുതയാണ്. രാജ്യത്ത് ഇതിനോടകം തന്നെ നിസാമുദ്ദീന്‍, കൊവിഡ് 19 ഹോട്ട്സ്പോട്ടായിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഈ സമ്മേളനത്തില്‍ പങ്കെടുത്തവരെ അടിയന്തരമായി കണ്ടെത്തി കൊവിഡ് ടെസ്റ്റ് നടത്തുകയാണ് സംസ്ഥാനം ഇപ്പോള്‍ ചെയ്യേണ്ടത്. അല്ലാതെ, ദിവസവും 6 മുതല്‍ 7വരെ നടത്തുന്ന ‘കരുതല്‍’ പ്രഭാഷണം കൊണ്ടു മാത്രം ഒരു കാര്യവുമില്ല. കാസര്‍കോട്ട് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ വന്നത് ഓര്‍മ്മയുണ്ടാകണം. അതല്ലാതെ, തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തില്‍ തിരിച്ചെത്തിയവരില്‍ നിന്ന് സംസ്ഥാനം മുഴുവന്‍ കൊവിഡിന്റെ സമൂഹ വ്യാപനത്തിലേക്ക് എത്തുന്നത് വരെ കാത്തിരിക്കരുത്!
മുസ്ലീം വോട്ടുകള്‍ എങ്ങനെയും സംഘടിപ്പിക്കേണ്ടത് താങ്കളുടെ പാര്‍ട്ടിയുടെ നിലനില്പിന് അനിവാര്യമാണല്ലോ. അത് ഓരോ വിഷയത്തിലും നിങ്ങള്‍ സ്വീകരിക്കുന്ന നിലപാടിലൂടെ വ്യക്തവുമാണ്. വോട്ടു ബാങ്ക് ഉറപ്പിച്ചു നിര്‍ത്താന്‍ എന്തും പറയുന്നത് നിങ്ങളുടെ രാഷ്ട്രീയ ശരിയായിരിക്കും. പക്ഷേ, അതിന് കൊവിഡ് രോഗബാധയെ കൂട്ടുപിടിച്ചത് തീര്‍ത്തും തരം താണുപോയി. സാമൂഹിക മാധ്യമങ്ങളില്‍ ജനങ്ങളെഴുതുന്നതും, മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നതും എല്ലാം നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലാകണമെന്ന കടുംപിടിത്തമെന്തിനാണ്? അസഹിഷ്ണുത മാറ്റി വച്ച് വിമര്‍ശനങ്ങളിലെ വസ്തുത തിരിച്ചറിയണം എന്നാണ് എനിക്ക് അങ്ങയോട് പറയാനുള്ളത്. അതീവ ജാഗ്രതയോടെ രാജ്യം മുഴുവന്‍ കൊവിഡ് വ്യാപനം തടയാന്‍ എല്ലാ പരിശ്രമവും നടത്തുമ്പോള്‍, കൊവിഡില്‍ നിന്ന് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്ന് ദയവായി താങ്കള്‍ പിന്തിരിയണം. എന്നിട്ട്, നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ നിന്ന് കേരളത്തില്‍ കൂടുതല്‍ പേരിലേക്ക് വൈറസ് വ്യാപനം ഉണ്ടാകാതെ അടിയന്തരമായി തടയണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: