സോള്‍: കൊറോണ വൈറസ് ലോകമെമ്പാടും വ്യാപകമാകുന്ന പശ്ചാത്തലത്തിലും ഉത്തരകൊറിയയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് വെളിപ്പെടുത്തല്‍. രാജ്യത്തുള്ള വിചാരണ തടവുകാരുടെ മൃതദേഹങ്ങള്‍ കൃഷിത്തോട്ടങ്ങളില്‍ വളമായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഉത്തരകൊറിയയിലെ കോണ്‍സ്ട്രേഷന്‍ ക്യാംപില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തല്‍. പ്യോങ്യാങ്ങില് നിന്ന് 500 മൈലുകള്‍ അകലെ കെയ്ച്ചോണ്‍ പ്രവിശ്യയിലുള്ള കോണ്‍സ്ട്രേഷന്‍ ക്യാംപില്‍ നിന്ന് രക്ഷപ്പെട്ട യുവതിയാണ് വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നിരിക്കുന്നത്.
സ്ത്രീകളും കുട്ടികളുമടക്കം 2000 മുതല്‍ 6000 വരെ തടവുകാരാണ് ഇവിടെയുള്ളത്. തടവുകാരിലാരെങ്കിലും മരിച്ചാല്‍ ഇവരുടെ മൃതദേഹങ്ങള്‍ ഇടുങ്ങിയ കുഴികളിലാണു മറവു ചെയ്യുന്നത്. കൂടുതല്‍ തടവുകാര്‍ മരിച്ചാല്‍ കൃഷിയിടത്തിന്റെ നടുവില്‍ വലിയൊരു കുഴികുത്തി മൃതദേഹങ്ങള്‍ കൂട്ടമായി മറവ് ചെയ്യുന്നതാണ് രീതിയെന്നും യുഎസ് ഗവണ്മെന്റ് കമ്മിറ്റിയോട് യുവതി വെളിപ്പെടുത്തി.
ഉത്തരകൊറിയയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ നിന്ന് രക്ഷപ്പെട്ട ലീ സൂണ്‍ എന്ന വിചാരണത്തടവുകാരനും യുഎസ് ഗവണ്മെന്റ് കമ്മിറ്റിക്കു മുന്നില്‍ സമാനമായ മൊഴി നല്‍കിയിരുന്നു. 18 മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വന്നുവെന്നും 300 പേര്‍ക്ക് ഒരു ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നതെന്നും ലീ സൂണ്‍ മൊഴി നല്കി. എലികളെ ജീവനോടെ പിടിച്ചു തിന്നാണ് പലപ്പോഴും വിശപ്പടക്കിയിരുന്നതെന്നും ലീ സൂണ്‍ പറയുന്നു. സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാല്‍സംഗം ചെയ്യുന്നതും കൊന്നൊടുക്കുന്നതും പതിവാണെന്നും നേരത്തെ ഉത്തര കൊറിയയില്‍ നിന്നും രക്ഷപ്പെട്ട വനിത ജയില്‍ വാര്‍ഡനും വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: