കണ്ണൂര്‍: കൊറോണ വൈറസ് ബാധയുടെ സംശയത്തില്‍ വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഫോണുകളിലേക്ക് സിപിഎം ജില്ലാ സെക്രട്ടറി ആശംസാ സന്ദേശമയച്ചത് വിവാദമായി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ് ഫോണിലൂടെ നിരീക്ഷണത്തിലുള്ളവരോടൊപ്പം ഞങ്ങളുണ്ട് എന്ന പേരില്‍ സന്ദേശങ്ങള്‍ അയച്ചത്. ജില്ലാ ആരോഗ്യ വിഭാഗത്തിനും രഹസ്യമായി നല്കിയ ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തിയെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.
ഭരണസ്വാധീനമുപയോഗിച്ച് സിപിഎം ജില്ലാനേതൃത്വം ഫോണ്‍ നമ്പറുകള്‍ സംഘടിപ്പിക്കുകുകയായിരുന്നുവെന്നാണ് സൂചന. വൈറസ് ബാധിതരെ സഹായിക്കാന്‍ പാര്‍ട്ടി കൂടെയുണ്ടെന്ന് വരുത്തിത്തീര്‍ത്ത് നിരീക്ഷണത്തിലുള്ള കുടുംബങ്ങളുടെ സഹതാപം നേടാനും അടുത്ത തെരഞ്ഞെടുപ്പില്‍ അത് പ്രയോജനപ്പെടുത്താനുമുള്ള നീക്കമാണ് ഇതിനു പിന്നില്‍.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം വിവാദമായിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫോണ്‍ നമ്പര്‍ അടക്കമുളള വിവരങ്ങള്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് എങ്ങനെ ലഭിച്ചുവെന്നത് നിരീക്ഷണത്തിലുള്ള പ്രവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഫോണുകളിലേക്ക് സിപിഎം ജില്ലാ സെക്രട്ടറി ആശംസാസന്ദേശം അയച്ചത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യം ഉയരുകയാണ്.
കണ്ണൂരിലെ ചില സ്വകാര്യ ആശുപത്രികള്‍ക്കും നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയതായി ആരോപണമുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസിലും കളക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയുണ്ടായില്ലെന്ന് വിദേശത്ത് നിന്നെത്തിയ ഒരു പ്രവാസി പറഞ്ഞു. നാട് മഹാമാരിയെ നേരിടുന്നതിനിടയില്‍ മുതലെടുപ്പ് നടത്തുന്ന സിപിഎം നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: