ന്യൂദല്‍ഹി: ദല്‍ഹിയില്‍ സര്‍ക്കാരിന്റെ കീഴിലുള്ള ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ രോഗികളെ ഒഴിപ്പിച്ച് ആശുപത്രി അടച്ചു. 35 കാരനായ ഡോക്ടര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആശുപത്രി അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് അടച്ചിടുന്നത്. ഇയാള്‍ക്ക് കൊറോണ ബാധയുള്ളവരുമായി ബന്ധമില്ലെന്നും എങ്ങനെ വൈറസ് ബാധ ഉണ്ടായെന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
നേരത്തെ ചെറു ക്ലിനിക്കിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും പ്രൈവറ്റ് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ദല്‍ഹി സഫ്ദര്‍ജങ്ങ് ആശുപത്രിയിലെ രണ്ട് ഡോക്ടമാര്‍ക്കും കൊറോണ ബാധിച്ചു.
ഇതോടെ ദല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ എണ്ണം ആറായി. കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍മാരെ ബാബാ സാഹെബ് അംബേദ്കര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കുടുംബം ലോക് നായക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ക്ക് കൊറോണ രോഗികളുമായി ബന്ധമില്ലാത്തത് ആരോഗ്യ വകുപ്പിനെ കുഴപ്പിക്കുകയാണ്. ഇയാളുടെ സഹോദരനും കുടുംബവും ഫെബ്രുവരിയില്‍ യുകെയില്‍ നിന്ന് നാട്ടിലെത്തിയെങ്കിലും ഇവര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല.
ഇപ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്. അത്യാവശ രോഗികളെ മാത്രമാണ് ചികിത്സിക്കുന്നത്. വൈകാതെ ഒപി വിഭാഗം അടയ്ക്കുമെന്നും ആശുപത്രി ഡയറക്ടര്‍ ഡോ. ബി.എല്‍. ഷെര്‍വാല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: