കോഴിക്കോട്: അവശ്യവസ്തുക്കള്‍ക്ക് അമിതവില, കരിഞ്ചന്ത, പൂഴ്‌ത്തിവെയ്പ് എന്നിവ തടയുന്നതിന് തടയാന്‍ താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇന്‍സ്പെക്ടര്‍മാരും കടകളില്‍ പരിശോധന നടത്തി. മാവൂര്‍, കുരിക്കത്തൂര്‍, ചെറുകുളത്തൂര്‍, കായലം, പെരുമണ്ണ, പാലാഴി, വടകര ടൗണ്‍, മാര്‍ക്കറ്റ്, ആയഞ്ചേരി, കടമേരി, താഴെ അങ്ങാടി എന്നിവിടങ്ങളിലെ പച്ചക്കറി വില്‍പന ശാലകള്‍, പലവ്യഞ്ജന കടകള്‍, ഫ്രൂട്ട് സ്റ്റാളുകള്‍, ഫിഷ് മാര്‍ക്കറ്റുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ട വ്യാപാരികള്‍ക്ക് വില കുറക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും പുതുക്കിയ നിരക്ക് വിലവിവര പട്ടികകളില്‍ രേഖപ്പെടുത്തുകയും ചെയ്തു. വില്‍പന വില പ്രദര്‍ശിപ്പിക്കാത്ത വ്യാപാരികള്‍ക്കും അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കും നോട്ടീസ് നല്‍കി. അവശ്യ സാധനങ്ങള്‍ക്ക് ഏകീകൃത വില ഈടാക്കുന്നതിന് നടപടികള്‍ എടുത്തിട്ടുണ്ട്. പച്ചക്കറിയുടെ വില കുറച്ചതായി കണ്ടെത്തി. തക്കാളിയുടെ വില 15 രൂപയും പച്ചമുളക് 40, ബീറ്റ്റൂട്ട് 30 കാരറ്റ് 40 രൂപയുമായി കുറഞ്ഞു. കോഴിയറച്ചി മൊത്ത വ്യാപാരികള്‍ 20 രൂപയോളം വില കുറച്ചതിനാല്‍ വടകരയില്‍ കോഴിയിറച്ചിയുടെ വില 100 രൂപയായി കുറഞ്ഞിട്ടുണ്ട്.
മുന്‍പ് പരിശോധനകള്‍ നടത്തിയ സ്ഥലങ്ങളിലെ ചില വ്യാപാരികള്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു വീണ്ടും അമിത വില ഈടാക്കുന്നതായി പരാതികള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കട പിടിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍.കെ. ശ്രീജ, റേഷനിങ് ഇന്‍സ്പെക്ടര്‍ ആര്‍. മോഹന്‍കുമാര്‍, ജീവനക്കാരനായ പി.കെ. മൊയ്തീന്‍ കോയ എന്നിവര്‍ പങ്കെടുത്തു. കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും തടയുന്നതിന് കര്‍ശന പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: