കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഏറ്റവുമധികം കോവിഡ് 19 രോഗബാധിതരുള്ള ചെമ്മനാട് പഞ്ചായത്തില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളവരെ പരിശോധനക്ക് വിധേയമാക്കുന്നില്ലെന്ന് ആക്ഷേപം. ഇതിനകം 24 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഏതാണ്ട് 467 പേര് നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ളവരുടെ സ്രവം, രക്തം എന്നിവ പരിശോധിക്കുന്നതില്‍ ഏറെ കാലതാമസം നേരിടുന്നുവെന്നതാണ് പരക്കെയുള്ള പരാതി. ഇതിനുപുറമെ നഗര പരിധിയില്‍ ഏറ്റവുമധികം അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മേഖലയും ചെമ്മനാട് പഞ്ചായത്താണ്. ഇവരില്‍ നിരവധി പേരും നിരീക്ഷണത്തിലാണുള്ളത്.
ഇത്രയേറെ ഗുരുതരമായ വിഷയമായിട്ടും ജില്ലാ ഭരണാധികാരികളോ മറ്റോ രോഗബാധ തടയുന്നതിനോ മറ്റു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ പഞ്ചായത്തുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ദിവസേന കൂടുതല്‍ പേര് നിരീക്ഷണത്തില്‍ പോകുന്നുവെന്നതല്ലാതെ ഇവരെയാരെയും സമഗ്ര പരിശോധനക്ക് വിധേയമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പലരും കടുത്ത ആശങ്കയിലാണുതാനും. തുടര്‍ പരിശോധന നടത്താത്തതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ കഴിയുകയാണിവരെന്ന് ജനപ്രതിനിധികള്‍ തന്നെ പറയുന്നു. പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തംഗളുടെ നേതൃത്വത്തില്‍ ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇവിടേക്ക് ആവശ്യമായ മാസ്ക്, ഗ്ലൗസ് എന്നിവ ഇനിയും ലഭിച്ചിട്ടില്ല. പഞ്ചായത്തംഗങ്ങള്‍ ചില സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെ സഹായത്തോടെ ഇവ വാങ്ങി നല്‍കുകയാണ്. പലസ്ഥലത്തും അണുവിമുക്ത പദ്ധതിയും നടക്കുന്നില്ല. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് ഇവിടെ നിരീക്ഷണത്തിലുള്ളവര്‍ കഴിയുന്നത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള അതിഥി തൊഴിലാളികളുടെ സ്ഥിതി ഏറെ ദയനീയമാണ്. പലയിടങ്ങളിലും ഇവര്‍ കൂട്ടമായാണ് താമസിക്കുന്നത്. പഞ്ചായത്തംഗങ്ങള്‍ മുന്‍കൈയെടുത്ത് പ്രത്യേകം പ്രത്യേകം താമസിപ്പിക്കുന്നുണ്ട്. എന്നാല്‍ മതിയായ ഭക്ഷണം പലര്‍ക്കും ലഭിക്കുന്നില്ല.
ഇത്രയേറെ ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ജില്ലാ കലക്ടറോ മറ്റു ഉന്നത ഉദ്യോഗസ്ഥരോ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ അധികാരികള്‍ തന്നെ നേരിട്ട് മേഖലകളിലെത്തി തുടര്‍ പരിശോധനക്കും മറ്റും ആവശ്യമായ സൗകര്യം ഒരുക്കണമെന്നാണ് പഞ്ചായത്തംഗങ്ങള്‍ ആവശ്യപ്പെടുന്നത്. കോവിഡ് സ്ഥിരീകരിച്ച് കാസര്‍കോട്ടെ മറ്റു പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയിലെയും സ്ഥിതി ഏകദോശം ഇതുപോലെ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: