കുറ്റ്യാടി: മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കണമെന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് കരിദിനം ആചരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഗാന്ധിജിയുടെ ഛായാചിത്രം നല്കി മദ്യ നിരോധന സമിതി പ്രവര്‍ത്തകര്‍ മാതൃകയായി.
കെജിഎംഒയുടെ ആഹ്വാന പ്രകാരം കരിദിനത്തില്‍ പങ്കാളികളായ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഷ്ട്രപിതാവിന്റെ ഛായാചിത്രം നല്‍കിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് മാനസികമായ പിന്തുണ നല്‍കേണ്ട സമയത്ത് ഡോക്ടര്‍മാരെ മദ്യത്തിന് കുറിപ്പടി നല്‍കണമെന്ന് പറഞ്ഞ് പീഡിപ്പിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് മദ്യ നിരോധന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിലാണ് മഹാത്മാ ഗാന്ധിജിയുടെ ചിത്രം ഡോക്ടര്‍മാര്‍ക്ക് നല്‍കിയെതെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു.
മദ്യ നിരോധന സമിതി സംസ്ഥാന ജോ: സെക്രട്ടറി സിദ്ധാര്‍ത്ഥ് നരിക്കൂട്ടും ചാല് ആശുപത്രി മെഡിക്കല്‍ ഓഫീസറും ഐഎംഎ പേരാമ്പ്ര റീജണല്‍ പ്രസിഡന്റുമായ ഡോ: പി.കെ.ഷാജഹാന് ഗാന്ധിജിയുടെ ഛായാചിത്രം കൈമാറി. ഡോ. നിര്‍മ്മല്‍ രാജ്, ഡോ. ഫാറൂഖ്, ഡോ. അബ്ദുള്ള മദ്യ നിരോധന സമിതി പ്രവര്‍ത്തകരായ ജിഷ്ണു സായ്, ഇ.വിഷ്ണു, ജെ.എസ്.വിശ്വജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: