കൊച്ചി: രോഗികളെപോലും കടത്തിവിടാതെ അതിര്‍ത്തികള്‍ അടച്ച കര്‍ണ്ണാടക സര്‍ക്കാരിന്റെ നടപടി മനുഷ്യത്വം ഇല്ലാത്തതാണെന്ന് കേരള ഹൈക്കോടതി. കര്‍ണ്ണാടകം അതിര്‍ത്തി അടച്ചതിനാല്‍ മംഗളൂരുവില്‍ വിദഗ്ധ ചികിത്സയ്ക്ക് പോകാനാകാതെ രണ്ട് രോഗികള്‍ മരിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
നിലവില്‍ കര്‍ണ്ണാടകം അതിര്‍ത്തി അടച്ചതോടെ കേരളത്തിലേക്കുള്ള ചരക്കുഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അതേസമയം കാസര്‍ഗോഡ് നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കര്‍ണാടക എജി ഹൈക്കോടതിയില്‍ അറിയിച്ചു. കൂര്‍ഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനാകില്ല. രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശത്തു നിന്ന് വേര്‍തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കര്‍ണാടകം കോടതിയില്‍ നിലപാടെടുത്തു.
എന്നാല്‍ കൊവിഡ് രോഗം അല്ലാത്ത മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അവരെ വേര്‍തിരിച്ചു കണ്ട് പിടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കര്‍ണ്ണാടകം അറിയിക്കുകയായിരുന്നു. മംഗലാപുരം റെഡ് സോണ്‍ ആയി ഇന്ന് രാവിലെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കര്‍ണാടകം കോടതിയില്‍ വ്യക്തമാക്കി.
ഇത് രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ ഉള്ള പ്രശ്നമല്ല. മൗലികാവകാശലംഘനം വരുമ്പോള്‍ കോടതിക്ക് ഇടപെടാന്‍ അവകാശം ഉണ്ടെന്നും കേരളം കോടതിയില്‍ അറിയിച്ചു. കോവിഡ് രോഗംകൊണ്ടുമാത്രമല്ല ആളുകള്‍ മരിക്കുന്നത്. മറ്റു കാരണങ്ങള്‍ കൊണ്ട് മരിച്ചാല്‍ ആര് ഉത്തരം പറയും. ഒരു ഡോക്ടര്‍ക്ക് ഒരു രോഗിയെ മാത്രമേ പരിശോധിക്കാന്‍ പറ്റൂ എന്ന് പറയാന്‍ പറ്റുമോയെന്നും കോടതി ചോദിച്ചു.
ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുടെ യോഗം ഉടന്‍ ഉണ്ടാകുമെന്നും ഇതില്‍ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഈ യോഗം കഴിയും വരെ കാത്തിരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇന്ന് 5.30 ക്ക് മുന്പില് തീരുമാനം ഉണ്ടാകുമോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. 5.30 ന് കോടതി വീണ്ടും ചേരും. അപ്പോള്‍ തീരുമാനം അറിയിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശം നല്കിയ കോടതി അല്ലെങ്കില്‍ ഉത്തരവിറക്കേണ്ടി വരും എന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: