തിരുവനന്തപുരം: നിസാമുദീനിലും മലേഷ്യയിലും നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരെ പരിശോധിക്കും. ഇതിനായി പോലീസിനെ ചുമതലപ്പെടുത്തും. വിശദമായ പരിശോധന നടത്തി പട്ടിക തയ്യാറാക്കും. ഇത് ജില്ലാകളക്ടര്‍ക്ക് കൈമാറും. തുടര്‍നടപടി ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന് പറഞ്ഞു.
സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍
സൗജന്യ റേഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. എന്നും രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണനക്കാര്‍ക്കും ഉച്ചയ്ക്ക്ശേഷം മുന്‍ഗണനേതര വിഭാഗക്കാര്‍ക്കും റേഷന്‍ നല്‍കും. അഞ്ചു ദിവസം കൊണ്ട് റേഷന്‍ വിതരണം പൂര്‍ത്തിയാക്കും. കടയില്‍ ഒരു സമയത്ത് അഞ്ച് പേര് മാത്രമേ ഉണ്ടാകാവൂ. ഇതിനായി ടോക്കണ്‍ വ്യവസ്ഥകള്‍ പോലുള്ളവ സ്വീകരിക്കും.
കാര്‍ഡ് നമ്പര്വച്ചാണ് വിതരണം. ഇന്ന് പൂജ്യം ഒന്ന് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പരുകാര്‍ക്കായിരിക്കും റേഷന്‍ വിതരണം ചെയ്യുക. നാളെ 2,3 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക്. മൂന്നിന് നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക്, അഞ്ചിന് എട്ട്, ഒന്‍പത് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ വാങ്ങാം. അഞ്ച് ദിവസത്തില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീടു വാങ്ങാന്‍ സാധിക്കും.
ഏപ്രില്‍ ഫൂളാക്കല്‍ വേണ്ട
ഏപ്രില്‍ ഒന്നിന് മറ്റുള്ളവരെ കളിയാക്കല്‍ ഇക്കുറി വേണ്ട. ഈ ദിവസം മറ്റുള്ളവരെ കളിയാക്കുകയും പറ്റിക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇത്തവണ തെറ്റായ ഒരു കാര്യവും പ്രചരിപ്പിക്കാന്‍ പാടില്ല. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് പ്രത്യേക കര്‍മസേന
കൂടുതല്‍ രോഗവ്യാപന ഭീഷണിയുള്ള കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേക കര്‍മ പദ്ധതി നടപ്പാക്കും. ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയ്യാറാക്കും. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് സെന്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്ര സര്‍വകലാശാലയില്‍ ടെസ്റ്റിങ്ങിന് അനുമതി ലഭിച്ചിട്ടുണ്ട്. മാസ്കുകളുടെ കാര്യത്തില്‍ ദൗര്‍ബല്യമില്ല. എന്‍ 95 മാസ്ക് രോഗികളുമായി നേരിട്ടു ബന്ധപ്പെട്ടവര്‍ക്കു മാത്രം മതി എന്നു നിര്‍ദേശം നല്കി.
അതിഥി തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ്
അതിഥി തൊഴിലാളികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ വിവരങ്ങള്‍ ശേഖരിക്കും. ഇതിന് എഡിജിപിയുടെ നേതൃത്വത്തില്‍ സംവിധാനം ഒരുക്കുകയും 48 മണിക്കൂറില്‍ നടപ്പാക്കുകയും ചെയ്യും. അതിഥി തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പിന്റെ ഐഡി കാര്‍ഡ് നല്‍കുകയും രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് ആനുകൂല്യം ഉറപ്പാക്കും. കോഴി, താറാവ്, കന്നുകാലി, പന്നി എന്നിവയ്ക്ക് തീറ്റയ്ക്ക് പ്രശ്നമുണ്ട്. ഇതിന് പ്രാദേശിക ഇടപെടലിന് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: