പേരാമ്പ്ര: കോവിഡ്- 19 നെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടില്‍ താരമായി മാറിയിരിക്കുന്നത് ചക്കയാണ്. മിക്ക വീടുകളിലും ഒരു നേരമെങ്കിലും ചക്ക വിഭവം ഒരുക്കുന്നുണ്ട്. ചക്കക്കാലം വന്നാല്‍ തുടക്കത്തില്‍ കാണിക്കുന്ന താല്പര്യം പിന്നീട് കാണിക്കാതെ ചക്കയെ അവഗണിക്കുകയായിരുന്നു പതിവ്.
പശുക്കള്‍ക്ക് തീറ്റയായി നല്‍കുക, വെട്ടി നുറുക്കി വളമയി തെങ്ങിന്ചുവട്ടിലിടുക, നഗരങ്ങളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും കയറ്റി അയക്കാനും ചിപ്സ് നിര്മാണക്കാര്ക്കുമായി മൊത്തത്തില്‍ വില്‍ക്കുക എന്നിവയായിരുന്നു ചക്കയുടെ കാര്യത്തില്‍ ഈ അടുത്ത കാലത്തെ നാട്ടുനടപ്പ്. ഇന്ന് അവസ്ഥയാകെ മാറി വീടുകളിലെ വിഐപി വിഭവമായി ചക്ക മാറിക്കഴിഞ്ഞു. ഒരു വീട്ടില്‍ ചക്ക പറിച്ചാല്‍ നാലോ അഞ്ചോ കഷണങ്ങളാക്കി അടുത്തടുത്ത വീടുകളിലേക്ക് ഭാഗം വെച്ച് കൊടുക്കുന്ന പഴയ കാല രീതി ഇന്ന് നാട്ടിന് പുറങ്ങളിലെ നിത്യകാഴ്ചയായി മാറിയിരിക്കുന്നു. രാവിലെ ചക്ക പുഴുക്കും ഉച്ചയ്ക്ക് ചക്കക്കുരു കറിയും, രാത്രി ചക്ക ബിരിയാണിയും തീന്മേശകളില് നിറയുന്നു.
ചക്ക പറിക്കാനും വെട്ടിയൊരുക്കാനുമുള്ള ബുദ്ധിമുട്ടായിരുന്നു ചക്ക വിഭവങ്ങള്‍ തയ്യാറാക്കുന്നതില്‍ നിന്നും വീട്ടുകാരെ നിരുത്സാഹപ്പെടുത്തിയിരുന്നത്. ഈ കൊറോണക്കാലത്ത് എല്ലാവരും വീട്ടില്‍ തന്നെയുള്ളപ്പോള്‍ ചക്ക വെട്ടിയൊരുക്കല്‍ എല്ലാവര്ക്കും ഒരു ഹരമാണ്. രാസവളമോ കീടനാശിനിയോ പ്രയോഗിക്കാത്ത ഏറ്റവും പോഷകഗുണമുള്ള ചക്കയുടെയും ഇടിച്ചക്കയുടെയും മഹാത്മ്യം മനസ്സിലാക്കാന്‍ മലയാളിക്ക് ഒരു മഹാമാരി വേണ്ടിവന്നു എന്നതാണ് ഏറ്റവും വലിയ തമാശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: