സാമൂഹിക വ്യാപനത്തിലേക്ക് കോവിഡ് വൈറസ് എത്തിയാല്‍പ്പിന്നെ പിടിച്ചാല്‍ കിട്ടില്ലെന്ന് അനുദിനം വ്യക്തമായി വരുന്നു. ലോകത്തെ സകലമാന ജീവികളെയും കണ്ണില്ലാതെ തിന്നൊടുക്കുന്ന മനുഷ്യന് മുമ്പില്‍, കണ്ണുകൊണ്ട് കാണാനാവാത്ത ഒരു ജീവി മരണതാണ്ഡവമാടുകയാണ്. ഈ സന്ദിഗ്ധ ഘട്ടത്തില്‍ പോലും ചിലര്‍ യാഥാര്‍ഥ്യം തിരിച്ചറിയുന്നില്ലെന്നതാണ് അങ്ങേയറ്റത്തെ ദു:ഖം. നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്ന സ്വതസിദ്ധമായ ശൈലി ജനങ്ങള്‍ക്കുണ്ട്. മലയാളികള്‍ക്ക് അത് ഇരട്ടിയിലധികമാണ്.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറയുന്നത് അവര്‍ക്കുവേണ്ടി മാത്രമാണെന്ന തരത്തിലേക്ക് പോലും പ്രചാരണങ്ങള്‍ ഉയരുകയാണ്. അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് നീങ്ങുമ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളൊന്നും അത്ര ശുഭകരമല്ല. ഏറ്റവുമൊടുവില്‍ ന്യൂദല്‍ഹിയിലെ നിസാമുദീനില്‍ നിന്നുള്ള വാര്‍ത്തയാണ് സമൂഹത്തില്‍ ഭീതിയുടെ കമ്പളം വിരിച്ചിരിക്കുന്നത്.
അവിടെ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത മിക്കവര്‍ക്കും കോവിഡ് ബാധയേറ്റുവെന്നാണ് കേള്‍ക്കുന്നത്. നൂറ് കണക്കിന് പേര് ഈ മത സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. കേരളത്തില്‍ നിന്ന് അനേകം പേര് ഇതില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് അറിവ്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ മരണമടഞ്ഞ പത്തനംതിട്ട സ്വദേശിക്ക് അവിടെ വെച്ച് വൈറസ് ബാധയേറ്റെന്ന സംശയം ശക്തമാണ്. അവിടെ നിന്ന് തിരിച്ച് തമിഴ്നാട്ടിലെത്തിയ സംഘത്തില്‍ തായ്ലന്റ്കാരായ മൂന്നുപേര്‍ ഉണ്ടായിരുന്നു. അവര്‍ക്കും കോവിഡ് ബാധയേറ്റതോടെ സമ്പര്ക്കത്തിലായവര്ക്കു വേണ്ടി ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും പരക്കംപായുകയാണ്. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളടക്കമുള്ള പലരും മതപ്രബോധനങ്ങള്‍ക്കായി രാജ്യത്തെ പല സ്ഥലങ്ങളിലും എത്തിയിട്ടുണ്ടത്രെ. ചെറിയൊരു അശ്രദ്ധയ്ക്ക് കൊടുക്കേണ്ടി വരുന്നത് എത്ര ഭീകരമായ വിലയാണെന്ന് ഇനിയും സമൂഹം അറിയാനിരിക്കുന്നതേയുള്ളൂ.
സമൂഹവ്യാപനത്തിന്റെ ഭാഗമായാണോ രോഗം പിടിപെട്ട് മുന്‍ പൊലീസ് ഉദ്യോഗസ്ഥന് പോത്തന്‍കോട് മരിച്ചതെന്ന് സംശയിക്കുന്നുണ്ട്. അദ്ദേഹം ചില വിവാഹത്തിലും മറ്റും പങ്കെടുത്തതല്ലാതെ മറ്റെങ്ങും പോയിട്ടില്ല. മരണത്തെ തുടര്‍ന്ന് പോത്തന്‍കോട് പൂര്‍ണ ക്വാറന്റീനിലാക്കിയിരിക്കുകയാണ്. നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പലര്‍ക്കും വൈറസ് പിടിപെട്ടു എന്നത് അങ്ങേയറ്റം ഞെട്ടലുളവാക്കുന്നതാണ്. സമൂഹ വ്യാപനത്തിന് ഇടവെക്കുന്നതാണിത്. അനുനിമിഷം ആര്‍ത്തനാദത്തിനും അന്ധകാരത്തിനുമിടയിലേക്ക് ഊര്‍ന്നു പോകുന്ന ജീവിതമാണ് മുമ്പിലുള്ളത്. ഇതുവരെയുണ്ടാകാത്ത ഭീതിയാണ് സമൂഹത്തില്‍ ഉണ്ടായിരിക്കുന്നത്. ഭീഷണമായ അവസ്ഥയിലും മതപരവും അതുമായി ബന്ധപ്പെട്ടവയ്ക്കും സ്വയം നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധിക്കാത്തവിധം പൊതുബോധം നഷ്ടമായിരിക്കുന്നു.
ആണവായുധമുള്‍പ്പെടെ ലോകത്തെ ജയിക്കാന്‍ പോന്ന സര്വസംഹാരമായവയൊക്കെ ശേഖരിച്ചു കൂട്ടിയ രാജ്യങ്ങള്‍ കൊറോണ പടര്‍ന്നു പന്തലിക്കുമ്പോള്‍ ആര്‍ക്കെതിരെ ഇവ പ്രയോഗിക്കുമെന്ന ഭീതിയിലായിരിക്കുന്നു. മനുഷ്യ മനസ്പോലും സ്കാന്‍ ചെയ്യാന്‍ പോന്ന ഔദ്ധത്യം കൈമുതലായ ആധുനിക മനുഷ്യന് എന്തുകൊണ്ട് ഇത്തരമൊരു സങ്കീര്ണാവസ്ഥയിലെത്തിയെന്ന് ചിന്തിക്കേണ്ടതുണ്ട്. ജാതിമതവര്‍ഗ ദേശ പാരമ്പര്യ സംസ്കാരങ്ങള്‍ക്കപ്പുറത്തേക്ക് നീണ്ട കനിവിന്റെ സന്ദേശം ഉയര്‍ന്നുപൊങ്ങിയ ഭാരതത്തിന്റെ ദര്‍ശനം ഉള്‍ക്കൊള്ളാന്‍ ലോകത്തിന് കഴിയാഞ്ഞതിന്റെ ഫലം കൂടിയാണ് ഇപ്പോള്‍ സകലരും അനുഭവിക്കുന്നത്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന എക്കാലത്തെയും പ്രശോഭനമായ കാഴ്ചപ്പാടാണ് വളര്‍ത്തിയെടുക്കേണ്ടത്. അതിനുപകരം ക്ഷുദ്രതാല്പര്യങ്ങളുടെ നാറുന്ന ഭാണ്ഡവും പേറി വേച്ചുവേച്ച് നടക്കുന്നതില്‍ കഴമ്പില്ല.
നമസ്തെയിലൂടെ ഹൃദയത്തിലെ നന്മയെ ആദരിച്ചുകൊണ്ട് തിന്മക്കെതിരെ സാമൂഹിക അകലം പാലിക്കലാണ് വൈറസിനെതിരെയുള്ള പ്രതിരോധമെന്ന് മഹാഭൂരിപക്ഷം മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇപ്പോഴും നേരം വെളുക്കാത്ത മനോഭാവമാണ്. അവരാണ് എല്ലാ ജാഗ്രതാ നിര്‍ദ്ദേശങ്ങളും കാറ്റില്‍ പറത്തി സമൂഹത്തിന് ഭീഷണിയാവുന്നത്. ദല്‍ഹിയിലെ നിസാമുദീനില്‍ നടന്ന മത സമ്മേളനത്തിന്റെ പിന്നിലും അതൊക്കെത്തന്നെയാണ്. മഹാവ്യാധി വാ പിളര്‍ത്തി നില്‍ക്കുമ്പോഴും സങ്കുചിത താല്പര്യങ്ങളുടെ ചെളിക്കുണ്ടില്‍ മദിച്ചു നില്ക്കുന്നവരോട് പണ്ട് വ്യാസന് പറഞ്ഞതേ ഓര്‍മിപ്പിക്കാനുള്ളൂ. ‘ഞാന്‍ തലയില്‍ കൈവെച്ച് ഇവരോട് പറയുന്നുണ്ട്, എന്നിട്ടും ആരും കേള്‍ക്കുന്നില്ല. എന്നാലും ഞാന്‍ പറഞ്ഞു കൊണ്ടിരിക്കും’. ഈ ലോകം നിലനില്ക്കാന് എല്ലാവരും ശ്രമിച്ചാലേ നടക്കൂ എന്നതിന് മറ്റെന്ത് തെളിവു വേണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: