പുള്ള്(തൃശൂര്‍): താമരപ്പൂ കണ്ട് മോഹിക്കാം, പക്ഷേ, തണ്ടൊടിഞ്ഞ താമരപ്പൂവുമായി വരുമ്പോള്‍ താമരക്കാടുപൂക്കുന്ന കാമുകിയുടെ കവിള്‍ത്തടത്തിന്റെ കാല്‍പ്പനികതയ്ക്ക് ഇവിടെ ഇടമില്ല. പൂത്തുലഞ്ഞ് നില്‍ക്കുകയാണ് പുള്ളിലെ താമരപ്പാടം. എന്നാല്‍ ആ താമരവസന്തം കര്‍ഷകന്റെ മനസിന് കുളിരേകുന്നില്ല. തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാടിനടുത്തുള്ള പുള്ളില്‍ ഏക്കറുകളോളമാണ് താമരകൃഷി. എന്നാല്‍ ഇപ്പോള്‍ ഒരു പൂ പോലും ചെലവാകാതെ കര്‍ഷകര്‍ ദുരിതത്തിലായി. താമര മൊട്ടിടുന്നതോടെ ഇറുത്തെടുത്ത് വിപണനം നടത്തുകയാണ് പതിവ്. ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളെല്ലാം പരിമിതപ്പെടുത്തി, വിവാഹ ചടങ്ങളുകള്‍ ചുരുങ്ങി ദേശീയ പുഷപത്തിന് ഡിമാന്റില്ലാതായി.
പൂക്കള്‍ വിരിഞ്ഞ താമരപ്പാടം കാഴ്ചയില്‍ മനോഹരം. എന്നാല്‍ ഈ ഉത്സവകാലത്തെ തിരിച്ചടി കര്‍ഷകര്‍ക്ക് കണ്ണീര് കാഴ്ചയാണ്. ചാഴൂര്‍ വേലുമാന്‍പടി സ്വദേശി വേണുഗോപാലനും അരണാട്ടുകര സ്വദേശി സത്യനുമാണ് തൃശൂര്‍ പുള്ളിലെ ഏക്കറുകള്‍ വരുന്ന ഈ പാടത്ത് താമര കൃഷിചെയ്യുന്നത്. സീസണ് സമയത്ത് ആയിരക്കണക്കിന് പൂക്കളാണ് ദിനംപ്രതി ഇവിടെനിന്ന് വിറ്റുപോയിരുന്നത്. ഒരു പൂവിന് 3 – 4 രൂപ വരെയാണ് വില. ഇവിടെ നിന്ന് പൂനെയിലേക്കും മഹാരാഷ്ട്രയുടെ മറ്റു ചില ഭാഗങ്ങളിലേക്കുംവരെ പൂക്കള്‍ കയറ്റിപ്പോയിരുന്നു. തൃശൂരിലേയും ഗുരുവായൂരിലേയും കടകളിലേക്കും എറണാകുളത്തേക്കും ഇവിടെ നിന്ന് പൂക്കള്‍ എത്താറുണ്ട്. പക്ഷേ ഇപ്പോള്‍ ഇതെല്ലാം നിലച്ചു. പതിനഞ്ചു വര്‍ഷമായി ഇവിടെ താമരകൃഷി നടത്തുന്നുണ്ട്. പുള്ളിലെ താമരകൃഷി കാണാന്‍ നിരവധി പേരാണ് ഇവിടെ എത്താറുള്ളത്.
മണികണ്ഠന് കുറുപ്പത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: