തിരുവല്ല: ഏപ്രിൽ രണ്ട് മുതൽ ഏഴ് വരെ ട്രഷറികൾ മുഖേനയുള്ള സർവ്വീസ് പെൻഷൻ വിതരണം ചെയ്യും. പ്രായമേറിയവരാണ് പെൻഷന് എത്തുന്നവരിൽ അധികവുമെന്നതിനാൽ അധിക സമയം ട്രഷറിയിൽ നിൽക്കേണ്ടിവന്നാൽ അവർക്കുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ ജീവനക്കാർ ആശങ്കാകുലരാണ്.തിരക്കേറിയാൽ പ്രായമേറിയവരെ എങ്ങനെ നിയന്ത്രിക്കണമെന്നതിന് അധികൃതർക്ക് ഒരു ധാരണയുമില്ലാതിരിക്കെയുമാണ് പെൻഷൻവിതരണം.പുറത്തുനിന്നെത്തുന്നവരുമായി നേരിട്ട് ഇടപാടുകൾ നടത്തേണ്ടതുള്ളതിനാൽ ജീവനക്കാർക്ക് തങ്ങളുടെ സുരക്ഷാകാര്യത്തിലും ആശങ്കയുണ്ട്.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഒരു സമയം ട്രഷറി കാഷ് കൗണ്ടറുകൾക്കു സമീപം പരമാവധി അഞ്ച് പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. വരിനിൽക്കേണ്ട സാഹചര്യം ഉണ്ടായാൽ അനുവദനീയമായ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഇടപാടുകാർ ഉറപ്പു വരുത്തണം.
ഇടപാടുകൾക്കായി ട്രഷറികളിൽ എത്തുന്ന എല്ലാവരും ട്രഷറിയിൽ പ്രവേശിക്കുന്നതിനുമുൻപായി സോപ്പോ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിച്ചോ കൈകൾ അണുവിമുക്തമാക്കണം, മുഖാവരണവും ധരിക്കണം.
ട്രഷറികളിൽ നേരിട്ട് എത്താൻ കഴിയാത്തവർക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങൾ ഒപ്പിട്ട ചെക്കിനോടൊപ്പം സമർപ്പിച്ചാൽ ആവശ്യപ്പെടുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. അപേക്ഷ നൽകുന്ന പെൻഷൻകാർക്ക് ഓൺലൈൻ ട്രാൻസാക്ഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
അതത് ദിവസങ്ങളിൽ പറഞ്ഞിരിക്കുന്ന പിടിഎസ്ബി അക്കൗണ്ട് നമ്പറിലുള്ളവർക്ക് മാത്രമേ ഈ ദിവസം പെൻഷൻ വിതരണം നടത്തുകയുള്ളൂ. തീയതി, പെൻഷൻ വിതരണം നടത്തുന്ന അക്കൗണ്ടുകൾ എന്ന ക്രമത്തിൽ: ഏപ്രിൽ രണ്ട്-പി.ടി.എസ്.ബി. അക്കൗണ്ട് നമ്പർ പൂജ്യത്തിലും(0) ഒന്നിലും (1) അവസാനിക്കുന്ന പെൻഷൻകാർ, ഏപ്രിൽ മൂന്ന്- അക്കൗണ്ട് നമ്പർ രണ്ട് (2) മൂന്ന് (3), ഏപ്രിൽ നാല്- അക്കൗണ്ട് നമ്പർ നാല് (4) അഞ്ച്(5), ഏപ്രിൽ ആറ്- അക്കൗണ്ട് നമ്പർ ആറ് (6) ഏഴ് (7), ഏപ്രിൽ ഏഴ്- അക്കൗണ്ട് നമ്പർ എട്ട് (8) ഒമ്പത് (9).
പ്രതികരിക്കാൻ ഇവിടെ എഴുതുക: