മലപ്പുറം: കൊറോണ വൈറസ് വ്യാപകമാകുന്നതിനൊപ്പം വ്യാജ വാര്‍ത്തകളും പ്രചരിക്കുകയാണ്. മലപ്പുറത്ത് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് പടച്ചു വിട്ട ചെറമംഗലം സ്വദേശിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ നെച്ചിക്കാട്ട് ജാഫറാണ് വ്യാജ വാര്‍ത്തയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ അറസ്റ്റിലായിരിക്കുന്നത്. മലപ്പുറത്തെ പരപ്പങ്ങാടിയില്‍ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് ഇയാള്‍ പറഞ്ഞ് പരത്തിയത്.
അനാവശ്യ വാര്‍ത്തകള്‍ പടച്ച് ഉണ്ടാക്കി സമൂഹത്തില്‍ ഭയം വളര്‍ത്തുന്നവരെ കണ്ടെത്താന്‍ പോലീസും ജാഗ്രതയോടെയാണ് ഇടപെടുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യം കോവിഡ് ഭീതിയില്‍ പൊരുതുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അതിനേക്കാള്‍ അപകടം നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിദിനം നിരവധി വ്യാജ വാര്‍ത്തകളാണ് ഉള്ളത്. ഇത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നതാണ്.
മഹാമാരിക്കിടയില്‍ രാജ്യത്ത് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഏറെ അപകടം ഉണ്ടാക്കുന്നതാണ്. കൊറോണയ്‌ക്കെതിരെ മാത്രമല്ല വ്യാജവാര്‍ത്തകള്‍ക്കെതിരേയും പൊരുതേണ്ട ഗതികേടിലാണ് രാജ്യമെന്ന് വാര്‍ത്താവിതരണ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: