പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ വനവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ഏകോപ്പിക്കുന്നതിന് തീരുമനം. ഉൾക്കാടുകളിൽ താമസിക്കുന്നവർക്ക് അവശ്യസാധനങ്ങൾ വങ്ങുന്നതിനും ആശുപത്രികളിൽ പോകുന്നതിനും ബുദ്ധിമുട്ടുകൾ നേരിടുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് തീരുമാനം. പത്തനംതിട്ട ജില്ലയിലെ വനവാസി ഊരുകളിലെ ദുരിതം ജന്മഭൂമിയാണ് പുറത്തുകൊണ്ടുവന്നത്.
അടുത്തിടെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾസന്ദർശിക്കാനെത്തിയ വിദേശികൾ ഇവിടുത്തെ ഊരുകളിലും എത്തിയിരുന്നു. ജില്ലയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇവരുടെ സന്ദർശനം ആശങ്കയ്‌ക്ക് ഇടയാക്കിയിരുന്നു. ജില്ലയിൽ ഏകദേശം 2200 കുടുംബങ്ങളുണ്ട്. 41 ഊരുകളാണുള്ളത്. ഇതിൽ അത്തോട്ടിലെ 180 കുടുംബങ്ങളും, ളാഹ-രാജാമ്പാറ ഗിരിജൻ കോളനിയിലെ 40 കുടുംബങ്ങളും, മഞ്ഞത്തോട്ടിലെ 15 കുടുംബങ്ങളും, വേലൻപ്ലാവിലെ 15 കുടുംബങ്ങളും നേരിയ തോതിൽ പുറം ലോകവുമായി ബന്ധമുള്ളവരാണ്.
എന്നാൽ ശബരിമല വനത്തിൽ കഴിയുന്ന 40 കുടുംബങ്ങൾ തികച്ചും ഭൂരഹിതരായ വനവാസികളാണ്. വനവാസികൾക്ക് അവശ്യസാധനങ്ങൾ അടിയന്തിരമായി വനംവകുപ്പ് വാഹനങ്ങളിൽ എത്തിക്കാനാണ് ഇപ്പോൾ തീരുമാനം. വനപാതകളിൽ സർവീസ് നടത്തിയിരുന്ന ജീപ്പുകളുടെ സർവീസ് നിർത്തലാക്കിയ സാഹചര്യത്തിൽ ഉൾക്കാടുകളിൽ താമസിക്കുന്നവർക്ക് അവശ്യസാധനങ്ങൾ വങ്ങുന്നതിനും ആശുപത്രികളിൽ പോകുന്നതിനും വനം വകുപ്പിന്റെ വാഹനം ഉപയോഗിക്കാനും നിർദ്ദേശമുണ്ട്.
പുറത്തുനിന്നുള്ളവർ ഊരുകളിലെത്താതിരിക്കാൻ നിരീക്ഷണം കർശനമാക്കണമെന്നും ഉൾക്കാടുകളിൽ താമസിക്കുന്നവർക്ക് പ്രത്യേകശ്രദ്ധയും പരിഗണനയും നൽകണമെന്നും മന്ത്രി കെ. രാജു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: