കൊറോണ വൈറസ് വ്യാപനത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി ജീവന്മരണ പോരാട്ടം നടത്തിവരുന്നതിനിടെ പായിപ്പാട് അരങ്ങേറിയ സംഭവങ്ങള്‍ നിസാരമല്ല. ലോക്ഡൗണില്‍ നിശബ്ദമായിരുന്ന സംസ്ഥാനം പായിപ്പാട്ടെ പ്രതിഷേധത്തെരുവ് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. കേരളത്തിലെ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന ഇതരസംസ്ഥാനക്കാരുടെ രണ്ട് മുഖ്യതാവളങ്ങളിലൊന്നാണ് പായിപ്പാട്ടേത്. മറ്റൊന്ന് പെരുമ്പാവൂരാണ്. ഇവിടങ്ങളില്‍ തമ്പടിച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ നുഴഞ്ഞു കയറിയിട്ടുള്ള ബംഗ്ലാദേശികളാണ്. ഇതറിയാമായിരുന്നിട്ടും ആവശ്യമായ സൗകര്യങ്ങളും പരിരക്ഷയുമാണ് ഇവിടെ നല്കി വരുന്നത്. എന്നിട്ടും ഉയരുന്ന സംഘടിത നീക്കങ്ങളെ ഇനിയും കണ്ടില്ലെന്ന് നടിച്ചാല്‍ അത് കേരളത്തെ എത്തിക്കുന്നത് വലിയ വിപത്തിലേക്കായിരിക്കും. അതിന്റെ ട്രയലായി വേണം പായിപ്പാട് അരങ്ങേറിയ സംഭവങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടംകൂട്ടമായി തെരുവിലിറങ്ങിയതിന് പിന്നാലെ കിട്ടിയ അവസരം കേന്ദ്രസര്‍ക്കാരിനെ കരിവാരി തേക്കാനുള്ള ശ്രമങ്ങളും അരങ്ങേറി. അക്കൂട്ടര്‍ ബിജെപിയെയും വെറുതെ വിട്ടില്ല.
‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന് തന്നെ’ എന്ന കണക്കെ ഒരു ഓണ്‍ലൈന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ കുറ്റവാളിയുടെ പരിവേഷം ചാര്‍ത്തി അവതരിപ്പിക്കുകയും ചെയ്തു. പക്ഷെ ഇവരുടെ ശ്രമങ്ങളെ തദ്ദേശിയര്‍തന്നെ പൊളിച്ചടുക്കിയതോടെ അക്കൂട്ടര്‍ ഇളിഭ്യരായി. വൈകാതെ തന്നെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വരികയും ചെയ്തു. കൊറോണക്കെതിരെ പ്രതിരോധക്കോട്ട തീര്‍ക്കുന്നതിനിടെയുണ്ടായ പ്രതിഷേധം ആദ്യം എല്ലാവരെയും അമ്പരപ്പിച്ചെങ്കിലും അധികം വൈകാതെ ഇതിന് പിന്നിലെ ഗൂഢാലോചനയുടെ സൂചനകള്‍ അധികൃതരിലെത്തുകയും ചെയ്തു. ഇതര സംസ്ഥാനക്കാരുടെ കൂട്ടം ചേരലിനെ ന്യായീകരിച്ച് ചാനലുകള്‍ക്ക് മുന്നിലെത്തിയ ഗ്രാമപഞ്ചായത്ത് അംഗത്തെ നേരില്‍ കാണണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതും ഇതിന്റെ പശ്ചാത്തലത്തിലാകാം. ഒരു കലാപത്തിന് കോപ്പുകൂട്ടാനുള്ള ശ്രമങ്ങളാണ് ഇവിടെ അരങ്ങേറിയതെന്നത് അത്യന്തം ഗൗരവതരമാണ്.
മതതീവ്രവാദത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു വരുന്ന ചില സംഘടനകള്‍ ഇവരെ ഉപയോഗപ്പെടുത്തി നടത്തുന്ന നീക്കങ്ങള്‍ സംസ്ഥാനത്ത് സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ തെരുവുകളില്‍ ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കി നടന്ന പ്രകടനങ്ങള്‍ക്കുപോലും ഇവരെ ഉപയോഗിച്ചുവെന്നത് കാണാതെ പോകരുത്. മനുഷ്യാവകാശങ്ങളെ മറയാക്കി രൂപപ്പെടുന്ന സംഘടിതശക്തി നാടിനുതന്നെ ഭീഷണിയാകുന്നു എന്നതിന്റെ പ്രകടമായ തെളിവുകളാണ് ഇത്തരം പ്രതിഷേധങ്ങളിലൂടെ വ്യക്തമാകുന്നത്.
ദല്‍ഹിയിലെ കൂട്ടപ്പലായനവും പായിപ്പാട്ടെ പ്രതിഷേധത്തിനും പരസ്പര സമാനതകളേറെയാണ്. പ്രതിഷേധത്തിന് ഊര്‍ജം പകരാന്‍ ദല്‍ഹി പലായനത്തിന്റെ വീഡിയൊ ക്ലിപ്പിങ്ങുകള്‍ ഇതരസംസ്ഥാനക്കാര്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതും ഇവരുടെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യം ദുര്‍ഘടാവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ സമൂഹത്തിന്റെ സുരക്ഷയെ കരുതി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെ വെല്ലുവിളിക്കുന്നത് രാജ്യത്തോടുള്ള ഏറ്റുമുട്ടലിന് സമാനമാണ്. പായിപ്പാട്ടെ ഒരു സിപിഎം പ്രവര്ത്തകന് ഫെയ്സ്ബുക്കിലൂടെ പറഞ്ഞത് തൊഴിലാളികളെ തെരുവിലിറക്കിയതിന് പിന്നില്‍ ജമാഅത് ഇസ്ളാമിയുടെ നിയന്ത്രണത്തിലുള്ള ‘മീഡിയ വണ്‍’ ചാനലിന്റെ പ്രവര്‍ത്തകരാണെന്ന് വെളിപ്പെടുത്തുന്നു. തൊഴിലാളികളെ ദല്‍ഹി സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധത്തിന് പ്രേരിപ്പിക്കുകയായിരുന്നെന്നും പറയുന്നു. മാധ്യമ ധര്‍മ്മം എവിടെവരെ എത്തിയിരിക്കുന്നെന്ന് ജനങ്ങള്‍ തന്നെ വിലയിരുത്തുകയാണ് ഉത്തമം.
പായിപ്പാട്ടേത് ഗുരുതരമായ ആരോഗ്യ പ്രശ്നവും ക്രമസമാധാന പ്രശ്നവും സൃഷ്ടിക്കുന്നതാണ്. ഇവിടെ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ധ്രുവീകരണത്തെ കരുതലോടെ അലംഭാവമില്ലാതെ കൈകാര്യം ചെയ്തില്ലെങ്കില്‍ ക്രമസമാധാനരംഗത്ത് വലിയ അരക്ഷിതാവസ്ഥ തന്നെയായിരിക്കും സൃഷ്ടിക്കുക. ‘ഭയം വേണ്ട ജാഗ്രത മതി’ എന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഭയപ്പെടേണ്ട സാഹചര്യങ്ങളും ഉടലെടുക്കുന്നു എന്നതാണ് പായിപ്പാട് നല്‍കുന്നത്. ഇവിടെ ഒരു കാര്യം വ്യക്തമാണ്, പ്രസ്താവനകളല്ല ആവശ്യം കര്‍ക്കശമായ നടപടികളാണ്. ഭരണകൂടം അതിന് തയാറായില്ലെങ്കില്‍ നാളെ ദ:ഖിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: