തിരുവനന്തപുരം: പണമില്ലാതെ പദ്ധതി പ്രഖ്യാപിച്ചതോടെ വെട്ടിലായി സംസ്ഥാന സര്‍ക്കാര്‍. കൊറോണ പ്രതിരോധത്തിന് പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കനിയണമെന്ന സ്ഥിതിയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്.പലവ്യഞ്ജന സാധനങ്ങള്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രിക്കും കേന്ദ്ര ഭക്ഷ്യമന്ത്രിക്കും കത്തയച്ചെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. പലവ്യഞ്ജന കിറ്റിന് സാധനങ്ങള്‍ സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. ഇതിന് ധാന്യങ്ങള്‍ ലഭിക്കാന്‍ കേന്ദ്രസഹായം വേണം. ഇവ അനുവദിച്ച് കിട്ടാന്‍ പ്രധാനമന്ത്രിക്കും ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാനും കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
20000 കോടിയുടെ കൊറോണ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം. ബിപിഎല്‍ കാര്‍ഡിന് 35 കിലോ അരിയും ശേഷിക്കുന്ന എല്ലാ റേഷന്‍ കാര്‍ഡിനും 15 കിലോ സൗജന്യ അരിയും പലവ്യഞ്ജന കിറ്റുമായിരുന്നു പ്രധാന പ്രഖ്യാപനം. അരിയും ഗോതമ്പും എത്രവേണോ നല്‍കാമെന്ന് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇത് മുന്നില്‍ കണ്ടാണ് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ പലവ്യഞ്ജനത്തിന്റെ ലഭ്യതയോ പണമോ മുന്നില്‍കാണാതെയാണ് എല്ലാവര്ക്കും ഭക്ഷ്യകിറ്റ് പ്രഖ്യാപിച്ചത്. ഓരോകിലോ വീതം ചെറുപയര്‍/വന്‍പയര്‍, ഉഴുന്ന്, കടല എന്നിവ ധാന്യങ്ങളായി നല്‍കാനാണ് സംസ്ഥാനം തീരുമാനിച്ചത്. ഇത് വിതരണം ചെയ്യണമെങ്കില്‍ ഓരോന്നും 8700 ടണ്‍ വീതം വേണം. ഇതെല്ലാം സൗജന്യമായി നല്‍കണമെന്നാണ് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് അപേക്ഷിച്ചിരിക്കുന്നത്. മാത്രമല്ല മുളക്, മല്ലി തുടങ്ങി 15 ഇനം പലവ്യഞ്ജനം വേറെയും. അവിടെ നിന്നും ലഭ്യമായില്ലെങ്കില്‍ മാര്‍ക്കറ്റ് ഫെഡില്‍ നിന്നും പണം നല്കി വാങ്ങണം. അതിനും കേന്ദ്ര സഹായം വേണം. ഏപ്രിലില്‍ അരി വിതരണം ചെയ്യും. അതിനൊപ്പം നല്‍കാനായിരുന്നു തീരുമാനം.
എന്നാല്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഏപ്രില്‍ ആദ്യവാരവും മുന്‍ഗണന കാര്‍ഡുടമകള്‍ക്ക് രണ്ടാ ഘട്ടത്തിലും ശേഷിക്കുന്നവര്‍ക്ക് മൂന്നാംഘട്ടത്തിലും നല്‍കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. മുളക് പൊടി, മല്ലിപ്പൊടി തുടങ്ങിയ പലവ്യഞ്ജനം പൊടിയായി വില്‍ക്കുന്ന കമ്പനികളില്‍ നിന്നും വാങ്ങാനും ശ്രമിക്കുന്നുണ്ട്.എന്നാല്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ള 35000ത്തോളം കുടുംബത്തിന് ആദ്യവും രണ്ടാമത് ബിപിഎല്‍ കാര്‍ഡിനും മാത്രം മതിയെന്നാണ് തീരുമാനം. സോപ്പ് മുതല്‍ വെളിച്ചെണ്ണയും സോപ്പും ഉള്‍പ്പെട 1000 രൂപ വിലവരുന്ന കിറ്റ് നല്‍കാനുള്ള നെട്ടോട്ടത്തിലാണ് സര്‍ക്കാര്‍.
കേന്ദ്രത്തില്‍ നിന്നും പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ ആ പണം എടുത്ത് വകമാറ്റി പലവ്യഞ്ജനം നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ കരുതിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണം എത്തിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. പലവ്യഞ്ജനം സൗജന്യമായി നല്‍കാമെന്ന വാഗ്ദാനം നടപ്പിലാക്കാന്‍ സര്‍ക്കാരിന് നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ നടക്കില്ല. ഇതോടെയാണ് കേന്ദ്രസഹായം ആവശ്യപ്പെട്ട് കത്ത് എഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: