ബെംഗളൂരു: കൊറോണ വൈറസ് അണുബാധ വ്യാപനം രാജ്യത്ത് മൂന്നാം ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനം ഇപ്പോഴും രണ്ടാം ഘട്ടത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ സമൂഹ വ്യാപനം നടന്നിട്ടില്ല. അടുത്ത ആഴ്ച അവസാനത്തോടെ മാത്രമേ സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന് പൂര്‍ണമായും അറിയാന്‍ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.
ഉത്തരവാദിത്വമുള്ള പൊതു പെരുമാറ്റത്തോടൊപ്പം ശരിയായ മെഡിക്കല്‍, സാമൂഹിക-സാമ്പത്തിക മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സമൂഹവ്യാപനം എന്ന മൂന്നാം ഘട്ടം ഒഴിവാക്കാന്‍ സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് കഴിയുമെന്ന് ദേശീയ ആരോഗ്യ മിഷന് അധികൃതര്‍ പറഞ്ഞു.
കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ഫലപ്രദമായ നടപടികള്‍ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടെങ്കിലും, അടുത്ത ആഴ്ച സംസ്ഥാനത്തിന് വളരെ നിര്‍ണായകമാണെന്ന് പകര്‍ച്ച വ്യാധി നിയന്ത്രണ വിഭാഗം സംസ്ഥാന ജോ. ഡയറക്ടര്‍ ഡോ. പ്രകാശ് കുമാര്‍ പറഞ്ഞു.
നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കില്‍ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും ദൃഢമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണിനോട് സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും സഹകരിച്ചാല്‍ രണ്ടാം ഘട്ടത്തില്‍ തന്നെ വൈറസ് വ്യാപനം തടയാമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതുവരെ വൈറസ് രോഗം സ്ഥിരീകരിച്ച ആരിലും തന്നെ സമൂഹ വ്യാപനം നടന്നതിന്റെ ലക്ഷങ്ങളില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: