പൂനെ: വലിയൊരു പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റിയ പെണ്‍കരുത്ത്. കുഞ്ഞിന് ജന്മം നല്കാന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ രാജ്യത്തിനായി സമയം മാറ്റി വച്ച മിനാല്‍ ദഖാവെ ഭോസ്ലെ, കൊറോണ പരിശോധന കിറ്റ് വികസിപ്പിക്കുന്നതിന് നേതൃത്വം നല്കിയ വനിതാ ഗവേഷക. കൊറോണ പരിശോധനയ്ക്കെടുക്കുന്ന സമയത്തെയാണ് മിനാലെയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ച് നിര്‍ത്തിയിരിക്കുന്നത്. നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് ഇതുവരെ പരിശോധനയ്ക്കായി വേണ്ടിയിരുന്നത്. എന്നാല്‍ ഇനി രണ്ട് മണിക്കൂറിനുള്ളില്‍ ഫലമറിയാം. ആറാഴ്ചകൊണ്ട് നിറവയറുമായാണ് മിനാല്‍ ലക്ഷ്യത്തിലെത്തിയത്. ആദ്യം പരിശോധന കിറ്റ് പിന്നീട് കുഞ്ഞ് എന്നായിരുന്നു മിനാലും പറഞ്ഞത്. ഗവേഷണം തുടങ്ങുന്നതിന് ദിവസങ്ങള്‍ മുന്‍പ് ഗര്‍ഭകാലത്തെ അസ്വസ്ഥതകളെ തുടര്‍ന്ന് മിനാല്‍ ആശുപത്രിയലായിരുന്നു. ആ അവസ്ഥയിലാണ് കിറ്റ് വികസിപ്പിച്ചെടുക്കുക എന്ന ചുമതലയേറ്റെടുത്തത്.
അടിയന്തര സാഹചര്യമായിരുന്നു അതെന്ന് മിനാല്‍ പറയുന്നു. ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. പദ്ധതി ലക്ഷ്യത്തിലെത്തിക്കാന്‍ കൂടെയുണ്ടായിരുന്ന എല്ലാവരും കഠിന പ്രയത്നമെടുത്തെന്നും മിനാല്‍ പറഞ്ഞു.
ഫെബ്രുവരിയിലാണ് ഗവേഷണം ആരംഭിച്ചത്. ആറാഴ്ചകള്‍ക്ക് ശേഷം മാര്‍ച്ച് 18ന് മിനാല്‍ പരിശോധനാ കിറ്റ് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമര്‍പ്പിച്ചു. അടുത്ത ദിവസം മിനാല്‍ പെണ്‍കുഞ്ഞിന് ജന്മവും നല്കി. പ്രസവത്തിന് മുമ്പ്, പരിശോധനാ കിറ്റിന് അംഗീകാരം ആവശ്യപ്പെട്ട് ഭക്ഷ്യ-മരുന്ന് അഡ്മിനിസ്ട്രേഷനിലും സെന്റര്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷനിലും മിനാല്‍ ഗവേഷണം സമര്‍പ്പിച്ചു.
സമയത്തിനെതിരെ ഓടുകയായിരുന്നു തങ്ങളെന്ന് പൂനയിലെ മൈലാബ് ലബോറട്ടറി ഡയറക്ടര്‍ ഡോ. ഗൗതം വാങ്കടെ പറഞ്ഞു. മിനാലാണ് മുന്നില്‍ നിന്ന് നയിച്ചത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സാംപിള്‍ ഉപയോഗിച്ച് പത്ത് തവണ പരിശോധിച്ചാല്‍. പത്തിനും ഒരേ ഫലമാകും ലഭിക്കുക. അത്രത്തോളം കൃത്യതയുള്ളതാണ് പരിശോധനാ കിറ്റുകളെന്ന് മിനാല്‍ അറിയിച്ചു.
മതിയായ പരിശോധന ഇന്ത്യ നടത്തുന്നില്ലെന്ന വിമര്‍ശമുയര്‍ന്നിരുന്നു. ഇതിന് വലിയൊരാശ്വാസമാണ് ഈ കിറ്റുകള്‍. ഒരാഴ്ച ഒരു ലക്ഷത്തിലധികം കിറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിയും. അടിയന്തര സാഹചര്യങ്ങളില്‍ രണ്ട് ലക്ഷം കിറ്റുകള്‍ വരെ ഉത്പാദിപ്പിക്കാമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച മുതല്‍ കിറ്റുകള്‍ വിപണിയിലെത്തിത്തുടങ്ങി. ഓരോ കിറ്റ് ഉപയോഗിച്ചും നൂറ് സാംപിളുകള്‍ പരിശോധിക്കാം. 1200 രൂപയാണ് ഒന്നിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: