കണ്ണൂർ:: രാജ്യം നേരിടുന്ന കോവിഡ് വെല്ലുവിളിയെ പ്രതിരോധിക്കാന്‍ സാമൂഹ്യ സേവനം നടത്താന്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത് നിരവധി പേരാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനത്തിന് ആള്‍ക്കാരെ കര്‍മ്മ നിരതരാക്കാനുള്ള പ്രവര്‍ത്തനത്തിന് ഒച്ചിന്റെ വേഗതയും.
സാമൂഹ്യ സന്നദ്ധ സേന രൂപീകരിച്ച് പരമാവധി ആള്‍ക്കാരുടെ സേവനം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുപ്രകാരം സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധം. കേരള വാളണ്ടിയേർസ് എന്ന പേരില്‍ ഒരു പോര്‍ട്ടലും സജ്ജീകരിച്ചിരുന്നു. ഈ പോര്‍ട്ടല്‍ മുഖേന സേവനസന്നദ്ധരായവര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിപ്പും ഉണ്ടായി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പലര്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാനായത്. ഇപ്പോഴും പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല.
സേവനം നടത്താന്‍ താല്പര്യമുള്ള മേഖലകള്‍ , പ്രദേശം എന്നിവ തെരഞ്ഞെടുത്ത് അപേക്ഷ കൊടുത്ത ശേഷം എല്ലാവരും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. സേവന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ആധികാരികമായി അറിയിപ്പ് ലഭിക്കണല്ലോ എന്ന് ചിന്തിച്ച് നിര്‍ദ്ദിഷ്ട പോര്‍ട്ടലില്‍ കയറി സന്നദ്ധ പ്രവര്‍ത്തകരുടെ പട്ടിക പരിശോധിക്കുമ്പോഴാണ് എല്ലാവരും നിരാശരാകുന്നത്. സന്നദ്ധ പ്രവര്‍ത്തകരുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണെന്ന അറിയിപ്പാണ് സ്‌ക്രീനില്‍ തെളിഞ്ഞു വരിക. ഇങ്ങനെ കാണിക്കാന്‍ തുടങ്ങിയിട്ടും ഏറെ ദിവസങ്ങളായി.
കേന്ദ്രീകൃത സംവിധാനത്തില്‍ അപേക്ഷ സ്വീകരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നൽകി പഞ്ചായത്ത് അധികൃതര്‍ സേവനത്തിനായി വിളിക്കും എന്ന പ്രതീക്ഷയിലായിരുന്നു ചിലര്‍. അപേക്ഷയില്‍ ഫോണ്‍ നമ്പറും ഇ-മെയില്‍ അഡ്രസ്സും കൊടുത്തിരുന്നെങ്കിലും ഒരു വിവരവും ആര്‍ക്കും ലഭിക്കുന്നില്ലത്രെ. അനാവശ്യമായി പുറത്തിറങ്ങിയാല്‍ ചില പോലീസ് ഓഫീസര്‍മാരെങ്കിലും കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനാല്‍ സേവന രംഗത്തേക്ക് കടന്നു വരാന്‍ മിക്കവരും മടി കാണിക്കുകയാണ്.
സര്‍ക്കാര്‍ തയ്യാറാക്കുന്ന പദ്ധതിക്കൊപ്പം നിന്ന് സര്‍ക്കാര്‍ സംവിധാനത്തെ സഹായിക്കാന്‍ തയ്യാറായി അപേക്ഷ സമര്‍പ്പിച്ചവര്‍ എത്രനാള്‍ കാത്തു നിൽക്കേണ്ടവരുമെന്നറിയില്ലെന്ന് അപേക്ഷ സമര്‍പ്പിച്ചവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: