കണ്ണൂര്‍: കൊറോണ വ്യാപകമാകുന്നത് തടയാനും രോഗികളെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനും ആരോഗ്യവകുപ്പ് ആരംഭിച്ച കെയര്‍ സെന്ററുകള്‍ യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജീവനക്കാരുടെ പരാതി.സുരക്ഷാ സംവിധാനങ്ങളില്ലാതെ കൊവിഡ് 19 കെയര്‍ സെന്റര്‍. ആരോഗ്യവകുപ്പിന്റെ തട്ടിക്കൂട്ടല്‍ കെയര്‍ സെന്ററുകള്‍ കാരണം ഭീതിയോടെയാണ് നഴ്സുമാരടക്കമുള്ളവര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.
രോഗികളെ ശ്രുശൂഷിക്കുന്ന തങ്ങള്‍ ജോലി ചെയ്യുന്നത് മരണത്തെ മുമ്പില്‍ കണ്ടുകൊണ്ടാണെന്ന് ജീവനക്കാര്‍ പറയുന്നു. യാതൊരു മുന്നൊരുക്കവുമില്ലാതെ ആരോഗ്യ വകുപ്പ് കൊവിഡ് 19 കെയര്‍ സെന്ററുകള്‍ തട്ടിക്കൂട്ടിയതു കാരണം കൃത്യമായി ഭക്ഷണം പോലും കിട്ടാതെ നഴ്സുമാര്‍ ഉള്‍പ്പെടെയുളളവര്‍ വലയുകയാണ്. കൊവിഡ് രോഗികളുടേയും നിരീക്ഷണത്തിലുളളവരുടേയും എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതുതായി ആശുപത്രികളേറ്റടുത്ത് കൊവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ യാതൊരു മുന്നൊരുക്കവുമില്ലാതെയായിരുന്നു ഈ തീരുമാനങ്ങലെന്നാണ് ഇവിടങ്ങളില്‍ നിയമിക്കപ്പെട്ട ജീനക്കാരുടെ പരാതി. ഇത്തരം സെന്ററുകളില്‍ കോവിഡ് വ്യാപാകമായ വിദേശ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തുന്നതു പോലെ യാതൊരുവിധ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന പരാതി വ്യാപകമാണ്.
കണ്ണരില്‍ പുതുതായി തുടങ്ങിയ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയ അഞ്ച് നഴ്സുമാര്‍ ഇപ്പോള്‍ ജീവന് തന്നെ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ്. ഇവിടെ നിലവില്‍ 15 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ എട്ടു പേര് കൊവിഡ് രോഗബാധയുള്ളവരും മറ്റുള്ള ഏഴു പേര് രോഗലക്ഷണങ്ങളുള്ളതിനാല്‍ നിരീക്ഷണത്തിലുള്ളവരുമാണ്. എന്നാല്‍ ഇവരെ ശുശ്രൂഷിക്കാനായി ആരോഗ്യ വകുപ്പ് 5 നഴ്സുമാരെ മാത്രമാണ് നിയോഗിച്ചതെന്നും ഇത് വളരെ കുറവാണെന്നും കൂടുതല്‍ പേരെ നിയമിക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.
കണ്ണൂരില്‍ നിന്നും പലപ്പോഴായി വന്നു പോകുന്ന ഡോക്ടര്‍മാരാണ് ഇവിടെയുളളത്. സ്ഥിരം ഡോക്ടര്‍മാരില്ല. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ രോഗികളെ പരിപൂര്‍ണമായും ഒഴിപ്പിച്ചാണ് അഞ്ചരക്കണ്ടിയില്‍ കൊവിഡ് 19 ട്രീറ്റ്മെന്റ് സെന്റര്‍ തുടങ്ങിയത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ആശുപത്രിയിലെ അഞ്ചാം നിലയില്‍ ഐസോലഷന്‍ വാര്‍ഡ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ മൂന്നാം നിലയിലാണ് നഴ്സുമാര്‍ കഴിയുന്നത്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഒന്നും ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടില്ല. വെറും കൈയ്യുറയും മുഖാവരണവും മാത്രമേയുള്ളൂ. മാത്രമല്ല, കൃത്യസമയത്ത് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. വളരെ ധ്യതി പിടിച്ചാണ് കൊവിഡ് കെയര്‍ ട്രീറ്റ്മെന്റ് സെന്റുണ്ടാക്കാന് അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
നേരത്തെ ജീവനക്കാരുടെ സമരം കാരണം ആശുപത്രി അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എട്ടു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഞ്ചരക്കണ്ടിയിലെ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഇനിയും രോഗികള്‍ വരുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഇവിടേക്ക് കൂടുതല്‍ നഴ്സുമാരെ നിയോഗിക്കുകയും അവര്‍ക്ക് മറ്റിടങ്ങളില്‍ ഏര്‍പ്പെടുത്തിയതു പോലെ കെവിഡ് പ്രൊട്ടക്ഷന്‍ കിറ്റുകള്‍ നല്‍കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. തുടര്‍ച്ചയായി 14 ദിവസമാണ് ഇവിടെ താമസിച്ച് ജോലി ചെയ്യേണ്ടി വരുന്നത്. ഇതു കാരണം കടുത്ത മാനസിക സംഘര്‍ഷത്തിലാണ് നഴ്സുമാര്‍ ഉള്‍പ്പെടെയുളള ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ പോലും ആരും തയാറല്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്. സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നാട്ടിലെ കൊവിഡ് 19 കെയര്‍ സെന്ററിന്റെ അവസ്ഥ പൊതു ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: