ഭാരതീയ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത് അലക്സാണ്ടര്‍ കണ്ണിങ്ഹാം ആണെങ്കില്‍ ഭാരതീയ ഗുഹാചിത്ര ഗവേഷണങ്ങളുടെ (School of Rock Art in India) പിതാമഹന് എന്നറിയപ്പെടുന്നത് ഡോ. വി.എസ്. വാക്കണ്‍കര്‍ ആണ്. 1861ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്ന സ്ഥാപനം ബ്രിട്ടീഷ് സര്‍ക്കാരിന് കീഴില്‍ സ്ഥാപിക്കപ്പെടുന്നത്. സര് ജോണ്‍ മാര്‍ഷലിന്റെ നേതൃത്വത്തില്‍ സിന്ധുനദീതട സംസ്കാരത്തിന്റെ കണ്ടെത്തലും മറ്റും നടക്കുന്നതോടെയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ലോക ശ്രദ്ധ നേടുന്നത്. ബ്രിട്ടീഷുകാര്‍ അവരുടെ ഭരണസൗകര്യത്തിനുതകും വിധം ഭാരതീയ ചരിത്രം മാറ്റിയെഴുതുകയെന്ന ഉദ്ദേശത്തോടെയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സ്ഥാപിച്ചതെങ്കിലും ഇന്ന് കാണുന്ന രീതിയിലുള്ള ഭാരതചരിത്ര നിര്‍മ്മിതിക്ക് അത് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നിരവധി പുരാവസ്തു ഗവേഷകരെ ഈ സ്ഥാപനത്തിന് ചരിത്രലോകത്തിന് സംഭാവന നല്കാന് സാധിച്ചിട്ടുണ്ട്. അത്തരത്തില്‍ ഭാരതത്തില്‍ ജനിച്ച് ലോകപ്രശസ്തനായിത്തീര്‍ന്ന പുരാവസ്തു ഗവേഷകനായിരുന്നു ഡോ. വിഷ്ണു ശ്രീധര്‍ വാക്കണ്‍കര്‍ എന്ന വി.എസ്. വാക്കണ്‍കര്‍.
മധ്യപ്രദേശിലെ ഭോപ്പാലിനടത്തുള്ള ഭീം ഭേട്കയിലെ ഗുഹാചിത്രങ്ങളുടെ കണ്ടെത്തലാണ് വി.എസ്. വാക്കണ്‍കറുടെ പ്രധാന സംഭാവനകളിലൊന്ന്. ആദിമ ശിലായുഗ മനുഷ്യന്റെ വാസകേന്ദ്രം എന്ന നിലയിലാണ് ഭീം ഭേട്ക ചരിത്രത്തിലിടം നേടുന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ഡബ്ല്യു. കിന്കായിഡ് ആണ് 1888ല്‍ പ്രദേശവാസികളുടെ സഹായത്തോടെ കണ്ടെത്തുന്നതെങ്കിലും ആദ്യ പുരാവസ്തു ഗവേഷണം നടത്തുന്നത് വി.എസ്. വാക്കണ്‍കര്‍ ആണ്. പത്തു കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന ഏഴ് മലകളിലായി 750ലധികം ഗുഹാവാസകേന്ദ്രങ്ങളാണുളളത്. ഇവയില്‍ ചില ഗുഹാവാസ കേന്ദ്രങ്ങളില്‍ ഒരു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ മനുഷ്യവാസമുണ്ടായിരുന്നു എന്നാണ് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍. മനുഷ്യചരിത്രത്തിലെ സാംസ്കാരിക വികാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലെന്ന നിലയിലാണ് ഭീം ഭേട്കയിലെ ഗുഹാചിത്രങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ഈ ഗുഹാചിത്രങ്ങള്‍ക്ക് പതിനായിരം വര്‍ഷം പഴക്കം പറയപ്പെടുന്നു. അതായത് ബി.സി.ഇ. എണ്ണായിരത്തില്‍ രചിക്കപ്പെട്ടവയാണ് ഈ ചിത്രങ്ങള്‍ എന്നാണ് പുരാവസ്തു വകുപ്പ് സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇതേവരെ കണ്ടെത്തിയവയില്‍ ഏറ്റവും പഴക്കമേറിയ ഗുഹാചിത്രങ്ങളാണിവ. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നാലാമത്തെ ഡയറക്ടര്‍ ജനറലായിരുന്ന ലോകപ്രശസ്ത പുരാവസ്തു ഗവേഷകന് ഡോ. മോര്‍ട്ടിമര്‍ വീലറോടൊപ്പം പുരാവസ്തു ഗവേഷണ രംഗത്ത് ശ്രദ്ധേയമായ കണ്ടെത്തലുകള്‍ നടത്തിയ ഗവേഷകനായിരുന്നു വി.എസ്. വാക്കണ്‍കര്‍.
ഇന്ത്യയില്‍ പലയിടങ്ങളിലായി നാലായിരത്തില്‍പ്പരം ഗുഹാചിത്രങ്ങള്‍ വാക്കണ്‍കര്‍ കണ്ടെത്തി. ഇന്ത്യയില്‍ മാത്രമല്ല ബ്രിട്ടന്, ഓസ്ട്രേലിയ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്പെയിന്, ഗ്രീസ്, മെക്സിക്കോ, ഈജിപ്ത്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം ഗവേഷണങ്ങള്‍ നടത്തുകയും ഗുഹാചിത്രങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ട്. ഡോ. സുരേന്ദ്രകുമാര്‍ ആര്യ, ഡോ. ദല്‍ജിത് കൗര്‍, ഡോ. ഗിരീഷ് ചന്ദ്ര, ഡോ. നാരായണ്‍ വ്യാസ്, ഡോ. ജിതേന്ദ്രദത്ത ത്രിപാഠി, ലോഥര്‍ ബാങ്കെ, റോബര്‍ട്ട് ബ്രൂക്ക്സ് തുടങ്ങിയവരായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സഹ പ്രവര്‍ത്തകര്‍. കണ്ടെത്തിയ ഗുഹാചിത്രങ്ങളുടെ പകര്‍പ്പുകള്‍ സ്വന്തം കൈപ്പടയാല്‍ തയ്യാറാക്കുകയെന്നതും വാക്കണ്‍കര്‍ നിര്‍വ്വഹിച്ചിരുന്നു. അത്തരത്തില്‍ ഏഴായിരത്തി അഞ്ഞൂറോളം ചിത്രങ്ങളുടെ ശേഖരം അദ്ദേഹത്തിന്റെതായുണ്ട്. അവയില്‍ നാലായിരത്തോളം ചിത്രങ്ങള്‍ വാക്കണ്‍കറുടെ സ്വന്തം കണ്ടെത്തലുകളായിരുന്നു.
ഭാരതീയ കലകളില്‍ പ്രധാനമായും ചിത്രകലയിലും നാട്യകലയിലും വളരെയധികം തത്പരനായിരുന്ന വാക്കണ്‍കര്‍ ഈ കണ്ടെത്തലുകളിലൂടെ ഭാരതീയ സംസ്കാരത്തിന്റെ അടിവേരുകള്‍ ഈ കലാരൂപങ്ങളിലാണെന്ന് സ്ഥാപിക്കുന്നു. ലോകത്തെ പ്രധാനപ്പെട്ട ആദിമശിലായുഗ മനുഷ്യവാസ കേന്ദ്രങ്ങളുടെ കണ്ടെത്തലുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭീം ഭേട്കയിലെത്. ഭാരതീയ ചിത്രകലയുടെ ചരിത്രം ഭീം ഭേട്ക മുതല്‍ ആരംഭിക്കുന്നു എന്നാണ് വാക്കണ്‍കര്‍ രേഖപ്പെടുത്തുന്നത്. ഭാരതീയ കലാസാസംസ്കാരിക പൈതൃകം സംരക്ഷിക്കപ്പെടണമെന്ന താത്പര്യമാണ് സംസ്കാര്‍ ഭാരതി എന്ന സംഘടനയുടെ രൂപീകരണത്തിന് കാരണമായത്. സംസ്കാര്‍ ഭാരതിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. കേരളത്തിലെ കലാസാസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായ തപസ്യ കലാസാംസ്കാരിക വേദിയുടെ അഖിലഭാരതീയ രൂപമാണ് സംസ്കാര്‍ ഭാരതി.
പുരാവസ്തു ഗവേഷണത്തോടൊപ്പം ഭാരതീയ സംസ്കൃതിയുടെ സംരക്ഷണത്തിനായുള്ള സംഘടനാ പ്രവര്‍ത്തനത്തിലും വി.എസ്. വാക്കണ്‍കര്‍ സജീവമായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മധ്യപ്രദേശില്‍ ബൗദ്ധിക് പ്രമുഖ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഭാരതീയ ബൗദ്ധിക മേഖലയില്‍ വൈദേശിക ആശയങ്ങളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കുന്നതിനും ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച് ഭാരതം സ്വതന്ത്രമായതിനു ശേഷം ജവഹര്‍ലാല്‍ നെഹ്റുവിന്റെ അനുഗ്രഹാശിസ്സുകളോടെ സോവിയറ്റ് റഷ്യയുടെ പിന്തുണയില്‍ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര് നടത്തിയ ചരിത്രത്തിന്റെ അപനിര്‍മ്മിതിയെ പ്രതിരോധിക്കുന്നതിലും വാക്കണ്‍കറുടെ കണ്ടെത്തലുകള്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ചരിത്രഗവേഷണരംഗത്തെ നിസ്തുല സംഭാവനകള്‍ കണക്കിലെടുത്ത് 1975ല്‍ രാഷ്ട്രം അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചു.
1954ല്‍ മാഹേശ്വര്, 1955ല്‍ നവാഢ ടോലി, 1960ല്‍ മാനോഡി, ആവാര, 1974ലും 76ലുമായി മാന്ഡേശ്വര്, ആസാദ് നഗര്‍, 1974 മുതല്‍ 82 വരെ ദംഗേവാഡ, 1961ല്‍ ഇംഗ്ലണ്ടിലെ വാര്കോണിയം റോമന്‍ സൈറ്റ്, 1962ല്‍ ഫ്രാന്‍സിലെ ഇന്കോല്ലേവ് തുടങ്ങിയ സ്ഥലങ്ങളിലെ വി.എസ്. വാക്കങ്കറുടെ ഉദ്ഘനനങ്ങളും കണ്ടെത്തലുകളും പ്രധാനമാണ്. നാണയ പഠനത്തിലും വാക്കണ്‍കറുടെ സംഭാവനകള്‍ അവിസ്മരണീയമാണ്. ബി.സി.ഇ. അഞ്ചാം നൂറ്റാണ്ടുമുതല്‍ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന അയ്യായിരത്തിയഞ്ഞൂറോളം നാണയങ്ങള്‍ അദ്ദേഹം ശേഖരിക്കുകയും പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. തന്റെ 68 വര്‍ഷക്കാലത്തെ ജീവിത കാലയളവില്‍ വാക്കങ്കര്‍ ശേഖരിച്ച ഗുഹാചിത്രങ്ങളുടെ പകര്‍പ്പുകളും നാണയങ്ങളും മറ്റ് രേഖകളും ഇപ്പോള്‍ വാക്കണ്‍കര്‍ ശോധ് സംസ്ഥാന് എന്ന സ്ഥാപനത്തിന്റെ സംരക്ഷണയിലാണ്. 1919 മെയ് നാലിന് മധ്യപ്രദേശിലെ നീമച്ചില്‍ ആണ് വിഷ്ണു ശ്രീധര്‍ വാക്കണ്‍കര്‍ ജനിച്ചത്. 1988 ഏപ്രില്‍ 3ന് സിംഗപ്പൂരില്‍ ആയിരുന്നു മരണം. തന്റെ ജീവിതം രാഷ്ട്രത്തിനായി സമര്‍പ്പിച്ച ആ മഹാമനീഷി ഭാരതീയ ചരിത്രരചനയിലും ഗവേഷണത്തിലും നല്കിയ സംഭാവനകള്‍ സൂര്യശോഭയാര്ന്നതാണ്.
മാര്‍ച്ച് 29നായിരുന്നു ഡോ. വി.എസ്. വാക്കണ്‍കറുടെ ജന്മശതാബ്ദി ആഘോഷം. ചരിത്രഗവേഷണയാത്ര, അനുസ്മരണയോഗങ്ങള്‍, ചരിത്രകാര സംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ കേരളത്തില്‍ ഇതിനകം നടന്നുകഴിഞ്ഞു. വാക്കണ്‍കറുടെ ജീവചരിത്രവും അദ്ദേഹത്തിന്റെ വിവിധമേഖലകളിലെ പ്രധാന കണ്ടെത്തലുകളും സംഭാവനകളും മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഡോ. വി.എസ്. വാകണ്കര് – കര്‍മ്മയോഗിയായ ചരിത്രകാരന് എന്നപേരില്‍ ഒരു പുസ്തകവും തപസ്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരുണ്‍കുമാര്‍ കെ.എസ്. ആണ് ആ പുസ്തകത്തിന്റെ രചന നിര്‍വ്വഹിച്ചത്.
ഭാരതീയ ചരിത്രം അക്കാദമികതലത്തില്‍ ഇടതുപക്ഷ ചരിത്രകാരന്മാരുടെ നേതൃത്വത്തില്‍ അപനിര്‍മ്മിക്കുകയും പുതുതലമുറയുടെ മുന്നില്‍ അപഹാസ്യമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്യപ്പെടുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഡോ. വി.എസ്. വാക്കണ്‍കറുടെ ചരിത്ര ഗവേഷണങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഊഹങ്ങളുടെയും അനുമാനങ്ങളുടെയും ബലത്തിലല്ലാതെ യഥാര്‍ത്ഥ പുരാവസ്തു തെളിവുകളുടെ അടിസ്ഥാനത്തില്‍ ചരിത്രം പുനര്‍ രചിക്കപ്പെടേണ്ടതിന്റെയും ചരിത്രത്തിലേക്കുള്ള കടന്നുകയറ്റങ്ങളെ പ്രതിരോധിക്കേണ്ടതിന്റെയും പ്രാധാന്യം നമ്മെ ഓര്‍മ്മിപ്പിക്കുകയും അത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നതിന് നമ്മോട് ആഹ്വാനം ചെയ്യുകയുമാണ് ഡോ. വി.എസ്. വാക്കണ്‍കറുടെ കണ്ടെത്തലുകള്‍. അയോധ്യക്കേസില്‍ സുപ്രീം കോടതി നടത്തിയ സുപ്രധാനമായ വിധി പ്രഖ്യാപനം പുരാവസ്തു ശാസ്ത്രത്തിനുള്ള പ്രാമുഖ്യം വ്യക്തമാക്കുന്നുണ്ട്. അമൂര്‍ത്തമായ ഏതെങ്കിലും ചരിത്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലല്ല, പുരാവസ്തു ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ രാമജന്മഭൂമി ജനതയ്ക്ക് അവകാശപ്പെട്ടതാണെന്ന് ഐതിഹാസികമായ തീരുമാനത്തില്‍ പരമോന്നത നീതിപീഠം ചെന്നെത്തിയത്. ജനതയുടെ സാമൂഹിക ജീവിതത്തില്‍ പുരാവസ്തു ശാസ്ത്രവും അത് മുന്നോട്ടുവക്കുന്ന അനിഷേധ്യമായ തെളിവുകളും നിര്‍ണായകമാണെന്ന് ചുരുക്കും.
(ഡോ. വാക്കണ്‍കര്‍ജി ജന്മശതാബ്ദി ആഘോഷസമിതി സംയോജകനാണ്
ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: