കാന്‍ബറ: കൊറോണ ബോധവത്കരണത്തിന്റെ പരസ്യങ്ങള്‍ എല്ലാവര്ക്കും പരിചിതമാണിപ്പോള്‍. ദിവസവും പുതിയ പുതിയ പരസ്യങ്ങളാണ് സമൂഹത്തിലെത്തുന്നത്. എല്ലാത്തിന്റെയും ഉള്ളടക്കം ഒന്നു തന്നെ. കൈകള്‍ വൃത്തിയാക്കാതെ മുഖത്ത് തൊടാന്‍ പാടില്ല… പ്രത്യേകിച്ച് വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളില്‍. എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. കാരണം വൈറസ് ശരീരത്തിലേക്കെത്തുന്നത് ഈ ഭാഗങ്ങളില്‍ കൂടിയാണ്.
കേള്‍ക്കുമ്പോള്‍ എന്തെളുപ്പം. ഇതത്ര വല്യ പ്രശ്നമല്ലെന്നാണ് എല്ലാവരുടെയും വിചാരം. പക്ഷേ പറയുന്നതുപോലെ അത്ര എളുപ്പമൊന്നുമല്ല ഇതെന്ന് പഠനങ്ങള്‍ പറയുന്നു. ഓരോ ഇരുപത് മിനിറ്റിലും ഇരുപത് സെക്കന്‍ഡ് സമയമെടുത്ത് കൈകള്‍ വൃത്തിയാക്കണമെന്നാണ് നിര്‍ദേശം. അതായത് മണിക്കൂറില്‍ മൂന്ന് തവണ. എന്നാല്‍, ആ ഒരു മണക്കൂറില്‍ 23 തവണയാണ് ഒരാള്‍ മുഖത്ത് സ്പര്‍ശിക്കുന്നതെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ വിശ്വസിക്കാന്‍ കഴിയില്ല. സത്യമതാണ്.
ഓസ്ട്രേലിയയിലെ ഒരു ആരോഗ്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് 2015ലെ ഈ പഠനം ശ്രദ്ധേയമാകുന്നത്. 26 മെഡിക്കല്‍ വിദ്യാര്‍ഥികളെ നിരീക്ഷിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഒരു മണിക്കൂറില്‍ 23 തവണയാണ് അവര്‍ മുഖത്ത് കൈകൊണ്ട് തൊടുന്നത്. അതില്‍ പകുതിയും വായിലും, കണ്ണിലും മൂക്കിലും തന്നെ.
2014ല്‍ ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥരിലും പഠനം നടത്തിയിരുന്നു. അവരിലൊരാള്‍ ദിവസം 19 തവണ മുഖത്ത് കൈകളെത്തിക്കുന്നതായി കണ്ടെത്തി. രണ്ട് മണിക്കൂറത്തെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് റിപ്പോര്‍ട്ട് തയാറാക്കിയത്.
എന്നാല്‍, 2008ല്‍ ചില ഉദ്യോഗസ്ഥരില്‍ നടത്തിയ പഠനത്തില്‍ ഇത് പതിനാറ് തവണയായിരുന്നു. ഉദ്യോഗസ്ഥര്‍ ഓഫീസിലിരിക്കുമ്പോഴുള്ള മൂന്ന് മണിക്കൂറായിരുന്നു നിരീക്ഷണം. ശരാശരി 16 തവണ അവര്‍ മുഖത്ത് സ്പര്‍ശിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: