കാസര്‍കോട്: കാബൂളിലെ ഗുരുദ്വാരയില്‍ ഭീകരാക്രമണത്തിന് നേതൃത്വം നല്കിയ തൃക്കരിപ്പൂര്‍ വടക്കേകൊവ്വല്‍ സ്വദേശി മുഹമ്മദ് മൊഹ്സിന്‍ രണ്ടുവര്‍ഷം മുമ്പാണ് നാട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ നാടുവിടുമ്പോള്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു. ദുബായിലെത്തിയ ഇയാള്‍ പിന്നീട് സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളിലെത്തി താമസിച്ചു. വീണ്ടും ദുബായിലേക്ക് തിരിച്ചുപോയി. മാസങ്ങളായി മൊഹ്സിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും ഐഎസില്‍ ചേര്‍ന്നതിനെക്കുറിച്ച് അറിയില്ലെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. ഇതിനിടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 18ന് ഇയാള്‍ കൊല്ലപ്പെട്ടെന്ന് വ്യാജവാര്‍ത്തയും പരന്നിരുന്നു.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് മൂന്ന് ഐഎസ് ഭീകരര്‍ ഗുരുദ്വാരയില്‍ ആക്രമണം നടത്തിയത്. ആറുമണിക്കൂര്‍ ഏറ്റുമുട്ടലിനുശേഷം അഫ്ഗാന് സുരക്ഷാസേന ഭീകരരെ വധിച്ച് എണ്‍പതോളം ബന്ദികളെ മോചിപ്പിച്ചിരുന്നു. ചാവേര്‍ ആക്രമണം നടത്തിയവരില്‍ ഒരാളായ മുഹമ്മദ് മൊഹ്സിന്റെ വിശദാംശങ്ങള്‍ തേടി ഭീകരവിരുദ്ധ സ്ക്വാഡ് തൃക്കരിപ്പൂരിലെത്തി.
ഡിഐജി അനൂപ് കുരുവിള ജോണിന്റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു. വീട്ടില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് മൊഹ്സിന്റെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ കണ്ടെത്താന്‍ കഴിഞ്ഞതായാണ് വിവരം. നേരത്തെ തൃക്കരിപ്പൂര്‍ പടന്ന ഭാഗത്ത് നിന്ന് സ്ത്രീകളുള്‍പ്പെടെ നിരവധിപേര്‍ ഇസ്ലാമിക ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: