ശൈവമതത്തിന്റെ ശക്തികേന്ദ്രമായിരുന്ന തിരുവണ്ണാമലയിലാണ് ഭക്തകവിയും സംഗീതജ്ഞനുമായ അരുണഗിരിനാഥര്‍ ജനിച്ചത്. അദ്ദേഹമൊരു സുബ്രഹ്മണ്യസ്വാമി ഭക്തനായിരുന്നു. ഭക്തിയോടൊപ്പം ലൗകിക വിഷയങ്ങളിലും താല്‍പര്യമുള്ളയാള്‍.
അരുണഗിരിനാഥര്‍ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. അതുകൊണ്ടുതന്നെ ഇഷ്ടാനുസരണം ധനവിനിയോഗം ചെയ്യുവാനുള്ള അവസരം ലഭിച്ചപ്പോള്‍ അത് സുഖലോലുപ ജീവിതം നയിക്കുവാനായി ഉപയോഗിച്ചു. കാലക്രമേണ അത് അദ്ദേഹത്തെ വഴിവിട്ട സഞ്ചാരത്തിലേക്ക് നയിക്കുകയും സമ്പത്തെല്ലാം നശിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത് ഗോപുരമുകളില്‍നിന്നും ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച അദ്ദേഹത്തെ സുബ്രഹ്മണ്യസ്വാമി കൈത്തലങ്ങളില്‍ താങ്ങി രക്ഷിച്ച്, അദ്ദേഹത്തിന്റെ നാവില്‍ ഷഡാക്ഷരമന്ത്രം എഴുതിയെന്ന് ഐതിഹ്യമുണ്ട്. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ജീവിതം ഭക്തിനിര്‍ഭരമായ കവിതകളും സ്തുതികളും കൊണ്ട് സംഗീതധന്യമാക്കപ്പെട്ടു.
ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലാണ് അദ്ദേഹം വളര്‍ന്നത്. കുറേക്കാലം അത് മൂടിവെക്കപ്പെട്ടുവെങ്കിലും പിന്നീടുള്ള ജീവിതം ഭക്തിപൂര്‍ണമായിരുന്നു. വിദ്യാഭ്യാസം, സംഗീതം, സാഹിത്യം എന്നിവയിലെല്ലാം പ്രാഗല്‍ഭ്യം നേടി. ഋഷി, യോഗി, സിദ്ധന്‍, കാവ്യകൃത്ത്, ഗാനകൃത്ത് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. സുഖലോലുപതയില്‍ നിന്നും മുക്തനായ ശേഷം അരുണഗിരിനാഥര്‍ ഭക്തനും, സംന്യാസിയുമായിത്തീര്‍ന്നു. തുടര്‍ന്ന് ഭാരതത്തിലും, ലങ്കയിലും ഉള്ള എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. തിരികെയെത്തി, ധാരാളം ശിഷ്യന്മാരെയും ഭക്തജനങ്ങളെയും നേടുവാന്‍ അദ്ദേഹത്തിന് സാധിച്ചു. സുബ്രഹ്മണ്യസ്വാമിയുടെ ദിവ്യാപദാനങ്ങളും, ഭക്തിഗീതങ്ങളും രചിക്കുകയും പാടുകയും ശിഷ്യന്മാരെ അഭ്യസിപ്പിക്കുകയും ചെയ്തു. ‘തിരുപ്പുഗഴ്’ ഗാനങ്ങളില്‍ കൂടി അദ്ദേഹം വേദാന്തതത്വങ്ങള്‍ പ്രചരിപ്പിച്ചു. തിരുപ്പുഗഴ് എന്നാല്‍ ദിവ്യകീര്‍ത്തനങ്ങള്‍ എന്നര്‍ഥം.ദിവ്യകീര്‍ത്തനങ്ങള്‍ എന്നാല്‍ ഈശ്വരനെകുറിച്ചുള്ള പുകഴ്‌ത്തലുകള്‍. 16000 തിരുപ്പുഗഴ്പ്പാട്ടുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. അവയില്‍ ഏകദേശം 1300 എണ്ണം മാത്രമാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. 475000 ഗാനങ്ങളും രചിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ താന്‍ ചെയ്തുപോയ പാപങ്ങളെകുറിച്ചുള്ള പശ്ചാത്താപവും ഭഗവാന്റെ അളവറ്റ ഭക്തിവാത്സല്യത്തെ ചൊല്ലിയുള്ള കൃതജ്ഞതയും വിവരിച്ചിട്ടുണ്ട്. പലഗാനങ്ങളുടെയും പൂര്‍വഭാഗം തന്റെ പാപചര്യയും ഉത്തരഭാഗം ഭഗവാന്റെ വര്‍ണനയുമാണ്.. അദ്ദേഹത്തിന്റെ ഗാനങ്ങള്‍മിക്കതും ലളിതമല്ലാത്ത വൃത്തങ്ങളിലും താളങ്ങളിലുമാണ് സൃഷ്ടിച്ചിരിക്കുന്നത്. 108 താളങ്ങള്‍ അദ്ദേഹത്തിന്റെ തിരുപ്പുകഴ്കളില്‍ കാണാം. ഒരു തിരുപ്പുഗഴ് എങ്കിലും ഇല്ലാത്ത ഒരു പാട്ടുകച്ചേരിയും ഉണ്ടാകാറില്ല. കച്ചേരിക്ക് വൈവിധ്യം നല്‍കുവാന്‍ തിരുപ്പുഗഴ് വളരെ സഹായിക്കും.
സുബ്രഹ്മണ്യ സ്വാമിയെ മുരുകന്‍ എന്ന നിലയിലാണ് അരുണ ഗിരിനാഥര്‍ ആരാധിച്ചിരുന്നത്. മുരുകന്‍ പരമോന്നതനായ ഈശ്വരന്‍ തന്നെയാണ്. ഹിന്ദുമതാനുസാരിയായ മുരുകാരാധന ആദിശങ്കരന്റെ ഷണ്‍മതങ്ങളില്‍ ഒന്നായിരുന്നു. അരുണ ഗിരിനാഥരുടെ തിരുപ്പുഗഴുകളിലൂടെ അതിനു കൂടുതല്‍ പ്രചാരം ലഭിച്ചിരുന്നു. മുരുകനോടുള്ള അടങ്ങാത്ത ഭക്തി കൊണ്ട് അദ്ദേഹം ഒരു മഹായോഗിയായി തീരുകയായിരുന്നു.
ഹംസാനന്ദി രാഗത്തില്‍ ഖണ്ട ചാപ്പ് താളത്തിലുള്ള ‘ഏറു മയിലേറി വിളയാടും’ (തിരുപ്പുഗഴ്), വാസന്തി രാഗത്തില്‍ ആദിതാളത്തിലുള്ള രാഗം ‘മയില്‍മീത് വിളയാടും വടിവേലനേ…’ എന്നീകീര്‍ത്തനങ്ങള്‍ പ്രശസ്തങ്ങളാണ്.
(നാളെ: ക്ഷേത്രജ്ഞന്‍,
പദങ്ങളുടെ പിതാവ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: