മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ഗായകനാണ് ഗണേഷ് സുന്ദരം. ദക്ഷിണേന്ത്യന്‍ സംഗീത ലോകം അദ്ദേഹത്തിന്റെ ശബ്ദത്തെ ഇന്ന് ഏറ്റെടുത്ത് കഴിഞ്ഞു. വീട്ടിലേക്കുള്ള ഗേറ്റ് മുതല്‍ കേള്‍ക്കാം തമ്പുരുവിന്റെ ശ്രുതി. വീടിനകത്തായും സംഗീതം തളം കെട്ടി നില്ക്കുന്ന അന്തരീക്ഷവും ചിത്രങ്ങളും പുരസ്കാരങ്ങളും. കാല് നൂറ്റാണ്ട് കാലത്തെ ഗണേഷ് സുന്ദരത്തിന്റെ സംഗീത വഴികള്‍ കൃത്യമായി മനസ്സിലാക്കി തരുന്നതാണ് ഈ ട്രോഫികളും പ്രശസ്തി പത്രങ്ങളും.
25 വര്‍ഷമായി സിനിമയിലും ആല്‍ബങ്ങളിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഗണേഷ് സുന്ദരത്തിനായിട്ടുണ്ട്. ഇന്നും നമ്മള് മുളി നടക്കുന്ന ‘വയലിന്’ സിനിമയിലെ ‘ഹിമകണമണിയുമീ… എന്ന പാട്ടിലൂടെയാണ് പിന്നണി ഗാന രംഗത്ത് ശ്രദ്ധേയനായത്. പിന്നീട് ‘വെള്ളിമൂങ്ങ’യിലെ ‘പുഞ്ചിരികണ്ണുള്ള പെണ്ണല്ലേ…’ തുടങ്ങി ഒരുപിടി ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. തന്റെ പാട്ടുകള്‍ ഹിറ്റായെങ്കിലും അംഗീകാരങ്ങള്‍ കൂടുതലും ലഭിച്ചത് സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും അഭിനയിച്ച കണ്ണിലെ പൊയ്കയില്‍ കുഞ്ഞലമാലയില്…. എന്ന പാട്ടിലൂടെയാണ്.
ഇളയരാജ, ബിജിബാല്‍, അഫ്സല് യൂസഫ്, കൈതപ്രം വിശ്വനാഥ്, ദക്ഷിണാമൂര്‍ത്തി, ജയവിജയന്‍, രവീന്ദ്രന് മാസ്റ്റര്‍, കെ. രാഘവന് മാസ്റ്റര്‍, എം.കെ. അര്ജ്ജുനന് മാസ്റ്റര്‍, അലക്സ്പോള്‍ തുടങ്ങി പ്രമുഖരായ ഒട്ടനവധി സംഗീത സംവിധായകരുടെ പാട്ടുകള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്.
മുപ്പതോളം സിനിമകളിലും ഗണേഷ് പാടിയിട്ടുണ്ട്. മിന്നാമിന്നിക്കൂട്ടം, വയലിന്, വെനീസിലെ വ്യാപാരി, വിക്രമാദിത്യന്, ആദ്യരാത്രി എന്നിവ അദ്ദേഹത്തിന്റെ ചുരുക്കം ചില ഹിറ്റ് സിനിമകള്‍ മാത്രം.സംഗീതത്തിന്റെ തുടക്കം
1989ല്‍ ആള് ഇന്ത്യ റേഡിയോയില്‍ ഒഡിഷനില്‍ പങ്കെടുത്തതോടെയാണ് ഗണേഷ് സംഗീതത്തോടുള്ള തന്റെ താല്‍പ്പര്യം തിരിച്ചറിഞ്ഞ് അംഗീകാരങ്ങള്‍ നേടുന്നത്. പിന്നീട് സര്‍വ്വകലാശാല കലോത്സവത്തില്‍ ലളിത സംഗീതത്തില്‍ ജേതാവായതോടെയാണ് സംഗീത വഴി തെരഞ്ഞെടുക്കുന്നത്. അതിനുശേഷം ഒട്ടേറെ ലളിതഗാനങ്ങള്‍ പാടാന്‍ ഓള് ഇന്ത്യ റേഡിയോ അവസരം നല്കി. അവിടെനിന്നും കാസറ്റ് ഗാനങ്ങളിലേക്കെത്തി. ചോറ്റാനിക്കര അമ്മയുടെ കാസറ്റുകള്‍ ഉള്‍പ്പടെ നിരവധി ഭക്തിഗാന ആല്‍ബങ്ങളിലൂടെ അദ്ദേഹം തിളങ്ങിനിന്നു. ആയിരത്തോളം ആല്‍ബങ്ങളിലായി ഏകദേശം 5000 ഗാനങ്ങള്‍ ഗണേഷ് ആലപിച്ചിട്ടുണ്ട്.
സിനിമയിലേക്കുള്ള വരവ്
സുഹൃത്തുക്കളില്‍ പലരും സിനിമയിലും മറ്റും തിളങ്ങി നിന്നപ്പോഴും ഗണേഷിന് സിനിമയില്‍ പിന്നണി പാടാനുള്ള അവസരങ്ങള്‍ തെല്ലകലത്തിലായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് സിനിമാ മേഖലയിലേക്കുള്ള കാല്‍വെപ്പ്. 1999ല്‍ പുറത്തിറങ്ങിയ ‘ഗുരുതിപൂജ’ എന്ന ആല്‍ബമാണ് ഗണേഷ് സുന്ദരത്തിന് വഴിത്തിരിവായത്. അതിനുശേഷം 2002ല്‍ കായംകുളം കണാരന് എന്ന സിനിമയ്ക്കായി പിന്നണി പാടിയെങ്കിലും ഓഡിയോ റിലീസ് ചെയ്തിരുന്നില്ല. അതിനാല്‍ അവസരങ്ങള്‍ക്കായി പിന്നെയും കാത്തിരിക്കേണ്ടിവന്നു. തുടര്‍ന്ന് ബിജിബാലിന്റെ മിന്നാമിന്നികൂട്ടത്തില് പാടിയതോടെ സിനിമ മേഖല ഗണേഷിന്റെ ശബ്ദത്തെ ഏറ്റെടുക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ബിജിബാലിന്റെ 17ഓളം സിനിമകളില്‍ ഗണേഷ് പാടി ഹിറ്റാക്കിയിട്ടുണ്ട്്.
സംഗീത വഴിയിലേക്കുള്ള തുടക്കത്തില്‍ ഗണേഷ് സ്വപ്നം കണ്ട് നടന്നിരുന്നത് പോലുള്ള ഓഫറുകളാണ് അദ്ദേഹത്തെ തേടിയെത്തിയത്. എന്നാല്‍ പാടിയ പാട്ടുകള്‍ എല്ലാം ഹിറ്റ് ആയിരുന്നെങ്കിലും എന്തുകൊണ്ടോ ഗണേഷ് സുന്ദരം എന്ന പേര് ജനങ്ങള്‍ക്കിടയില്‍ അപരിചിതമായി തന്നെ നിന്നു. ഒരിക്കല്‍ വെള്ളിമൂങ്ങ സിനിമയിലെ പാട്ട് ഒരു അവാര്‍ഡ് ഫങ്ഷന് നോമിനേറ്റ് ചെയ്തെങ്കിലും അദ്ദേഹത്തിന് പകരം മറ്റൊരു ഗായകന്റെ പേരാണ് പ്രഖ്യാപിച്ചതെന്ന ദുരവസ്ഥ വരെയുണ്ടായി. അതിനുശേഷം 2017ല്‍ ദിലീഷ് പോത്തന്റെ തൊണ്ടിമുതലിലൂടെയാണ് കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്. ഇതിനിടെ 2006ല്‍ സംഗീത നാടക അക്കാദമിയുടെ മികച്ച ഗായകനുള്ള പുരസ്കാരവും തേടിയെത്തി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാടിയിട്ടുള്ള ഗണേഷ് ഇന്ത്യയിലും വിദേശത്തുമായി രണ്ടായിരത്തില്‍ അധികം സ്റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
ജനി മ്യൂസിക് അക്കാദമി
സംഗീതാഭിരുചിയുള്ളവര്‍ക്ക് അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനായി ഒരിടം വേണമെന്ന വര്‍ഷങ്ങള്‍ നീണ്ട ആഗ്രഹത്തെ തുടര്‍ന്നാണ് ജനി മ്യൂസിക് അക്കാദമി ആരംഭിച്ചത്. വരും തലമുറകളിലേക്കും ശുദ്ധ സംഗീതം പകര്‍ന്നു നല്കപ്പെടണം എന്നാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യവും. സംഗീതത്തിനൊപ്പം ഒരു സ്റ്റുഡിയോ അരംഭിച്ചാല്‍ എന്താണെന്നാണ് ആദ്യം ചിന്തിച്ചത്. കുട്ടികള്‍ക്ക് സംഗീതം പകര്‍ന്ന് നല്‍കുന്നത് തന്നെയാണ് മികച്ചതെന്നും ഗണേഷ് തിരിച്ചറിഞ്ഞു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 23നാണ് ജനി മ്യൂസിക് അക്കാദമിയുടെ തുടക്കം. സംഗീത ലോകത്തിലെ പ്രതിഭകളായ ഉണ്ണിമേനോന്, കെ.ജി. ജയന്(ജയവിജയന്മാര്), കാവാലം ശ്രീകുമാര്‍, സംഗീത സംവിധായകന് ബിജിബാല്‍, ടി.എസ്. രാധാകൃഷ്ണന് തുടങ്ങിയവരാണ് ജനിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
കര്‍ണാടിക്, ഹിന്ദുസ്ഥാനി, വെസ്റ്റേണ്‍ തുടങ്ങി സംഗീതത്തിന്റെ എല്ലാ തലങ്ങളിലും താല്‍പ്പര്യം പ്രകടിപ്പിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നല്‍കുന്നുണ്ട്. ഇന്ന് ദക്ഷിണേന്ത്യന്‍ സംഗീത ലോകത്തിലെ പ്രഗത്ഭരും അനുഭവസമ്പത്തുമുള്ള ഒരുപിടി അധ്യാപകരാണ് ഇവിടെ ഉള്ളത്്. സംഗീത ലോകത്തിലെ പ്രമുഖ വ്യക്തികളുടെ അനുഭവ സമ്പത്ത് തന്റെ ശിഷ്യഗണങ്ങള്‍ക്ക് ഭാവിയില്‍ മുതല്‍ക്കൂട്ട് ആകണമെന്ന ഗണേഷ് സുന്ദരത്തിന്റെ നിര്‍ബന്ധ ബുദ്ധിമൂലം ഇന്ന് ദക്ഷിണേന്ത്യയിലെ അമൂല്യ പ്രതിഭകള്‍ തന്നെയാണ് ഇവിടെ അധ്യാപനത്തിനായി എത്തുന്നത്.
കുടമാളൂര്‍ ജനാര്ദ്ദനന്, ജോസൂട്ടി, ഷൈന്‍ ജോസ്, രത്നശ്രീ അയ്യര്‍, മൂഴിക്കുളം ഹരികൃഷ്ണന് തുടങ്ങിയ ദക്ഷിണേന്ത്യയിലെ മികച്ച പ്രതിഭകളാണ് ഇവിടെ കുരുന്നുകള്‍ക്ക് സംഗീതം പകര്‍ന്നു നല്‍കാനായി എത്തുന്നത്. ഒപ്പം ഗസ്റ്റ് അധ്യാപകനായി കാവാലം ശ്രീകുമാറുമുണ്ട്.
മലയാളികള്‍ പൊതുവേ മടിയുള്ളവരാണ്. സ്വന്തം കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ പരിശീലനം ചെയ്യാന്‍ മടിച്ച കല വേണ്ടെന്ന് വയ്ക്കുന്നവരുമുണ്ട്. സംഗീതത്തില്‍ സാധകത്തിന്റെ പ്രാധാന്യം വലുതാണ് അതും സരസ്വതീ യാമത്തില്‍ സാധകം ചെയ്യുന്നതിനും പരിശീലനം നടത്തുന്നതിനുമായി ജനിയില്‍ എല്ലാവര്ക്കും അവസരം നല്‍കുന്നുണ്ട്്.
പ്രായ ഭേദമെന്യേ, ജനിയിലെ വിദ്യാര്‍ത്ഥികള്‍ അല്ലാതെ എല്ലാവര്ക്കും ഒരുപോലെ ജനിയിലെത്തി സാധകം ചെയ്യാം. ജനി പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ നിരവധി പേര് ഇത്തരത്തില്‍ ഇവിടെയെത്തി സാധകം ചെയ്യുന്നുണ്ട്. ആളുകള്‍ അവരിലെ കഴിവുകള്‍ പരിപോഷിപിക്കുന്നതിനായാണ് സാധകം. അത് ഒരിക്കലും നിശ്ചിത ഫീസോ മറ്റോ നിശ്ചയിച്ച് വിലയിടേണ്ടതല്ല. മറ്റുള്ളവര്‍ക്കായി നമ്മളെക്കൊണ്ട് ആവുന്നത് ചെയ്യുക, അത്രമാത്രം. പാട്ടുകള്‍ പോലെ തന്നെ ഗായകന്റെ വാക്കുകളും ലളിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: