തിരുവനന്തപുരം: ദിവസവും നെടുങ്കന്‍ പത്രസമ്മേളനങ്ങള്‍ നടത്തി എന്തൊക്കെയോ ചെയ്യുന്നു എന്നു വരുത്തിയില്ല. മീഡിയ മാനിയ പിടിച്ച് മന്ത്രിമാര്‍ അവകാശ വാദം ഉന്നയിച്ചില്ല. മറിച്ച് നിശബ്ദമായ പ്രതിരോധ പ്രവര്‍ത്തനമാണ് കേന്ദ്ര സര്‍ക്കാര്‍ കോവിഡ്-19നെതിരെ സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം പ്രതിരോധം ഉറപ്പാക്കുന്നതും പ്രതികരണാത്മകവും മികച്ചതും ആയിരുന്നുവെന്ന് ലോകം അംഗീകരിക്കുന്നു.സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇരുപതും ചീഫ് സെക്രട്ടറിമാരുമായി ക്യാബിനറ്റ് സെക്രട്ടറി ആറും വിഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തി തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനും നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നതിനും ആയിരുന്നു ഇത്. ഇത്തരം കോണ്‍ഫറന്‍സുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്് രാജ്യാന്തര യാത്രികരെ നിരീക്ഷണ വിധേയമാക്കുന്നത് ഉള്‍പ്പെടെയുള്ള സമഗ്ര രോഗ നിരീക്ഷണ സംവിധാനമാണ്. കോണ്‍ഫറന്‍സുകളില്‍ പറയുന്ന കാര്യങ്ങള്‍ സ്വന്തം കണ്ടു പിടുത്തമായ കേരളത്തിലെ ആരോഗ്യമന്ത്രി അവതരിപ്പിച്ച് കൈയടി വാങ്ങിയിരുന്നൂ. തട്ടിപ്പ് ജനം തിരിച്ചറിഞ്ഞെങ്കിലും കേരളം എന്തോ കേമത്വം കാട്ടുന്നു എന്നു പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ലോക സംഘടനകള്‍ ഇന്ത്യയക്ക് നല്കിയ അനുമോദനം.
രാജ്യാന്തര തലത്തില്‍ ആശങ്ക ഉണര്‍ത്തുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന ജനുവരി 30നു പ്രഖ്യാപിക്കും മുന്‍പു തന്നെ അതിര്‍ത്തികളില്‍ ഇന്ത്യ സമഗ്ര പ്രതിരോധ സംവിധാനം ഒരുക്കിയിരുന്നു. വിമാന യാത്രികരെ പരിശോധനയ്ക്കു വിധേയമാക്കുന്നതിനു തുടക്കമിട്ടതിനു പിറകെ, വിസ റദ്ദാക്കുകയും രാജ്യാന്തര വിമാന സര്‍വീസുകള്‍ നിരോധിക്കുകയും ചെയ്തു. മറ്റേതൊരു രാജ്യത്തേക്കാളും മുന്നേ ഇന്ത്യ ഇതു നടപ്പാക്കി.
2020 ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യ കൊറോണ വൈറസ് ബാധ എത്തിയതെങ്കില്‍, ഇതിനും ഏറെ മുന്‍പ്, ജനുവരി 18 മുതല്‍ തന്നെ ചൈനയില്‍നിന്നും ഹോങ്കോങ്ങില്‍നിന്നും എത്തുന്ന രാജ്യാന്തര യാത്രക്കാരെ ശരീരോഷ്മാവു പരിശോധനയ്ക്കു വിധേയമാക്കാന്‍ തുടങ്ങിയിരുന്നു. ആഗോള സാഹചര്യം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുക കോവിഡ്-19 നാശം വിതച്ച ഇറ്റലിയും സ്പെയിനും ആദ്യ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത് യഥാക്രമം 25 ദിവസവും 39 ദിവസവും കഴിഞ്ഞാണ് യാത്രക്കാരെ പരിശോധിച്ചു തുടങ്ങിയത് എന്നാണ്.
യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, കൂടുതല്‍ രാജ്യങ്ങളില്‍നിന്നു വരുന്നവരെയും വിമാനത്താവളങ്ങളില്‍ എത്തുന്നവരെയും കൂടുതല്‍ പരിശോധിക്കുക, വീസ റദ്ദാക്കുക, സ്വയം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കുക തുടങ്ങി രോഗം പടരുന്നതു തടയാന്‍ ഫലപ്രദമായ പല നടപടികളും കേന്ദ്ര ഗവണ്മെന്റ് കൈക്കൊണ്ടു.
ആഗോളതലത്തില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ യാത്രാനിയന്ത്രണം പുതുക്കുക മാത്രമല്ല, എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ഏര്‍പ്പെടുത്തുകയും ചെയ്തു.
വിമാനത്താവളങ്ങളില്‍ പരിശോധനയക്കു വിധേയമാക്കപ്പെടുന്നവരില്‍ രോഗബാധയുള്ളവരെ ആശുപത്രികളിലേക്ക് അയയ്ക്കുകയോ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കുകയോ ചെയ്തു. പരിശോധനയില്‍ കുഴപ്പമില്ലെന്നു കണ്െത്തിയവരെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പോലും സംസ്ഥാന- കേന്ദ്രഭരണ പ്രദേശ ഗവണ്മെന്റുകള്ക്കു കൈമാറി. നിരീക്ഷണം തുടരുന്നതിന് ഉദ്ദേശിച്ചാണ് ഇത്.
30 വിമാനത്താവളങ്ങളിലും 12 വലിയ തുറമുഖങ്ങളിലും 65 ചെറിയ തുറമുഖങ്ങളിലും കര അതിര്‍ത്തിപ്രദേശങ്ങളിലും യാത്രക്കാരെ പരിശോധനയ്ക്കു വിധേയരാക്കി. 36 ലക്ഷത്തിലേറെ പേരെ പരിശോധിച്ചു.
സ്വാധീനമുള്ള ചിലരെ പരിശോധനയ്ക്കു വിധേയമാക്കിയില്ലെന്ന ആരോപണം ശരിയല്ല. പരിശോധനയ്ക്കും നിരീക്ഷണത്തിനും ക്വാറന്റൈന് ഏര്‍പ്പെടുത്താനും അതിവേഗം ഗവണ്മെന്റ് സമഗ്രവും ശക്തവുമായ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. തുടക്കം മുതല്‍ തന്നെ പൊതുജനാരോഗ്യം നേരിടുന്ന വെല്ലുവിളിക്കെതിരെ ഗവണ്മെന്റ് കരുത്തുറ്റ നടപടിയാണു കൈക്കൊണ്ടത്. ഓരോ യാത്രികനെയും ബിസിനസോ വിനോദയാത്രയോ കഴിഞ്ഞെത്തുവരെയും വിദേശത്തുനിന്ന് എത്തുന്ന വിദ്യാര്‍ഥികളെയും പരിശോധിച്ചു.
പ്രവര്‍ത്തനത്തില്‍ പാളിച്ചകള്‍ സംഭവിക്കാതിരിക്കാനായി നിരീക്ഷണം തുടരാന്‍ സംസ്ഥാന ഗവണ്മെന്റുകളോട് അതതു സമയം അഭ്യര്‍ഥിച്ചിരുന്നു. നിരീക്ഷണം ഒഴിവാക്കാനോ ക്വാറന്റൈന് വ്യവസ്ഥകള്‍ പാലിക്കാതിരിക്കാനോ ശ്രമിച്ചവരെ കണ്ടെത്താന്‍ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന സൂക്ഷ്മതയേറിയ സംവിധാനമാണ് ഒരുക്കിയത്.
ഇതുവരെ കൈകൊണ്ട നടപടികള്‍ തീയതി ക്രമത്തില്‍:
ജനുവരി 8: ആരോഗ്യ രംഗത്തെ വിദഗ്ധരുമായി ആദ്യ യോഗം
ജനുവരി 17– ചൈനയിലേക്കു പോകുന്നത് ഒഴിവാക്കണമെന്ന മാര്‍ഗനിര്‍ദേശം.
ജനുവരി 18- ചൈനയില്‍നിന്നും ഹോങ്കോങ്ങില്‍നിന്നും എത്തുന്ന യാത്രക്കാരെ പരിശോധിക്കല്‍.
ജനുവരി 25: പ്രിന്‍സിപ്പല്‍ സെക്രട്ടറി അടങ്ങുന്ന സംഘം ഉന്നതതല അവലോകന യോഗങ്ങള്‍ ആരംഭിച്ചു
ജനുവരി 29: എന്‍95 മാസ്കുകളുടെയും പിപിഇയുടെയും കയറ്റുമതി നിരോധിച്ചു
ജനുവരി 30– ചൈനയിലേക്കുള്ള യാത്ര റദ്ദാക്കണമെന്ന കര്‍ശനമായ മാര്‍ഗ നിര്‍ദേശം. പരിശോധനയ്ക്കായി ആറു ലാബുകള്‍ ആരംഭിച്ചു
ഫെബ്രുവരി 1: വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന നടപടി തുടങ്ങി.
ഫെബ്രുവരി 3– ചൈനയിലേക്ക് യാത്ര വിലക്ക്, ചൈനീസ് പൗരന്മാരുടെ ഇ-വീസ സൗകര്യം റദ്ദാക്കി.
ഫെബ്രുവരി 22- സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മാര്‍ഗനിര്‍ദേശം. കാഠ്മണ്ഡു, ഇന്‍ഡോനീഷ്യ, വിയറ്റ്നാം, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് എത്തുന്ന വിമാനയാത്രക്കാര്‍ക്കു പരിശോധന.
ഫെബ്രുവരി 24: വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളെ സ്ക്രീനിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
ഫെബ്രുവരി 26: ദക്ഷിണ കൊറിയ, ഇറാന്, ഇറ്റലി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കി
മാര്‍ച്ച് 3: വിദേശത്ത് നിന്ന് വരുന്ന എല്ലാവരേയും പരിശോധിക്കാന്‍ ആരംഭിച്ചു.
മാര്‍ച്ച് 4: ഹോളി ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.
മാര്‍ച്ച് 5- ഇറ്റലി, കൊറിയ എന്നിവിടങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്കു പ്രവേശിക്കും മുന്‍പ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍.
മാര്‍ച്ച് 10- : ചൈന, ഹോങ്കോങ്, കൊറിയ, ജപ്പാന്, ഇറ്റലി, തായ്ലന്ഡ്, സിംഗപ്പൂര്‍, ഇറാന്, മലേഷ്യ, ഫ്രാന്‍സ്, സ്പെയിന്, ജര്‍മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ തിരിച്ചെത്തി 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം.
മാര്‍ച്ച് 11- ചൈന, ഇറ്റലി. ഇറാന്, കൊറിയ, ഫ്രാന്‍സ്, സ്പെയിന്, ജര്‍മനി എന്നിവിടങ്ങളില്‍ 2020 ഫെബ്രുവരി 15നു ശേഷം കഴിയുകയോ യാത്ര ചെയ്യുകയോ ചെയ്തവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.
മാര്‍ച്ച് 12: നൂറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ പ്രധാനമന്ത്രി അടിയന്തിര നടപടികളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയിച്ചു.ഏപ്രില്‍ 15 വരെ എല്ലാ വിസയും താല്‍ക്കാലികമായി റദ്ദാക്കി.
മാര്‍ച്ച് 14: ടെസ്റ്റുകള്‍ നടത്തുന്നതിനായി 52 ലാബുകള്‍ പ്രവര്‍ത്തന സജ്ജമായി.
മാര്‍ച്ച് 16- യു.എ.ഇ., ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നു വരുന്ന യാത്രികര്‍ക്കും കുറഞ്ഞതു 14 ദിവസത്തേക്കു ക്വാറന്റൈന് നിര്‍ബന്ധമാക്കി. യൂറോപ്യന്‍ യൂണിയന്, യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര അസോസിയേഷന്, ടര്‍ക്കി, ബ്രിട്ടന് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കു പ്രവേശനം വിലക്കി.
മാര്‍ച്ച് 17– അഫ്ഗാനിസ്ഥാന്, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കു പ്രവേശനം വിലക്കി.
മാര്‍ച്ച് 18: രോഗമുണ്ടെന്നു സംശയിക്കുന്നവര്‍ക്കെല്ലാം നിര്‍ബന്ധിത ക്വാറന്റയിന്‍
മാര്‍ച്ച് 19– പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷം രാജ്യത്ത് ജനതാ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 22 വരെ നിര്‍ത്തി വച്ചു. സാമ്പത്തിക മേഖലയ്ക്ക് വേണ്ടി ദൗത്യസംഘം രൂപീകരിച്ചു.
മാര്‍ച്ച് 21: 75 ജില്ലകളില്‍ ലോക്ഡൗണ്‍.
മാര്‍ച്ച് 22: എല്ലാ ട്രെയിന്‍, മെട്രോ, അന്തര്‍ സംസ്ഥാന ബസുകള്‍ സര്‍വീസ് നിര്‍ത്തലാക്കി. രാജ്യത്ത് ആഴ്ചയില്‍ 50,000 പരിശോധനകള്‍ നടത്തുവാനുള്ള സംവിധാനം കാര്യക്ഷമമാക്കി.
മാര്‍ച്ച് 23: ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി.
മാര്‍ച്ച് 24: പ്രധാനമന്ത്രി രാജ്യത്ത് 21 ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ചരക്ക് സേവന നികുതിയില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുകയും ശ്വസന ഉപകരണങ്ങളുടെ കയറ്റുമതി നിര്‍ത്തുകയും ചെയ്തു.
മാര്‍ച്ച് 25– രാജ്യാന്തര വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള വിലക്ക് 2020 ഏപ്രില്‍ 14 വരെ നീട്ടി.
മാര്‍ച്ച് 26: ഗരീബ് കല്യാണ്‍ സാമ്പത്തിക പാക്കേജ് പ്രകാരം രാജ്യത്തിന് 1.75 ലക്ഷം കോടി പ്രഖ്യാപിച്ചു.
മാര്‍ച്ച് 27: വായ്പകള്‍ക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം ഉള്‍പ്പെടെ പ്രഖ്യാപിച്ച് ആര്‍ബിഐ നിരവധി ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: