Categories: Kerala

ഓര്‍ക്കാപ്പുറത്തെ മദ്യ നിരോധനം വെട്ടിലായി എക്‌സൈസ്

Published by

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ നടപ്പാക്കിയ മദ്യ നിരോധനത്തില്‍ വെട്ടിലായത് എക്‌സൈസ്. അംഗങ്ങള്‍ കുറവായ സേനയില്‍ നിരോധനം നടപ്പാക്കുന്നതിനു മുമ്പ് പിടിപ്പതു പണിയായി. വ്യാജവാറ്റ് ഉള്‍പ്പെടെയുള്ളവ നടന്നാല്‍ യഥാസമയം സ്ഥലത്തെത്തി കണ്ടുപിടിക്കാന്‍ സാധിച്ചെന്നു വരില്ല. നിലവിലെ സാഹചര്യത്തില്‍ എക്‌സൈസിനെ അവശ്യ സര്‍വീസായി പ്രഖ്യാപിച്ചതിനാല്‍ അവധിയെടുക്കാതെ രാത്രിയും പകലും ജോലി നോക്കുകയാണ് ജീവനക്കാര്‍.

സംസ്ഥാനത്തുടനീളം 138 എക്‌സൈസ് റെയ്ഞ്ചുകളിലായി 69 സര്‍ക്കിള്‍ ഓഫീസും, 15 സ്‌പെഷ്യല്‍ സ്‌ക്വാഡും നാല് ജനമൈത്രി വിഭാഗവുമാണുള്ളത്. 5638 പേരാണ് സേനയിലെ അംഗസഖ്യ. ഇതില്‍ മൂവായിരത്തഞ്ഞുറോളം പേരാണ് റേയ്ഞ്ച് ഓഫീസുകളില്‍ ഡ്യൂട്ടിക്കുള്ളത്. മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ പ്രത്യേക നിയമനം നടത്താത്തതിനാല്‍ ബാക്കിയുള്ളവര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള ഓഫീസുകളില്‍ ജോലിനോക്കുന്നു.

സേനയില്‍ അംഗങ്ങള്‍ കുറവാണെന്ന് പരാതി നേരത്തേ ഉയര്‍ന്നിരുന്നു. ഗാര്‍ഡുമാരുടെയും എസ്‌ഐമാരുടെയും നിരവധി ഒഴിവുകളുണ്ട്. ഇത് നികത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും വരുമാനം കൂടിയ വകുപ്പായിട്ട് പോലും അനുമതി നല്‍കിയിട്ടില്ല.

സാധാരണ വ്യാജവാറ്റും വ്യാജ മദ്യവും തടയുന്നതിന് പോലീസിന്റെ സഹായവും ലഭിക്കുമായിരുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ പോലീസിനും  പിടിപ്പത് പണിയായി. അതിനാല്‍ കള്ള് ചെത്ത് മേഖലയായ ആലപ്പുഴ പോലുള്ള ജില്ലകളിലെ ചിലയിടങ്ങളില്‍ എക്‌സൈസിന് ബോട്ടില്‍ എത്തിച്ചേരേണ്ട അവസ്ഥയായി. അതിനുള്ള സംവിധാനങ്ങളൊന്നും അവിടെ ഇല്ല. മലയോര മേഖല കേന്ദ്രീകരിച്ചാണ് വ്യാജവാറ്റ് നടക്കുന്നത്. കഞ്ചാവ് കടത്തുന്നതും ഇതുവഴിയാണ്. ഇതൊക്കെ എങ്ങനെ ഫലപ്രദമായി നേരിടുമെന്ന ആശങ്കയിലാണ് സേനാ വിഭാഗം.

ഗ്രാമീണ മേഖലയില്‍ ഏറെ ആശങ്ക ഉളവാക്കുന്ന രീതിയില്‍ സാനിറ്ററൈസില്‍ നിന്നും മദ്യം ഉണ്ടാക്കാമെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ സാനിറ്റൈസറിന്റെ വില്‍പ്പന നിയന്ത്രിക്കാനും സാധിക്കില്ല.  

ഭയപ്പെടേണ്ട സഹചര്യമില്ലെന്നും ഈ ആപത്ഘട്ടത്തില്‍ ജനങ്ങള്‍ തങ്ങളോട് സഹകരിക്കണം എന്നാണ് എക്‌സൈസിന്റെ അഭ്യര്‍ഥന. വ്യജവാറ്റ് നടക്കുകയാണെങ്കില്‍ തങ്ങളെ അറിയിക്കണമെന്ന് സേന ആവശ്യപ്പെടുന്നു.  മദ്യം സ്ഥിരമായി കഴിച്ചിരുന്നവര്‍ക്ക് എന്തെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചാല്‍ അവരെ ഡി അഡിക്ഷന്‍ സെന്ററുകളില്‍ എത്തിക്കുന്നതിന് സഹായിക്കാമെന്നും എക്‌സൈസ് അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by