കൊച്ചി : ലോക്ഡൗണ്‍ ആണെന്നതൊന്നും ഭാര്യയുടെ ബീഫ് കൊതിക്കു മുന്നില്‍ വിലപ്പോയില്ല. ഒടുവില്‍ ബീഫ് തേടിയിറങ്ങിയ ഭര്‍ത്താവ് പോലീസ് പിടിയിലായി. കാറും പോലീസ് കൊണ്ടുപോയി. കൊച്ചി പുത്തന്‍ കുരിശ്ശിലാണ് സംഭവം.
കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്നും ഭാര്യയ്ക്കായി ബീഫ് തേടിയിറങ്ങിയ യുവാവ് ഒടുവില്‍ പുത്തന്‍ കുരിശില്‍ നിന്നും സാധനം പാഴ്സല്‍ വാങ്ങിയെങ്കിലും പോലീസ് പിടിയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ബീഫ് തേടിയിറങ്ങിയതാണെന്ന് യുവാവ് വെളിപ്പെടുത്തിയത്.
ഇത്തരത്തില്‍ നിരവധി പേരാണ് ദിനം പ്രതി റോഡിലിറങ്ങി പോലീസിന് തലവേദന സൃഷ്ടിക്കുന്നത്. മരുന്നു വാങ്ങാനെന്ന പേരില്‍ പോയി തിരികെ എത്തിയവരെ പരിശോധിച്ചപ്പോള്‍ 2 ഗുളിക മാത്രം കണ്ടു പോലീസിനു സംശയമായി. വിശദമായി ചോദിച്ചപ്പോഴാണു പേരിനു മാത്രം മരുന്നു വാങ്ങി പോക്കറ്റിലിട്ടതെന്നു വ്യക്തമായത്. ഓട്ടോറിക്ഷയില്‍ പച്ചക്കറി വാങ്ങാനെന്ന പേരില്‍ പോകുന്നവരും കുറവല്ല. എവിടെ നിന്നാണ് വരുന്നതെന്നു ചോദിച്ചപ്പോള്‍ പോലീസ് ഞെട്ടി. പച്ചക്കറി കടകള്‍ ധാരാളമായുള്ള ചൂണ്ടിയില്‍ നിന്ന്.
കൂടാതെ അളിയന് മരിച്ചെന്ന് നുണ പറഞ്ഞ് വീട്ടില്‍ നിന്നും പുറത്തിറങ്ങി നടക്കാനും ശ്രമം നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ചെറിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റോഡിലേക്ക് ഇറങ്ങുന്നവരുടെ എണ്ണം കൂടിയതോടെയാണ് കാസര്‍ഗോഡ് പോലീസ് ഇതിനെതിരെ നടപടി കര്‍ശ്ശനമാക്കിയത്. ജനങ്ങള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങാന്‍ അനുവദിക്കൂവെന്നും കാസര്‍ഗോഡ് പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: