കോട്ടയം: കപ്പല്‍ ജീവനക്കാരായ ഒമ്പതുപേര്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ളവരാണ് കോട്ടയത്ത് ഒരു വീട്ടില്‍ ഒതുങ്ങിയത്. 14 ദിവസത്തെ നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷമാണ് ഇവര്‍ വീട്ടുകാരെ പോലും വിവരമറിയിച്ചത്.
കഴിഞ്ഞ 12ന് ഷാര്‍ജയില്‍ നിന്ന് ദുബായി വഴി രാവിലെ കൊച്ചിയിലിറങ്ങുകയായിരുന്നു. ഇവരെ കൊണ്ടുപോകാന്‍ വിമാനത്താവളത്തില്‍ വന്ന വാഹനത്തിന്റെ ഡ്രൈവറെ ബസില്‍ കയറ്റിവിട്ട് ഒമ്പതു പേരും ആ വാഹനത്തില്‍ തങ്ങളുടെ സൂപ്രണ്ടായ തോമസ് ഏബ്രഹാമിന്റെ കോട്ടയം അതിരമ്പുഴയിലെ പോളയ്ക്കാട്ടില്‍ വീട്ടിലെത്തി. തൃശൂര്‍ പെരിങ്ങോട്ടുകര ഷാനവാസ് ഷംസുദീന്‍, കോട്ടയം വടവാതൂര്‍ സ്വദേശി ബബി സാമുവല്‍, പത്തനംതിട്ട സ്വദേശി സന്തോഷ്.പി. ജോണ്‍, പിറവം മുളക്കുളം നോര്‍ത്ത് റൂഡോള്‍ഫ് കുര്യാക്കോസ്, ചെങ്ങന്നൂര്‍ തിട്ടമേല്‍ മിനുകുമാര്‍, കായംകുളം പള്ളിക്കല്‍ രതീഷ്കുമാര്‍, കോട്ടയം പുലിക്കുട്ടിശ്ശേരി ഡോണ്‍ ജോസഫ്, ചെങ്ങന്നൂര്‍ പാണ്ടനാട് കോശി.പി. ജോണ്‍ എന്നിവരാണ് സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയെ കരുതി സ്വയം ക്വാറന്റൈനില്‍ കഴിയാന്‍ തീരുമാനിച്ചത്.
25ന് 14 ദിവസം പൂര്‍ത്തിയായി വീട്ടില്‍പ്പോകാന്‍ ഒരുങ്ങുമ്പോഴാണ് രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇനി ഏപ്രില്‍ 14 വരെ അതിരമ്പുഴയില്‍ തന്നെ. തോമസ് ഏബ്രഹാമിന്റെ ഭാര്യ ഭക്ഷണ സാധനങ്ങള്‍ വീടിന്റെ ഗേറ്റില്‍ കൊണ്ടുവയ്ക്കും. സാധനങ്ങള്‍ വാങ്ങി നല്‍കുന്നതും അദ്ദേഹത്തിന്റെ ഭാര്യ തന്നെ. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞപ്പോള്‍ ഒരു തവണ വീട്ടുസാധനങ്ങള്‍ കൊണ്ടുതന്നു. പിന്നെയെല്ലാം അദ്ദേഹത്തിന്റെ കാരുണ്യത്തില്‍. എല്ലാവരും കൂടി പാചകം ചെയ്യും. തമാശ പറഞ്ഞും, സിനിമ കണ്ടും പുസ്തകം വായിച്ചും ചീട്ടുകളിച്ചും സമയം കളയുന്നു.
വീട്ടുകാരെ അറിയിക്കാതിരുന്നത് അവര്‍ പരിഭ്രാന്തരാകേണ്ടെന്നു കരുതിയാണ്. കപ്പലിലാണെങ്കില്‍ സുരക്ഷിതമാണെന്ന് അവര്‍ ആശ്വസിച്ചോളും. ഒമ്പതു പേരില്‍ ഏഴു പേരും വിവാഹിതരാണ്. മഹാമാരിക്കെതിരെ പോരാടാന്‍ സര്‍ക്കാരുകളും പോലീസും ആരോഗ്യ പ്രവര്‍ത്തകരും രാപ്പകലില്ലാതെ കഷ്ടപ്പെടുമ്പോള്‍ തങ്ങള്‍ക്കിതൊന്നും ബാധകമല്ലെന്ന അഹന്തയില്‍ റോഡിലേക്കിറങ്ങുന്നവര്ക്ക് ഇവര്‍ ഒരു പാഠമാണ്. സാമൂഹ്യബോധത്തിന്റെ ഉത്തമ ഉദാഹരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: