വാഷിംഗ്ടണ്‍: ചരിത്രത്തില്‍ ഏറ്റവും അധികം നാള് ബന്ദിയാക്കപ്പെട്ട അമേരിക്കക്കാരന് റോബര്‍ട്ട് ലെവിന്സണ് എന്ത് സംഭവിച്ചു. 13 വര്‍ഷമായി ഇറാന് ബന്ദിയാക്കിയിരുന്ന ലെവിന്സണ് മരിച്ചതായി അമേരിക്കന്‍ അധികൃതര്‍ അറിയിച്ചതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് അറിവൊന്നുമില്ലന്നാണ് ഇറാന്റെ നിലപാട്.
ലെവിന്‍സണിന്റെ തിരോധാനം പോലെ തന്നെ ദുരൂഹമാണ് മരണവും. അമേരിക്കയുടെ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷില് നിന്ന് വിരമിച്ച ശേഷം രഹസ്യാന്വേഷണ ഏജസിയായ സെന്റട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്നു റോബര്‍ട്ട് ലെവിന്സണ്. അമേരിക്കന്‍ സര്‍ക്കാരിനുവേണ്ടി ഇറാന് സര്‍ക്കാരിനെക്കുറിച്ച് അനധികൃത രഹസ്യാന്വേഷണ ശേഖരണ ദൗത്യത്തിലായിരുന്ന ലെവിന്സണ് 2007 മാര്‍ച്ച് 9 നാണ് പേര്‍ഷ്യന്‍ ഗള്‍ഫിലെ കിഷ് ദ്വീപില്‍ നിന്നും അപ്രത്യക്ഷനായത്.
ഇറാനിയന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ലെവിന്‍സണെ അറസ്റ്റ് ചെയ്തതായും വാഷിംഗ്ടണുമായുള്ള ചര്‍ച്ചയില്‍ വിലപേശല്‍ ചിപ്പായി ഉപയോഗിക്കുന്നതായും യുഎസ് അധികൃതര്‍ വിശ്വസിച്ചു. പതിറ്റാണ്ടിലേറെയായി ഇറാനുമായുള്ള ചര്‍ച്ചകളില്‍ അമേരിക്കക്ക് കല്ലുകടിയായി നിന്നതും റോബര്‍ട്ട് ലെവിന്സണ്ന്റെ മോചനവിഷയമാണ്.
ദുരൂഹ ദൗത്യം; പ്രതിക്കൂട്ടിലായി സിഐഎ
ജൂത വംശജനായ റോബര്‍ട്ട് ലെവിന്സണ് എന്തിന് കിഷ് ദ്വീപില്‍ പോയി എന്നതിന് വ്യക്തമായ ഉത്തരം അമേരിക്ക ഇതേവരെ നല്‍കിയിട്ടില്ല. 1998 ല്‍ എഫ്ബിഐയില്‍ നിന്ന് വിരമിച്ച ലെവിന്സണ് സിഗരറ്റ് കള്ളക്കടത്ത് കേസ് നടത്തുന്ന സ്വകാര്യ അന്വേഷകനായി പോയി എന്നായിരുന്നു ആദ്യമൊക്കെ പരസ്യമായി പറഞ്ഞിരുന്നത്. പര്‍ഷ്യന്‍ ഗള്‍ഫിലെ കിഷ് ദ്വീപ് ഒരു സ്വതന്ത്ര-വ്യാപാര മേഖലയാണ്. അമേരിക്കക്കാര്‍ക്ക് പ്രവേശിക്കാന്‍ വിസ ആവശ്യമില്ല. ഒരു വിനോദസഞ്ചാര കേന്ദ്രവും അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങളുടെ ശക്തികേന്ദ്രവുമാണ്. 2010 മാത്രമാണ് ലെവിന്‍സന്റെ സിഐഎ ബന്ധം ആദ്യമായി സ്ഥിതീകരിച്ചത്.
അമേരിക്കന്‍ സര്‍ക്കാരിനുവേണ്ടി ഇറാന് സര്‍ക്കാരിനെക്കുറിച്ച് അനധികൃത രഹസ്യാന്വേഷണ ശേഖരണ ദൗത്യത്തിലായിരുന്നു അദ്ദേഹം. അമേരിക്കന്‍ സര്‍ക്കാരിനുള്ളില്‍ അദ്ദേഹത്തിന്റെ കേസ് പുറത്തുവന്നപ്പോള്‍ അത് വന്‍ വിവാദമായി. ശരിയായ പരിശോധനാ നടപടിക്രമങ്ങള്‍ പാലിക്കാത്തയും സൂപ്പര്‍വൈസര്‍മാരില്‍ നിന്ന് ആവശ്യമായ അനുമതി തേടാത്തയാണ് ലെവിന്‍സന്റെ യാത്ര ആസൂത്രണം ചെയ്തത്. ലെവിന്‍സനെ ഇറാനിലേക്ക് അയച്ചതിന്റെ ഉത്തരവാദിത്തം ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏഴ് സിഐഎ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ചെയ്തു. മുന്‍ ഇറാനിയന്‍ നയതന്ത്രജ്ഞന് അലി അക്ബര്‍ തബതബായിയെ 1980 ല്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ദാവൂദ് സലാഹുദ്ദീന് ആയിരുന്നു കിഷ് ദ്വീപില്‍ ലെവിന്‍സണിന്റെ ലക്ഷ്യമെന്നു പറയുന്നുണ്ടെങ്കിലും സ്ഥിതീകരണമില്ല. ദൗത്യത്തില്‍ ലെവിന്സണ് എന്താണ് ആഗ്രഹിച്ചതെന്ന് വ്യക്തമല്ല. ഇറാനിയന്‍ പ്രശ്നങ്ങളല്ല, റഷ്യന്‍ സംഘടിത ക്രൈം സംഘങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത വിഷയം
ചുരുള്‍ അഴിക്കാന്‍ ഭാര്യയും മകനും
ലെവിന്‍സന്റെ തിരോധാനത്തെക്കുറിച്ച് കൂടുതലറിയാന്‍ ഭാര്യ ക്രിസ്റ്റിന് ലെവിന്സണ് അവരുടെ മൂത്തമകന് ഡാനുമായി ഇറാനിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്്തു. ഇറാനില്‍ യാത്രാവിലക്കുള്ളത് ചൂണ്ടികാട്ടി അമേരിക്കന്‍ ഭരണകൂടം ആദ്യം തടഞ്ഞു. പോയാല്‍ അത്് സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കുമെന്നു മുന്നറിയിപ്പ നല്കി. ഇറാന് സന്ദര്‍ശനത്തെ സ്വാഗതം ചെയ്തു. തുടര്‍ന്ന്് 2007 ഡിസംബറില്‍ ടെഹ്റാനിലെ ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ക്രിസ്റ്റിനും ഡാനിയും കിഷില്‍ റോബര്‍ട്ട് താമസിച്ചിരുന്ന മറിയം എന്ന ഹോട്ടലിലേക്ക് പോയി.
റോബര്‍ട്ട് പോകാനിരിക്കുന്ന സമയത്ത് കിഷില്‍ നിന്ന് പുറപ്പെടുന്ന എല്ലാ നിമാനങ്ങളുടേയും ഫ്ലൈറ്റ് മാനിഫെസ്റ്റുകള്‍ കാണാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അനുവദിച്ചു. ലിസ്റ്റുകളിലൊന്നും അദ്ദേഹത്തിന്റെ പേര് കാണുന്നില്ല. മാര്‍ച്ച് 9 ന് ഹോട്ടല്‍ ചെക്ക് ഔട്ട് ബില്ലില്‍ റോബര്‍ട്ടിന്റെ ഒപ്പ് കാണാന്‍ അവര്‍ക്ക് കഴിഞ്ഞു. കുടുംബത്തിന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഇറാന് അധികൃതര്‍ ഉറപ്പുനല്‍കിയെങ്കിലും ചെയ്തിട്ടില്ല. ഇറാനിലെ അദ്ദേഹത്തിന്റെ ജോലിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട്് കുടുംബം കേസ് കൊടുത്തു. ഒരു കേസ് അവസാനിപ്പിക്കുന്നതിനും ലെവിന്സണും ഏജന്‍സിയും തമ്മിലുള്ള ക്രമീകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താതിരിക്കാനും ലെവിന്‍സന്റെ കുടുംബത്തിന് സിഐഎയില്‍ നിന്ന് 25 ലക്ഷംഡോളര്‍ വാര്‍ഷിക വേതനം നല്കി.
ആദ്യം സമ്മതിച്ച് പിന്നീട് നിഷേധിച്ച് ഇറാന്
ലെവിന്സണ് തങ്ങളുടെ കസ്റ്റഡിയിലായ കാര്യം ഇറാന് തുടക്കത്തില്‍ സമ്മതിച്ചിരുന്നു. 2007 ഏപ്രില്‍ 4 ന് ലെവിന്സണ് അറസ്റ്റിലായി മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ഇറാനിയന്‍ സര്‍ക്കാര്‍ ഔദ്യോഗിക ടിവിയിലൂടെ ‘മാര്‍ച്ച് 9 ന് പുലര്‍ച്ചെ മുതല്‍ ലെവിന്സണ് ഇറാനിയന്‍ സുരക്ഷാ സേനയുടെ കൈകളിലാണെന്നും സുഖമായിരിക്കുകയാണെന്നും’ പ്രസ്താവിച്ചു.’ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെ മോചിപ്പിക്കുന്നത് കാണാന്‍ കഴിയും’ ‘. എന്നും പറഞ്ഞു.
ഇറാന് സര്‍ക്കാരി്ല്‍ സ്വാധിനമുള്ള ചിലരെ തന്റെ ബസിനസ്സ് ആവശ്യത്തിനായി കാണാനാണ് ലെവിന്സണ് എത്തിയതെന്നും പറഞ്ഞിരുന്നു. 2012 സെപ്റ്റംബറില്‍ സിബിഎസ് ദിസ് മോണിംഗിന് നല്കിയ അഭിമുഖത്തില്‍ അന്നത്തെ ഇറാന് പ്രസിഡന്റ് മഹമൂദ് അഹ്മദിനെജാദ് ‘ഇറാനില്‍ ഇപ്പോഴും ലെവിന്സണ് കസ്റ്റഡിയില്‍ ഉണ്ടൊ എന്നത്് നിഷേധിച്ചില്ല’. പക്ഷേ പിന്നീടെല്ലാം അറിയില്ലന്ന മറുപടിയാണ് ഇറാന് നല്‍കിയത് .ഇറാന് വിട്ടുപോയ ആദ്ദേഹം ഉദ്ദേശിച്ച സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും സ്ഥലത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്നുമാണ്് ഇറാന് എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്. . ലോകമെമ്പാടുമുള്ള ലെവിന്‍സന്റെ യാത്രകളെക്കുറിച്ച് എഫ്ബിഐക്ക് എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ അന്വേഷണത്തിന് സഹായിക്കാന്‍ സന്നദ്ധതയും ഇറാന് പ്രകടിപ്പിച്ചു.
അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് തലവേദന
അമേരിക്കന്‍ ഭരണ കൂടത്തിന് തലവേദനയായിരുന്നു ലെവിന്‍സന്റെ തിരോധാനം. 34 വര്‍ഷങ്ങള്‍ക്ക് ശേഷം 2013 സെപ്റ്റമ്പറില് ആദ്യമായി അമേരിക്കന്‍- ഇറാന് പ്രസിഡന്റുമാര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ബാരക് ഒബാമ ഗാരവ വിഷയമായി ചര്‍ച്ചയില്‍ ലെവിന്സണ് തിരോധാനം കൊണ്ടു വന്നു.
2007 ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് ലെവിന്‍സന്റെ കേസില്‍ പ്രസ്താവന ഇറക്കി: ”യുഎസ് അഭ്യര്‍ത്ഥനകള്‍ക്കിടയിലും റോബര്‍ട്ട് ലെവിന്സണിനെക്കുറിച്ച് ഒരു വിവരവും നല്കാന് ഇറാന് ഭരണകൂടം വിസമ്മതിക്കുന്നതില്‍ ഞാന്‍ അസ്വസ്ഥനാണ്. ഇറാന് നേതാക്കളെ അദ്ദേഹം എവിടെയാണെന്ന് അവര്‍ക്കറിയാമെന്ന് ഞങ്ങളോട് പറയാന്‍ ആവശ്യപ്പെടുന്നു’ .
ലെവിന്‍സന്റെ തിരോധാനത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് 2013 മാര്‍ച്ച് 8 ന് ഒബാമ ഭരണകൂടം പ്രസ്താവന ഇറക്കി. ‘അദ്ദേഹത്തെ കണ്ടെത്തുന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന മുന്‍ഗണനയായി തുടരുന്നു, മാത്രമല്ല അദ്ദേഹത്തെ അവന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും. ലെവിന്‍സനെ കണ്ടെത്തുന്നതിന് ഇറാനിയന്‍ സര്‍ക്കാര്‍ മുമ്പ് സഹായം വാഗ്ദാനം ചെയ്തിരുന്നു, മറ്റ് പ്രധാന വിഷയങ്ങളില്‍ ഞങ്ങള്‍ വിയോജിക്കുന്നുണ്ടെങ്കിലും ഈ സഹായം സ്വീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’
ജീവന് തെളിവ് അഫ്ഗാനില്‍ നിന്ന് പാകിസ്ഥാന് വഴി
ലെവിന്സണ് ജീവിച്ചിരിപ്പുണ്ട് എന്നതിന് കുടുംബത്തിന് തെളിവ് ലഭിച്ചത് 2010 ലാണ്്അദ്ദേഹത്തിന്റെ ചില ഫോട്ടോകളും വീഡിയോകളും കിട്ടി..നീണ്ട ചാരനിറത്തിലുള്ള താടിയും ഓറഞ്ച് ജയില്‍ ജമ്പ്സ്യൂട്ടും ധരിച്ചിരുന്ന ചിത്രം. ഗ്വാണ്ടനാമോ ബേയിലെ യുഎസ് തടവുകാര്‍ ധരിച്ചതിന് സമാനമായ വേഷം. 2011 ലും ഇത്തരം ചിത്രം കിട്ടി. അവ പിന്നീട് മാധ്യമങ്ങള്‍ക്ക് നല്കി. അഫ്ഗാനിസ്ഥാനിലെ ഒരു ഇന്റര്‍നെറ്റ് വിലാസത്തില്‍ നിന്നാണ് ഫോട്ടോകള്‍ അയച്ചതെങ്കിലും പാകിസ്ഥാന് വഴിയാണ് വീഡിയോ അയച്ചതെന്ന് വിദഗ്ദ്ധര്‍ നിര്‍ണ്ണയിച്ചു. വീഡിയോയുടെ പശ്ചാത്തലത്തില്‍ പഷ്തൂണ്‍ വിവാഹ സംഗീതം മങ്ങിയതായി കേള്‍ക്കാമായിരുന്നു. തിരോധാനത്തില്‍ തങ്ങള്‍ക്ക് പങ്കില്ലന്ന് വരുത്താനുള്ള ഇറാന്റെ ശ്രമമാണിതിനു പിന്നിലെന്നായിലുന്നു അമേരിക്കയുടെ നിലപാട്. 2020 മാര്‍ച്ച് 25 നാണ് ലെവിന്‍സന്റെ കുടുംബം അദ്ദേഹത്തിന്റെ മരണം പ്രഖ്യാപിച്ചത്. തീയതി അറിയില്ലെങ്കിലും ഇറാനിയന്‍ കസ്റ്റഡിയിലിരിക്കെ അദ്ദേഹം മരിച്ചിരിക്കാമെന്ന് കണ്ടെത്തിയതായി കുടുംബം മാധ്യമങ്ങളെ അറിയിച്ചു. യുഎസ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കാലം ബന്ദിയായ ലെവിന്സണ് മരണത്തിലും ദൂരൂഹത നിലനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: