തൃശൂര്‍: ജനം പകച്ച് നില്ക്കുമ്പോള് അസസ്മെന്റുകള്‍ തീര്‍ക്കാന്‍ തിടുക്കപ്പെട്ട് സര്‍ക്കുലര്‍ ഇറക്കി സംസ്ഥാന നികുതി വകുപ്പ്. 2013-14 വര്‍ഷത്തെ അസസ്മെന്റുകള്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ജീവനക്കാരെയും വ്യാപാരികളേയും ടാക്സ് പ്രാക്ടീഷണര്‍മാരെയും ബുദ്ധിമുട്ടിലാക്കുന്നതാണ് സര്‍ക്കാര്‍ നടപടി.
അസസ്മെന്റുകള്‍ തീര്‍ക്കാതെ കാലവധി കഴിയാന്‍ പോകുന്ന കേസുകളില്‍ ഉടന്‍ പ്രീ അസസ്മെന്റ് നോട്ടീസുകള്‍ ഇ മെയില്‍ വഴി നികുതിദായകര്‍ക്കു നല്‍കാനും, ഇമെയില്‍ വഴി ലഭിക്കുന്ന മറുപടി പരിഗണിച്ച് നികുതി നിര്‍ണയിക്കാനുമാണ് ഉത്തരവ് പറയുന്നത്. 31നകം 1,483 നികുതിദായകരുടെ അസസ്മെന്റുകളാണ് തീര്‍പ്പുകല്‍പ്പിക്കണമെന്ന് കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
നികുതിദായകരും അവരുടെ ടാക്സ് പ്രാക്ടീഷണര്‍മാരും 21 ദിവസം വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ ഓഫീസുകള്‍ തുറന്നു കക്ഷികളുടെ രേഖകള്‍ പരിശോധിച്ച് ഇമെയില്‍ വഴി മറുപടി നല്കാന് കഴിയില്ല. നികുതിദായകര്‍ മറുപടി നല്‍കിയില്ലെന്ന കാരണം കാട്ടി അസസ്മെന്റുകള്‍ ഏകപക്ഷീയമായി തീര്‍പ്പാക്കാനും ഇതിടയാക്കും. വ്യപാരികളെ തേടിപ്പിടിച്ചു ദ്രോഹിക്കുന്ന നടപടിയാണിതെന്ന് ഓള് ഇന്ത്യ ഫെഡറേഷന് ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന് അഭിപ്രായപ്പെട്ടു. വാറ്റ് നിയമത്തിന് കീഴിലുള്ള എല്ലാ അസസ്മെന്റുകളും 2017-18 വരെ തീര്‍ന്നതായി കണക്കാക്കണമെന്നും അസോസിയേഷന് ദക്ഷിണേന്ത്യ വൈസ് ചെയര്മാന് എം. ഗണേശന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: