ജനീവ: ആഗോള തലത്തില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22,000 കടന്നു. ആയിരത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം അഞ്ചു ലക്ഷത്തിനടുത്തെത്തി. ലോകമാകെ 1,18,063 പേര്‍ക്ക് രോഗം ഭേദമായി.
നിലവില്‍ ചൈനയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്, 81,285. കഴിഞ്ഞ ദിവസം 67 പുതിയ കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ഇവരെല്ലാം വിദേശത്ത് നിന്ന് എത്തിയവരെന്ന് റിപ്പോര്‍ട്ടുകള്‍. 74,051 പേര്‍ക്ക് രോഗം ഭേദമായി. 3,947 പേര് ചികിത്സയില്‍. ഇതില്‍ 1,235 പേരുടെ നില ഗുരുതരം.
ഏറ്റവുമധികം പേര് മരിച്ചത് ഇറ്റലിയിലാണ്. ചൈനയുടെ ഇരട്ടിയിലധികമാണ് മരണസംഖ്യ. 683 പേര് ബുധനാഴ്ച മാത്രം മരിച്ചു. പുതിയതായി 5,210 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 9,362 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ ചികിത്സയിലുള്ള 57,521 പേരില്‍ 3,489 പേരുടെ നില ഗുരുതരം. മരണത്തില്‍ ചൈനയെ മറികടന്ന സ്പെയ്നില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 655 പേര് മരിച്ചു. പുതിയതായി രണ്ടായിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 25,233 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ഫ്രാന്‍സില്‍ മരണം 1,331 ആയി. നാലായിരത്തോളം പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 20,002 പേര് ചികിത്സയിലാണ്.
ഇന്നലെ 23 പേര് കൂടി മരിച്ചതോടെ ജര്‍മനിയില്‍ മരിച്ചവരുടെ എണ്ണം 229 ആയി. 40,421 പേര്‍ക്കാണ് വൈറസ് ബാധ. ഇന്നലെ മാത്രം 3,098 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുതിയതായി 2,389 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇറാനില്‍ രോഗികളുടെ എണ്ണം മുപ്പതിനായിരത്തിലേക്ക്. 157 പേരാണ് ഇന്നലെ മാത്രം ഇറാനില്‍ മരിച്ചത്. ആകെ മരണം 2,234. ഇവിടെ കര്‍ഫ്യു ഏപ്രില്‍ 11 വരെ നീട്ടി.
കൊറോണ പിടിമുറുക്കിയിട്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ താമസം നേരിട്ട ബ്രിട്ടനിലെ സ്ഥിതി വഷളാകുന്നു. 465 പേര് മരിച്ചു. 9,529 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 434 പേര് മരിച്ച നെതര്‍ലന്‍ഡ്സില്‍ രോഗബാധിതരുടെ എണ്ണം 7,431 ആയി. പാക്കിസ്ഥാനില്‍ 67 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിതര്‍ 1,130 ആയി. എട്ടു പേരാണ് മരിച്ചത്.
സ്വിറ്റ്സര്‍ലന്‍ഡില്‍ ഇന്നലെ മാത്രം 19 പേര് മരിച്ചു. ആകെ മരണം 172. 678 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ വൈറസ് ബാധിതര്‍ 11,575. വൈറസ് ബാധയെ നേരിടുന്നതില്‍ മികവ് കാട്ടിയ ദക്ഷിണ കൊറിയയില്‍ ഇന്നലെ അഞ്ച് പേര് മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 131 ആയി. വൈറസ് സ്ഥിരീകരിച്ച 9,241 പേരില്‍ 4,144 പേര്‍ക്ക് രോഗം ഭേദമായി.
ഓസ്ട്രേലിയയില്‍ പുതിയതായി 130 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 2,806. മരണം 13 ആയി. ബെല്‍ജിയത്തില്‍ 42 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ബെല്‍ജിയത്തില്‍ മരിച്ചവരുടെ എണ്ണം 220 ആയി. 6,235 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 12 വരെയാണിത്. ജപ്പാനില്‍ 1,307 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചവത്. 45 പേര് മരിച്ചു. ലിബിയയില്‍ ബുധനാഴ്ച ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സൗദിയില്‍ മൂന്നാമത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 1,000 കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: