തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 138 ആയി. 126 പേരാണ് ഇപ്പോള്‍ ചികിത്സയില്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര് കണ്ണൂര്‍ ജില്ലയില്‍ നിന്നാണ്. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ മൂന്നു പേര്‍ക്ക് വീതവും തൃശൂരില്‍ രണ്ടു പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലയില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വയനാട്ടില്‍ ആദ്യമായാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടുക്കിയില്‍ തദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട പൊതുപ്രവര്‍ത്തകനാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊച്ചിയില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേര് ഇന്നലെ ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും രണ്ട് ബ്രിട്ടീഷുകാരുമാണ് ഡിസ്ചാര്‍ജായത്. പത്തനംതിട്ടയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവാണ്.
സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ 126 പേര് ചികിത്സയിലുണ്ട്. നിരീക്ഷണത്തിലുള്ള 1,20,003 പേരില്‍ 601 പേര് ആശുപത്രിയിലും 1,01,402 പേര് വീടുകളിലുമാണ്. ഇന്നലെ മാത്രം 136 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങളുള്ള 5342 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ ലഭ്യമായ 3768 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
സന്നദ്ധസേന രൂപീകരിക്കുന്നു
സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പകരം 2,36,000 പേര് അടങ്ങുന്ന സന്നദ്ധസേനയെ നിയോഗിക്കും. 22 മുതല്‍ 40 വയസ്സ് വരെയുള്ളവരെയാണ് സന്നദ്ധസേനയില്‍ പങ്കാളികളാക്കുക. സര്‍ക്കാരിന്റെ സാമൂഹ്യസന്നദ്ധ സേനയുടെ ‘സന്നദ്ധം’ എന്ന വെബ്പോര്‍ട്ടല്‍ വഴി ഇതിലേക്ക് യുവാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. 941 പഞ്ചായത്തുകളില്‍ 200 വീതവും 87 മുനിസിപ്പാലിറ്റികളില്‍ 500 വീതവും ആറ് കോര്‍പ്പറേഷനുകളില്‍ 750 വീതവും സന്നദ്ധപ്രവര്ത്തകരുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: