തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്ലാതെ വാടക വീട്ടില്‍ കഴിയുന്നവര്‍ക്ക് റേഷന്‍ കടകള്‍ വഴി ഭക്ഷ്യധാന്യം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ആധാര്‍ നമ്പര്‍ പരിശോധിച്ച് ഭക്ഷ്യധാന്യം സൗജന്യമായി നല്‍കും, മുഖ്യമന്ത്രി അറിയിച്ചു.
ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ സേവനങ്ങളെ അവശ്യസേവനങ്ങളായി പ്രഖ്യാപിച്ചു. കേന്ദ്ര ഉത്തരവ് പ്രകാരം വെറ്റിനറി ആശുപത്രികളെയും ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കി. ബേക്കറികള്‍ ഉള്‍പ്പെടെയുള്ളവ തുറക്കണം. വിലക്കയറ്റം പരിഹരിക്കുന്നതിന് ഒരു ഉന്നതതല സംഘം പ്രവര്‍ത്തിക്കും.
മാര്‍ച്ചില്‍ കാലാവധി അവസാനിക്കുന്ന ബിഎസ്4 രജിസ്ട്രേഷന് കാലാവധി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. പുതിയ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ഏര്‍പ്പെടുത്തിയ നികുതി വര്‍ധന ആ തീയതിക്ക് മുന്‍പ് താല്‍ക്കാലിക റജിസ്ട്രേഷന് നടത്തിയ വാഹനങ്ങള്‍ക്ക് ബാധകമാകില്ല. അപേക്ഷ നല്കുന്നതില് കാലതാമസം വരുന്നതുമൂലം ചുമത്തുന്ന കോമ്പൗണ്ടിങ് ഫീസും പിഴയും ഒഴിവാക്കും.
ജിഫോറം സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഒരുമാസം നീട്ടി. അവശ്യസാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങളെ മോട്ടര്‍ വാഹനനിയമം അനുസരിച്ച് പെര്‍മിറ്റ് എടുക്കുന്നതില്‍നിന്ന് ഒഴിവാക്കി. വെയര്‍ഹൗസുകളുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കി. സംസ്ഥാനത്തെ എണ്ണൂറ് ഹോട്ടലുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനായി ഉടമകള്‍ വിട്ട് നല്‍കും. കാറ്ററിങ്ങുകാര്‍ കമ്യൂണിറ്റി കിച്ചണുമായി സഹകരിക്കും.
ബാങ്കുകള്‍ നല്കുന്ന സ്വര്‍ണപണയ വായ്പ നാലു ശതമാനം പലിശനിരക്കില്‍ തിരിച്ചടയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം റിസര്‍വ് ബാങ്ക്ഗവര്ണര്ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
കമ്യൂണിറ്റി കിച്ചന് ആരംഭിച്ചു
നാല്‍പ്പത്തിമൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ കമ്യൂണിറ്റി കിച്ചന് ആരംഭിച്ചു. 941 പഞ്ചായത്തുകളുള്ളതില്‍ 861 പഞ്ചായത്തുകള്‍ കമ്യൂണിറ്റി കിച്ചണുള്ള സ്ഥലം സജ്ജമാക്കി. 87 മുനിസിപ്പാലിറ്റികളില്‍ 84 ഇടത്തും സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ആറ് കോര്‍പ്പറേഷനുകളില്‍ ഒമ്പതിടങ്ങളിലായി കമ്യൂണിറ്റി കിച്ചന് ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഭക്ഷണവിതരണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: