ശബരിമല അയ്യപ്പദര്‍ശനം ശുഭകരമായി നടത്തുന്നതിന് വീടുകള്‍ തോറും അയ്യപ്പന്‍മാര്‍ നടത്തിവരുന്ന ചടങ്ങാണ് ശാസ്താംപാട്ട്. ശാസ്താവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പാട്ടാണിത്. വൃശ്ചികമാസം ഒന്നുമുതല്‍ 41 ദിവസം കഠിനവ്രതം അനുഷ്ഠിച്ച് മണ്ഡലകാലത്ത് അയ്യപ്പദര്‍ശനം നടത്തുന്നതിനുവേണ്ടി അയ്യപ്പന്മാര്‍ ഒരുങ്ങുന്നു. കൃത്യമായ വ്രതാനുഷ്ഠാനം ഇല്ലാതെ അയ്യപ്പദര്‍ശനം നടത്താന്‍ വരുന്നവരെ പുലിപിടിക്കും എന്നുള്ള ഒരു പഴയ വിശ്വാസമുണ്ടായിരുന്നു.
ആദ്യമായി ശബരിമലയ്‌ക്ക് പോകുന്ന അയ്യപ്പന്‍ പാട്ടുകഴിക്കുക പതിവാണ്. കെട്ട് നിറക്കുന്ന ദിവസം, മുറ്റത്ത് വലിയ പന്തല്‍ ഇടുകയും കുരുത്തോല തോരണങ്ങള്‍ ഉപയോഗിച്ച് പന്തല്‍ അലങ്കരിക്കുകയും ചെയ്യുന്നു. മാളികപ്പുറത്തമ്മ, അയ്യപ്പന്‍ എന്നിവരുടെ ചിത്രങ്ങള്‍ പന്തലില്‍ വയ്‌ക്കുകയും, ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ സന്ധ്യാദീപം കൊളുത്തുകയുംചെയ്യും. ഈ സമയത്ത് അയ്യപ്പന്‍മാര്‍ ശരണം വിളിക്കും. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ അയ്യപ്പ ഭക്തിഗാനങ്ങള്‍ ആലപിക്കുകയും ചെയ്യും. അയ്യപ്പസ്വാമിയുടെ ജനനം, ജീവിതം, ബാല്യകാലലീലകള്‍ തുടങ്ങിയവയായിരിക്കും പാട്ടിന്റെ ഇതിവൃത്തം. ഉടുക്കാണ് ശാസ്താം പാട്ടിനുപയോഗിക്കുന്ന പ്രധാന സംഗീതോപകരണം. ഗണപതി, സരസ്വതി കീര്‍ത്തനങ്ങള്‍ക്കുശേഷം ശബരിമലവാസം വരെയുള്ള കീര്‍ത്തങ്ങളാണ് പാടുക. കൂടാതെ ദാരികവധം, ദേവിയെ കുടിയിരുത്താനുള്ള പാട്ടുകള്‍, കചന്റെയും ദേവയാനിയുടെയും കഥകള്‍, അയ്യപ്പന്‍ പുലിപ്പാലിനു പോയ കഥകള്‍ എന്നിവ അവതരിപ്പിക്കും. മുത്താളം, നാലാംതാളം, തൃപുട, എണ്ണിത്താളം, ചൂഴാദി, രൂപം ചെമ്പട, എന്നീ പ്രാചീന താളങ്ങളാണ് ശാസ്താംപാട്ടില്‍ ഉപയോഗിക്കുക. ക്ഷേത്ര അന്തരീക്ഷത്തില്‍ ചടങ്ങുകളുംചിട്ടകളും നോക്കാതെതന്നെ ശാസ്താംപാട്ടുകള്‍ പാടിവരാറുണ്ട്. ദീപാരാധനയ്‌ക്കുശേഷം ശാസ്താംപാട്ടുകള്‍ നടപ്പന്തലില്‍ ഇരുന്നാണ് പാടുക.
(നാളെ: സംഗീതത്തിന്റെ പിതാമഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: