വടശ്ശേരിക്കര (പത്തനംതിട്ട): ‘എന്തോ മഹാമാരി ലോകം മുഴുവന്‍ ഉണ്ടെന്ന് അവര്‍ക്കറിയാം. പക്ഷെ അതു കൊറോണ ആണെന്നോ, എന്ത് കരുതല്‍ സ്വീകരിക്കണമെന്നോ അറിയില്ല. പത്തനംതിട്ട ജില്ലയിലെ ഗവി അടക്കമുള്ള വനവാസി ഊരുകളില്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു ബോധവത്കരണവും നടന്നിട്ടില്ല.
ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ഗവിയില്‍ കഴിഞ്ഞ മാസം വരെ വിദേശികള്‍ എത്തിയിരുന്നു.അതില്‍ ഇറ്റലിക്കാരുമുണ്ടായിരുന്നെന്ന് പറയുന്നുണ്ടെങ്കിലും അത് നിരാകരിക്കാനോ സ്ഥിരീകരിച്ച് തുടര്‍ ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ ഇവിടേക്ക് എത്തിയിട്ടില്ല. ജില്ലയില്‍ 41 ഊരുകളിലായി ഏതാണ്ട് 2200 കുടുംബങ്ങളുണ്ട്. ഇതില്‍ അത്തോട്ടിലെ 180 കുടുംബങ്ങളും, ളാഹ-രാജാമ്പാറ ഗിരിജന്‍ കോളനിയിലെ 40 കുടുംബങ്ങളും, മഞ്ഞത്തോട്ടിലെ 15 കുടുംബങ്ങളും, വേലന്പ്ലാവിലെ 15 കുടുംബങ്ങളും നേരിയ തോതില്‍ പുറംലോകവുമായി ബന്ധമുള്ളവരാണ്.
എന്നാല്‍, ശബരിമല വനത്തില്‍ കഴിയുന്ന 40 കുടുംബങ്ങള്‍ തികച്ചും ഭൂരഹിതരായ വനവാസികളാണ്. മലംപണ്ടാര വിഭാഗത്തിലുള്ള ഇവര്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമില്ലെന്ന ആശ്വാസത്തിലാണ് സാമൂഹിക പ്രവര്‍ത്തകര്‍. അതിനാല്‍ ഇവിടത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ക്കും ഒരു ശുഷ്കാന്തിയില്ല. പക്ഷെ, അവിടെ കൊറോണ പോലൊരു പ്രശ്നം വന്നാല്‍ പ്രതിരോധിക്കുക അത്ര എളുപ്പമല്ലെന്ന ആശങ്കയും നിലനില്ക്കുന്നു.
കൊറോണയുമായി ബന്ധപ്പെട്ട് ഇവരെ തെറ്റിദ്ധരിപ്പിക്കുന്ന പറച്ചിലുകളും ഏറെയുണ്ട്. വെളിയിലെല്ലാം വെള്ള പൊടി വാരിയിട്ടിട്ടുണ്ടെന്നും അതിനടുത്തു പോയാല്‍ മരിച്ചുപോകുമെന്നും ആരോ പറഞ്ഞിരുന്നുവെന്ന് മഞ്ഞത്തോട്ടിലെ വനവാസികളില്‍ ചിലര്‍ പറഞ്ഞു. അതുകേട്ട് പുറത്തിറങ്ങുവാന്‍പോലും ഇവര്‍ ഭയപ്പെടുകയാണ്.
കഴിഞ്ഞ ദിവസം ഇവിടെ സാമൂഹിക ക്ഷേമ വകുപ്പിലെ ചിലരെത്തി ഇവിടുള്ളവരെ കൈ കഴുകുന്ന വിധം പഠിപ്പിച്ചിരുന്നു. കൈ കഴുകേണ്ട ആവശ്യകതയെ കുറിച്ചും, സോപ്പിനെ കുറിച്ചുമൊക്കെ പറയുകയും, മാധ്യമങ്ങളിലൂടെ അതിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അന്ന് ഒരു സോപ്പ് 15 കഷണങ്ങളാക്കി മുറിച്ച് 15 കുടുംബങ്ങള്‍ക്ക് നല്കുകയായിരുന്നുവെന്നാന്ന് അവര്‍ പറയുന്നത്. അതിനു ശേഷം ഇന്നുവരെ അവര്‍ സോപ്പ് കണ്ടിട്ടില്ല.
വെള്ളിയാഴ്ച ദിവസങ്ങളില്‍ റാന്നി-പെരുനാട് പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ സന്ദര്‍ശിക്കുന്നത് മാത്രമാണ് ആശ്വാസം. ഇന്നലെ പനി ബാധിച്ച് ഒരു വനവാസി പെരുനാട് പിഎച്ച്സിയില്‍ എത്തിയിരുന്നു. അയാള്‍ പിന്നീട് ഊരിലേക്ക് തന്നെ തിരിച്ചു പോയി. നേരിയ തോതില്‍ വേനല്‍ മഴ ആരംഭിച്ചതോടെ ഊരുകളില്‍ നിരവധി പേര്‍ക്ക് പനിയും ജലദോഷവുമുണ്ട്. എന്നാല്‍, മതിയായ ചികിത്സ ലഭ്യമല്ല.
ഇവര്‍ക്ക് പുറംലോകവുമായി ബന്ധമില്ലാത്തതിനാല്‍ ബോധവത്കരണത്തിന്റെയും സുരക്ഷാനടപടികളുടെയും കാര്യമില്ലെന്ന വാദം ശരിയല്ലെന്ന് സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പാണ് ഇവര്‍ക്ക് ബോധവത്കരണം ലഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടത്. അവരിതിന് തയാറായിട്ടില്ല. വനം വകുപ്പും, സാമൂഹിക ക്ഷേമ വകുപ്പും യാതൊരു നടപടിയും സ്വീരിച്ചിട്ടില്ല. ആരോഗ്യ വകുപ്പും വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ല. താരതമ്യേന കാര്യക്ഷമമായി ഇടപെടാറുള്ള ജില്ലാ ഭരണകൂടവും വനവാസികളുടെ കാര്യത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: