ന്യൂദല്‍ഹി: കൊറോണ വൈറസ് രാജ്യത്ത് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ 80 കോടി പാവങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് 15 കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നല്‍കും. ഓരോ മാസവും 5കിലോ അരിയും ഗോതമ്പും ആണ് നല്‍കുക. കൊറോണ പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി. നിലവില്‍ നല്കുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരിക്കുമിത്. അഞ്ച് കിലോ അരിയോ ഗോതമ്പ് ഏതാണ് ആവശ്യമെങ്കില്‍ അത് തിരഞ്ഞെടുക്കാം. അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക. ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാം.
- രാജ്യത്തെ 8.69 കോടി കര്‍ഷര്‍ക്ക് അവരുടെ അക്കൗണ്ടിലേക്കു ഉടന്‍ 2000 രൂപ നല്‍കും.
- ഏപ്രില്‍ ഒന്നിന് പണം അക്കൗണ്ടില്‍ പണം എത്തും.
- തൊഴിയുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടും.
- വിധവകള്‍ക്ക് 1000 രൂപ നല്‍കും.
- പാവപ്പെട്ട മുതിര്‍ന്ന പൗരന്മാര്ക്കും 1000 രൂപ വീതം നല്‍കും.
- 20 കോടി വനിതകള്‍ക്ക് മൂന്ന് മാസത്തേക്ക് ജന്‍ധന്‍ അക്കൗണ്ടില്‍ 500 രൂപ വീതം നല്‍കും.
- പാവപ്പെട്ടവര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കും.
- അടുത്ത മൂന്നു മാസത്തേക്ക് ജീവനക്കാരുടെയും തൊഴില്‍ ഉടമയുടെയും പിഎഫ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കും.
- 100 ജീവനക്കാര്‍ ഉള്ളതും അതില്‍ 90% ജീവനക്കാര്‍ 15,000 രൂപയില്‍ താഴെ വേതനം ഉള്ളവര്‍ക്കും മാത്രമാകും ആനുകൂല്യം
- പിഎഫില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: