ന്യൂദല്‍ഹി : കോവിഡ് 19 പ്രതിരോധത്തിനായുള്ള ഹൈഡ്രോക്സി ക്ലോറോക്വിന് ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നു കടകള്‍ വില്‍ക്കരുതെന്ന് കര്‍ശ്ശന നിര്‍ദ്ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍. ഹൈഡ്രോക്സി ക്ലോറോക്വിന് കൊറോണ വൈറസ് പ്രതിരോധത്തിനായി ഫലപ്രദമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെ ജനങ്ങള്‍ വ്യാപകമായി ഈ മരുന്ന് വാങ്ങിവെയ്ക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.
രോഗം വരാതെ തടഞ്ഞുനിര്‍ത്തുന്നതിനുളള പ്രിവന്റീവ് മരുന്നായി മലേറിയ രോഗത്തിനുളള ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗിക്കുന്നതിന് ഇന്ത്യ അനുമതി നല്‍കിയിരുന്നു. എങ്കിലും വലിയതോതിലുളള പരീക്ഷണത്തിലൂടെ മാത്രമേ ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമോ എന്ന നിഗമനത്തില്‍ എത്താന്‍ കഴിയുകയുളളൂവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഹൈഡ്രോക്സിന്‍ ക്ലോറോക്വിന് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാമെങ്കിലും പതിനഞ്ച് വയസ്സില്‍ താഴെയുള്ളവര്‍ക്കും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഹൈഡ്രോക്സി ക്ലോറോക്വിന് നല്‍കരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സാര്‍സ് കോവിഡിനെതിരേ ഹൈഡ്രോക്സി ക്ലോറോക്വിന് ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മരുന്നിന്റെ കയറ്റുമതി കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ഹൈഡ്രോക്സി ക്ലോറോക്വിന് അടക്കമുള്ള മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നിര്‍ദേശങ്ങളും ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. കോവിഡ് രോഗികളേയോ രോഗലക്ഷണങ്ങളുള്ളവരെയോ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികളുമായോ രോഗലക്ഷണങ്ങളുള്ളവരുമായോ സമ്പര്‍ക്കത്തിലേര്‍പ്പെട്ട കുടുംബാംഗങ്ങള്‍ക്കും ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ജനങ്ങള്‍ ഫാര്‍മസികളില്‍ പോയി മരുന്ന് വിവേകമില്ലാതെ വാങ്ങിച്ചു കൂട്ടുകയാണ്.
ഹൈഡ്രോക്സി ക്ലോറോക്വിന് കോവിഡ് രോഗികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇതു നല്കുന്ന രോഗികള്‍ പിന്നീട് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഈ മരുന്ന് എല്ലാവര്ക്കും ഉള്ളതല്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ സാംക്രമിക രോഗം വിഭാഗം മേധാവി രാമന് ആര് ഗംഗാഖേധ്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: