കാസര്‍കോട്: കൊറോണ വൈറസ് ബാധതയുടെ സാമൂഹിക വ്യാപനം എത്രത്തോളം സംഭവിച്ചിട്ടുണ്ടെന്നതിന്റെ പരിശോധന ഫലങ്ങള്‍ വരുന്ന ഇന്നും നാളെയും കാസര്‍കോടിനെ സംബന്ധിച്ച് നിര്‍ണ്ണായക ദിനങ്ങളാണ്. സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരുടേത് ഉള്‍പ്പടെ 77 പേരുടെ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതില്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടെങ്കില്‍ ഇന്ന് അറിയാം. ഈ പരിശോധനാഫലത്തിലൂടെ സമൂഹവ്യാപനം ഉണ്ടായോ എന്നകാര്യം വ്യക്തമാകും. കൂടുതല്‍ പേര് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതാണ് ജില്ലാ ഭരണകൂടത്തിന് ആശങ്കയുണ്ടാക്കുന്നത്.
രണ്ടാമത്തെ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ഫലവും ഇന്ന് വരും. 44 പേര് ഇതിനോടകം കാസര്‍കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാമത്തെ രോഗിയില്‍ നിന്ന് ഏഴാമത്തെ രോഗിയിലേക്ക് എത്തിയ 20 മിനിറ്റിനെക്കുറിച്ചാണ് തങ്ങള്‍ക്ക് ആശങ്കയെന്ന് ജില്ലാകളക്ടര്‍ ഡോ.ഡി സജിത്ബാബു വ്യക്തമാക്കുന്നു. ഈ 20 മിനിട്ടിനുള്ളില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടോയെന്ന് ഇന്നും നാളെയുമായി ലഭിക്കുന്ന പരിശോധനാഫലങ്ങളിലൂടെ അറിയാനാകും.
അതില്‍ കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ ആള് മാത്രമാണ് 4 ടെസ്റ്റിലും നെഗറ്റീവ് ആയി പൂര്‍ണമായും രോഗ മുക്തി നേടിയതെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് പറഞ്ഞു. മറ്റു 44 പേരും ഇപ്പോഴും കോവിഡ് ബാധിതരാണ്. അവരുടെ അടുത്ത മൂന്ന് ടെസ്റ്റുകളും നെഗറ്റീവ് ആയാല്‍ മാത്രമേ രോഗമുക്തരാണെന്ന് ഉറപ്പിക്കാന്‍ സാധിക്കൂ.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒരു അസിസ്റ്റന്റ് സൂപ്രണ്ടിനെ അധികമായി നിയമിച്ചു. സന്നദ്ധ പ്രവര്‍ത്തനം സര്‍ക്കാര്‍ അനുമതി ഇല്ലാതെ നടത്തരുത്. രോഗികളെ ഇനി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മംഗളുരു പാത അടച്ചത് കൊണ്ടാണ് തീരുമാനം. തെരുവില്‍ അനാവശ്യമായി ആളുകളെ കണ്ടാല്‍ അറസ്റ്റ് ചെയ്യുമെന്നും കലക്ടര്‍ വ്യക്തമാക്കി.
കാസര്‍കോട്ട് അടിയന്തിരമായി ഏഴ് വെന്‍ഡിലേഷന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: