പത്തനംതിട്ട: സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന കൊറോണ കേസുകള്‍ കണക്കിലെടുത്ത് ആവശ്യമെങ്കില്‍ രാത്രിയും പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ എല്ലാ മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ക്കും വിതരണക്കാര്‍ക്കും പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന് (പെസോ) നിര്‍ദേശം നല്കി. ഇതു സംബന്ധിച്ച ഉത്തരവ് പെസൊ കേരള ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ആര്. വേണുഗോപാല്‍ പുറപ്പെടുവിച്ചു.
അടിയന്തര ഘട്ടങ്ങളില്‍ ആശുപ്രതികളില്‍ ഓക്സിജന്റെ ലഭ്യത ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഫില്ലിങ്ങ് പ്ലാന്റുകള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. ഇതിനായി പ്ലാന്റുകള്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണം. ജീവനക്കാര്‍ കുറച്ചുപേര്‍ അവധിയില്‍ പ്രവേശിക്കേണ്ട സാഹചര്യമുണ്ടാവുകയോ ശുചീകരണത്തിനായി പ്ലാന്റ് അടച്ചിടുകയോ ചെയ്താല്‍ ഉത്പാദനത്തിലും വിതരണത്തിലുമുണ്ടാകുന്ന കുറവ് നികത്താനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. രോഗവ്യാപനത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിച്ച് ദൗര്‍ലഭ്യം നേരിടാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങള്‍ മനസ്സിലാക്കി അവിടെയുള്ള ആശുപ്രതികളില്‍ മുന്‍കൂറായി ഓക്സിജന്‍ എത്തിക്കണം. രാത്രിയും പ്രവര്‍ത്തിക്കേണ്ട സാഹചര്യം വന്നാല്‍ അനുമതിക്കായി പെസൊയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.
മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റുകളിലെയും വിതരണ ഏജന്‍സികളിലെയും ജീവനക്കാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുകയും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുകയും വേണം. പ്ലാന്റുകളും ഓഫീസുകളും വാഹനങ്ങളും അണുവിമുക്തമാക്കണം. മൊത്തമായും സിലിണ്ടറായും ഓക്സിജന്‍ വിതരണം ചെയ്യുമ്പോള്‍ അവ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തണം. ഉപയോഗത്തിനു ശേഷം സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തതിനു ശേഷം മാത്രമേ തിരികെ നല്‍കാവൂയെന്ന് ആശുപ്രതികളെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
കേരളത്തില്‍ എറണാകുളം-ഏഴ് പാലക്കാട്-മൂന്ന്, തൃശൂര്‍-മൂന്ന്, തിരുവനന്തപുരം-രണ്ട്, കോഴിക്കോട്-രണ്ട്, മലപ്പുറം, കണ്ണൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഒന്ന് വീതമാണ് പെസോ ലൈസന്‍സുള്ള ഓക്സിജന്‍ പ്ലാന്റുകളുള്ളത്. പാലക്കാട് ഇനോക്സ് ഇന്ത്യ ലിമിറ്റഡ്, എറണാകുളം ഏലൂര്‍ പ്രാക്സിയര്‍ ഇന്ത്യ ലിമിറ്റഡുമാണ് ആശുപത്രികളിലേക്ക് മൊത്തമായി വിതരണം ചെയ്യുന്നത്. ബള്‍ക്ക് ഓക്സിജന്‍ സൗകര്യമുള്ള പെസോ ലൈസന്‍സുള്ള 19 ആശുപത്രികളും കേരളത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: