കൊറോണമൂലമുള്ള മരണം ലോകത്ത് ഇരുപതിനായിരത്തിനടുത്തെത്തി. അഞ്ചുലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചതായാണ് വിവരം. ആദ്യം രോഗം ബാധിച്ച ചൈനയേയും മറികടന്ന് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം കൂടി. എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാന്‍ പ്രാപ്തി നേടിയെന്ന് അവകാശപ്പെടുന്ന അമേരിക്കയിലും ഭീതമാംവണ്ണം കൊറോണ ശക്തിപ്രാപിക്കുന്നു. 65 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് മാരകമായി രോഗം പിടികൂടുക എന്ന നിഗമനവും അമേരിക്കയില്‍ തന്നെയാണ് തള്ളപ്പെട്ടത്. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത് 18 വയസ്സുകാരനാണ്. ഇതുനല്‍കുന്ന സൂചന പ്രായഭേദമന്യേ ആര്‍ക്കും കൊറോണ പിടികൂടി അപകടപ്പെടുത്തുമെന്ന് തന്നെയാണ്.
കരുതലും ജാഗ്രതയും അകലം പാലിച്ചുള്ള പെരുമാറ്റവും കൊണ്ടേ രോഗത്തെ അകറ്റിനിര്‍ത്താന്‍ കഴിയൂ. ഇന്ത്യ ഇത് നേരത്തെ തന്നെ തിരിച്ചറിഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന നിഷ്കര്‍ഷങ്ങള്‍ പാഴ്വാക്കുകളല്ല. ലോകരാജ്യങ്ങളില്‍ കൊറോണക്കെതിരെ മുന്‍കരുതലെടുക്കേണ്ടതിന്റെ പ്രാധാന്യം നമ്മുടെ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിയാലോചന നടത്തി അപകടങ്ങള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കിയത് ലോകം പ്രതീക്ഷയോടെ കാണുകയാണ്. ഇനി ജി20 രാജ്യത്തലവന്മാരുടെ കൂടിക്കാഴ്ചയ്ക്കും നരേന്ദ്ര മോദിയാണ് മുന്‍കൈ എടുക്കുന്നത്. രോഗത്തിന്റെ ഭീഷണിയെ നേരിടാനും ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാനും കഴിഞ്ഞ ഞായറാഴ്ച ജനതാകര്‍ഫ്യൂ പ്രഖ്യാപിച്ചത് ജനങ്ങള്‍ ഹൃദയപൂര്‍വം അംഗീകരിച്ചതാണ്. വരാന്‍പോകുന്ന കടുത്ത നടപടികളുടെ ആദ്യപടിയാണ് ജനതാകര്‍ഫ്യൂ എന്ന് സൂചന നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് 21 ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപനം.
സമ്പൂര്‍ണമായ കര്‍ഫ്യൂവിനോടൊപ്പം ബഹുഭൂരിപക്ഷം ജനങ്ങളും സഹകരിക്കുന്നു. കടകള്‍ അനാവശ്യമായി തുറക്കാതെയും റോഡിലിറങ്ങാതെയും അകലം പാലിച്ചും ജനങ്ങള്‍ പെരുമാറുമ്പോള്‍ ഏതാനും ആള്ക്കാര് വെല്ലുവിളിയുമായി രംഗത്തുണ്ട്. അവര്‍ സാധാരണക്കാരാണെങ്കില്‍ പ്രശ്നത്തിന്റെ ഗൗരവം ബോധ്യമാകാത്തതുകൊണ്ടാണെന്ന് പറയാം. എന്നാല്‍ കേരളത്തില്‍ ചില മന്ത്രിമാര്‍പോലും കേന്ദ്ര വിരോധം മനസ്സില്‍ വച്ച് കര്‍ഫ്യൂവിനെതിരെ കയര്‍ക്കുകയാണ്. അതില്‍ മുന്നില്‍ നില്‍ക്കുന്നത് ധനമന്ത്രി തന്നെയാകുമ്പോള്‍ പ്രശ്നത്തിന്റെ ഗൗരവം വര്‍ധിക്കുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ ഡോ. ഐസക്കിന്റെ വാക്കുകള്‍ സഹായിക്കും. വരുംവരായ്കകള്‍ നോക്കാതെ കര്‍ഫ്യൂ പ്രഖ്യാപിച്ചെന്ന് പറയുന്ന മന്ത്രി, മുഖ്യമന്ത്രിയെടുക്കുന്ന നടപടികളെ പോലും വിലകുറച്ച് കാണുകയാണ്. 20000 കോടി പാക്കേജ് മുഖ്യമന്ത്രി പറയുമ്പോള്‍ എവിടെയുണ്ട് ഇത്രയും കാശെന്നാണ് ധനമന്ത്രി ചോദിക്കുന്നത്.
ഏത് സാമ്പത്തിക പ്രതിസന്ധികളെയും അതിജീവിക്കാനും മറ്റ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും രാജ്യത്തിന് കരുത്തുണ്ട്. അതിന്റെ തുടക്കമാണ് ഭക്ഷ്യദൗര്‍ലഭ്യം സംഭവിക്കാതിരിക്കാന്‍ കേന്ദ്രമന്ത്രിസഭയെടുത്ത തീരുമാനം. 80 കോടി ജനങ്ങള്‍ക്ക് സൗജന്യനിരക്കില്‍ ഭക്ഷ്യധാന്യം നല്‍കാനുള്ള തീരുമാനമാണുണ്ടായത്. കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളും മൂന്നുമാസത്തെ ഭക്ഷ്യധാന്യങ്ങള്‍ എടുക്കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. പട്ടിണിപ്പാവങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നതിന് ഉള്‍പ്പെടെയാണിത്. മഹാദുരന്തങ്ങളെ സാമ്പത്തിക നേട്ടത്തിനായി ആരെങ്കിലും കാണുന്നെങ്കില്‍ അത് അപകടകരമാണ്. സാധനങ്ങളും ഉപദേശങ്ങളും ഒന്നും വേണ്ട. കേന്ദ്രം പണം തന്നാല്‍ മതിയെന്ന ചിന്താഗതി ഗുണകരമല്ല. കിട്ടിയപണം യഥാവിധി ഉപയോഗപ്പെടുത്തുന്നില്ലെന്ന പരാതി കേരളത്തെക്കുറിച്ച് നേരത്തെ ഉണ്ടല്ലോ. ഇത് പറയേണ്ട സമയമല്ല ഇതെന്നറിയാം. പക്ഷേ ഇത് പറയിപ്പിക്കരുതായിരുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ നല്ല രീതിയില്‍ തന്നെ അംഗീകരിച്ച് മുന്നോട്ടുപോകുന്നുണ്ട്. കര്‍ഫ്യൂവിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യധാന്യം എല്ലാവര്ക്കും നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹമാണ്. ബാറുകള്‍ അടച്ചുപൂട്ടണമെന്നും മദ്യവില്‍പ്പന നിര്‍ത്തിവയ്ക്കണമെന്നുമുള്ള ആവശ്യത്തോട് അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന സര്‍ക്കാര്‍ ഒടുവില്‍ മദ്യവില്‍പ്പന നിര്‍ത്തിവച്ചത് സന്തോഷകരമാണ്. ‘വയം പഞ്ചാധികംശതം’ എന്ന തത്വം മഹാമാരിയെ നേരിടാന്‍ മുറുകെ പിടിക്കാം. അത് മാത്രമാണ് രക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: