കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിനിടെയും ഗുണ്ടായിസവുമായി കളമശേരി സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്. ലോക് ഡൗണിന്റെ ഭാഗമായി റോഡിലിറങ്ങുന്നവരെ തടയുകയും ബോധവല്‍ക്കരിക്കുകയും ചെയ്ത പോലീസുകാരെ ഭീഷണിപ്പെടുത്തിയാണ് സക്കീര്‍ ഹുസൈന് വീണ്ടും വിവാദത്തിലായത്. വെളിയില്‍ ഇറങ്ങുന്ന ആളുകള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാട്ടി, പോലീസ് നല്കുന്ന പ്രത്യേക പാസ് കാട്ടി, തക്കതായ കാരണം കാട്ടിയില്ലെങ്കില്‍ തടയണമെന്നാണ് പോലീസിന് നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, ഇന്നലെ റോഡിലിറങ്ങിയ, പ്രതിരോധത്തിന് മുഖാവരണം ധരിക്കാതെ ആഡംബര കാറില്‍ സഞ്ചരിച്ച സക്കീര്‍ ഹുസൈനെ പോലീസ് തടഞ്ഞു. യാത്രയുടെ ആവശ്യം ചോദിച്ച്, അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍, ഞാന്‍ സിപിഎം ഏരിയാ സെക്രട്ടറിയാണെന്നും സക്കീര്‍ ഹുസൈനാണെന്നും തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ അവഗണിച്ച് മുന്നോട്ട് പോകുകയായിരുന്നു.
കളമശേരി പോലീസ് സ്റ്റേഷനിലെ ഗൂണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തികൂടിയാണ് സക്കീര്‍ ഹുസൈന്. വെണ്ണലയിലെ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പാലാരിവട്ടം പോലീസ് സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. സംഭവം വിവാദമായതോടെ ഇയാളെ കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും എളമരം കരീം അന്വേഷണം നടത്തുകയും ചെയ്തു. അന്ന് സക്കീര്‍ ഹുസൈന് നിരപരാധിയാണെന്നായിരുന്നു കണ്ടെത്തല്‍.
ഇതോടെ 2017 നവംബറില്‍ സക്കീര്‍ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി. അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ സക്കീറിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സി.എം. ദിനേശ്മണി, പി.ആര്. മുരളീധരന് എന്നിവരെ പാര്‍ട്ടി നിയോഗിച്ചു. ഇതിനിടെ, കളമശേരി എസ്ഐ അമൃതരംഗനെ ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി. ഏറ്റവും ഒടുവിലാണ് പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സക്കീറിന്റെ പേര് ഉയര്‍ന്നത്. പ്രളയ ഫണ്ട് തട്ടിപ്പില്‍ വിവാദമായ അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ സിയാദ് വാഴക്കാല കഴിഞ്ഞ ഞായറാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ ആത്മഹത്യാ കുറിപ്പില്‍ സക്കീറിന്റെ പേരുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: