ന്യൂദല്‍ഹി : രാജ്യത്ത് ലോക്ഡൗണ്‍ ഉള്‍പ്പടെ കര്‍ശ്ശന നടപടികള്‍ കൈക്കൊണ്ട സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് താക്കീത് നല്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ ഭക്ഷണത്തിനും മറ്റ് അവശ്യ വസ്തുക്കള്‍ക്കും ക്ഷാമം ഉണ്ടാകുമെന്ന വിധത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ആളുകള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്ന വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2005ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് (ലോക്ക് ഡൗണ്‍) അനുസരിച്ചാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയ്ക്കു ക്ഷാമമില്ലെന്നു ജനങ്ങളെ അറിയിക്കണം.
സമാധാനം നിലനിര്‍ത്താനാവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ സമയത്ത് യാത്ര അനുവദിക്കുന്ന സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമേ മുതിര്‍ന്ന ഒരാള്‍ മാത്രമേ പാടുള്ളൂവെന്നു കേരള സര്‍ക്കാര്‍ ഉത്തരവിറക്കി.
മരുന്നും മറ്റ് അവശ്യ സാധനങ്ങളും വാങ്ങാനുള്ള യാത്രയ്ക്കു മാത്രമേ ഇവ ഉപയോഗിക്കാവൂ. ഓട്ടോ, ടാക്സി എന്നിവ അടിയന്തര ആശുപത്രി സേവനങ്ങള്‍ക്കു മാത്രമേ അനുവദിക്കൂ. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ തൊട്ടടുത്ത കടയില്‍ മാത്രം പോകാം. അധികം ദൂരേയ്ക്ക് പോകരുതെന്നും കേന്ദ്രം കര്‍ശ്ശ നിര്‍ദ്ദേശങ്ങള്‍ ഇറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: