ന്യൂയോര്‍ക്ക്: ചൈനയിലെ വുഹാനിലാണ് മാരകമായ കൊറോണ പൊട്ടിപ്പുറപ്പെട്ടതെങ്കിലും ഇപ്പോള്‍ അത് തകര്‍ത്തെറിഞ്ഞത് യൂറോപ്പിനെയും അമേരിക്കയെയും. 2019 ഡിസംബറിലാണ് ഹൂബെയിലെ വുഹാനില്‍ വൈറസ് പ്രത്യക്ഷപ്പെട്ടത്. പനി, ചുമ ശ്വാസതടസം എന്നിവയോടെ തുടങ്ങിയ രോഗം ന്യൂമോണിയയുടെ അതിഭീകരമായ പതിപ്പാണെന്ന് പിന്നീടാണ് വ്യക്തമായത്.
നോവല്‍ കൊറോണയെന്നും അറിയപ്പെടുന്ന കോവിഡ് 19 അതിവേഗം ചൈനയിലെ ഹൂബെ പ്രവിശ്യയെ കീഴടക്കി. ഫെബ്രുവരി പകുതിയോടെയാണ് ചൈന, പ്രത്യേകിച്ച് വൂഹാന്‍, വൈറസിന്റെ നീരാളിപ്പിടിത്തത്തിലായത്. അതിനു ശേഷം ശക്തമായ പ്രതിരോധ നടപടികളെത്തുടര്‍ന്ന് രോഗവ്യാപനവും മരണവും കുറഞ്ഞുവന്നു. ഇതിനകം 3277 പേര് മരിച്ചു. നിലവില്‍ 81,171 പേര്‍ക്ക് രോഗബാധയുണ്ട്. പക്ഷെ 73,159 പേര്‍ക്ക് രോഗം പൂര്‍ണ്ണമായി ഭേദമായി. നിത്യവും ഏതാനും പേര് മരിക്കുന്നുണ്ടെങ്കിലും രോഗം ഏറെക്കുറെ നിയന്ത്രണ വിധേയമാണ്.
ഫെബ്രുവരിയിലാണ് ഇറ്റലിയില്‍ രോഗം പ്രത്യക്ഷപ്പെട്ടത്. ഒരൊറ്റ മാസം കൊണ്ട് രോഗം ഭയാനകമായി പടര്‍ന്നു. വടക്കന്‍ ഇറ്റലിയിലെ ലോംബാര്ഡിയാണ് രോഗം തകര്‍ത്തെറിഞ്ഞ മേഖല. ഇവിടത്തെ ബെര്‍ഗാം നഗരമാണ് ഏറ്റവുമധികം മരണങ്ങളുണ്ടായ സ്ഥലം.
ഒന്നര മാസം കൊണ്ട് ചൈനയില്‍ മരണമടഞ്ഞിന്റെ ഇരട്ടിപ്പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതിനകം 6077 പേര് മരിച്ചു. 63,927 പേര്‍ക്കാണ് ഇപ്പോള്‍ രോഗമുള്ളത്. ഇപ്പോഴും ദിവസം ശരാശരി 600 പേര് വീതം മരിക്കുന്നു. സ്പെയ്നില്‍ ഇതിനകം 2311 പേര് മരിച്ചു. അമേരിക്കയില്‍ 582 പേരും ഫ്രാന്‍സില്‍ 860 പേരും ബ്രിട്ടനില്‍ 335 പേരും നെതര്‍ലാന്‍ഡ്സില്‍ 213 പേരും ജര്‍മ്മനിയില്‍ 123 പേരും മരിച്ചു. ലോകത്തേറ്റവും വികസിതമായ അമേരിക്കയില്‍ ദിവസം ശരാശരി 30 പേര് മരിക്കുന്നുണ്ട്.
യൂറോപ്പില്‍ ലക്ഷങ്ങള്‍ക്കാണ് രോഗം പിടിപെട്ടത്. ലോകമാകെ മരിച്ച പതിനാറായിരത്തില്‍പ്പരം പേരില്‍ 90 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമായാണ്. ബജറ്റില്‍ വലിയ തുകകളാണ് ഈ രാജ്യങ്ങള്‍ ആരോഗ്യമേഖലയ്ക്ക് വകയിരുത്തുന്നത്. മാത്രമല്ല ജനസംഖ്യ താരതമ്യേന കുറവായ ഈ രാജ്യങ്ങളില്‍ ആശുപത്രികളടക്കം ആരോഗ്യപരിപാലനത്തിനു വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ധാരാളമായുണ്ട്. അമേരിക്ക ആരോഗ്യം, സാമൂഹ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ക്കായി ബജറ്റിന്റെ വലിയൊരു ഭാഗമാണ് നീക്കി വയ്ക്കുന്നത്.
വിദഗ്ധ ഡോക്ടര്‍മാര്‍, ആശുപത്രികള്‍, അത്യാധുനിക സൗകര്യങ്ങള്‍, ആവശ്യത്തിന് ഫണ്ട്, മരുന്നുകള്‍, ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ എന്നിവയെല്ലാം ധാരാളമുണ്ടായിട്ടും അമേരിക്കയും യൂറോപ്പും, പ്രത്യേകിച്ച് ഇറ്റലിയും സ്പെയ്നും ഫ്രാന്‍സും ബ്രിട്ടനും കൊറോണയില്‍ തകര്‍ന്നടിയുന്നതാണ് കാഴ്ച. അതേസമയം, ഇന്ത്യയടക്കമുള്ള വികസ്വര, അവികസിത രാജ്യങ്ങള്‍ പിടിച്ചു നില്ക്കുന്നതും കാണാം. ഇതെന്തു കൊണ്ട് എന്നതിന് കൃത്യമായ ഉത്തരം ഇനിയും ലഭിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: