കണ്ണൂര്‍: കോവിഡ് 19 വൈറസ് ബാധിതരായ എഴുന്നൂറുപേര്‍ക്കൊപ്പം കപ്പലില്‍ ഒന്നിച്ച് യാത്ര ചെയ്തിട്ടും വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള കാരണം ശരിയായ മുന്‍കരുതലും ജാഗ്രതയും മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കണ്ണൂര്‍ സ്വദേശിയായ ഷാജി. കൊറോണയുടെ സമൂഹവ്യാപനത്തിനെതിരെ മുന്‍കരുതല്‍ പാലിക്കേണ്ടതിന്റെ അനുഭവസാക്ഷ്യവുമായി നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് അമേരിക്കന്‍ കപ്പിലെ സേഫ്റ്റി സെക്യൂരിറ്റി ഉദ്യോഗസ്ഥനായ കണ്ണൂര്‍ സ്വദേശി ഷാജി കല്ലോറത്ത്. വിദേശത്ത് നിന്നെത്തി നാട്ടുകാരെ മുഴുവന്‍ ആശങ്കയിലാക്കുന്ന ചിലരുടെ പ്രവൃത്തികള്‍ക്ക് മുന്നില്‍ രോഗവ്യാപനം എങ്ങനെയില്ലാതാക്കാമെന്ന മാതൃക കാട്ടിതരികയാണ് ഇദ്ദേഹം.
വിവിധ രാജ്യങ്ങളില്‍ നിന്നുമുളള 3700 യാത്രക്കാരുമായി ഷാജി ജോലി ചെയ്യുന്ന അമേരിക്കന്‍ കപ്പലായ ഡയമണ്ട് പ്രിന്‍സ് കപ്പല്‍ ടോക്കിയോയിലെ യോക്കോ ഹാമ തുറമുഖത്തെത്തിയ ശേഷമാണ് വഴിയിലിറങ്ങിയ ഹോംഗോങ് സ്വദേശിക്ക് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഫിബ്രവരി 3ന് കപ്പലിലെ 40 ഓളം യാത്രക്കാരെ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരില്‍ നിരവധി പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജപ്പാന് ആരോഗ്യ മന്ത്രാലയം കപ്പലിലെ ജീവനക്കാരുള്‍പ്പെടെ മുഴുവന്‍ യാത്രക്കാരേയും കപ്പലിനകത്തു തന്നെ ക്വാറന്റെയിനില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നുളള ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ എഴുന്നൂറോളം യാത്രക്കാര്‍ക്ക് കോവിഡ് 19 വൈറസ് ബാധിച്ചതായി പരിശോധനയില്‍ കണ്ടെത്തി. ഇതില്‍ 11 പേര് ഇതുവരെ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
14 ദിവസം കപ്പലിലെ നിരീക്ഷണം പൂര്‍ത്തിയായശേഷം രോഗമില്ലെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷം ഫിബ്രവരി 27ന് ഷാജിയും കപ്പലിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയായ വിപിനുമടക്കം 124 പേര് ഇന്‍ഡ്യന്‍ എംബസിയുടെ സഹായത്തോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ഡല്‍ഹി മനസാലെ നാഷണല്‍ സെക്യൂരിറ്റി ക്യാമ്പില്‍ പരിശോധനയ്ക്ക് ശേഷം 14 ദിവസം വീണ്ടും നിരീക്ഷണത്തില്‍ കഴിഞ്ഞു.
മാര്‍ച്ച് 13ന് ഡല്‍ഹിയില്‍ നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തി. ഇവിടുത്തെ പരിശോധനയിലും രോഗ ലക്ഷണങ്ങളില്ലെന്ന് ഉറപ്പിച്ചു. കേരള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ രോഗമില്ലെന്ന് സാക്ഷ്യപ്പെടുത്തി. എന്നാല്‍ തനിക്കും നാട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാവരുതെന്ന് ഉറപ്പിച്ച് അദ്ദേഹം വീട്ടിലെത്തിയ ദിവസം മുതല്‍ നിരീക്ഷണത്തില്‍ വീട്ടിലെ മുറിയില്‍ തനിച്ച് കഴിയുകയാണ്. ഏതെങ്കിലും തരത്തില്‍ വൈറസ് വ്യാപനം ഉണ്ടാവുകയോ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടായി തീരുകയും ചെയ്യരുതെന്ന കരുതലിലാണ് താനെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. 28 ദിവസം കൂടി കഴിഞ്ഞാല്‍ മാത്രമേ അദ്ദേഹം നിരീക്ഷണം ഉപേക്ഷിക്കു.
ജോലിചെയ്യുന്ന കപ്പലിലെ ഇത്രയധികം ആളുകള്‍ക്ക് രോഗബാധ ഉണ്ടായിട്ടും താനിന്ന് ആരോഗ്യത്തോടെ ജീവനോടെ ഇരിക്കുന്നത് തുടക്കം തൊട്ട് വൈറസ് ബാധിക്കാതിരിക്കാന്‍ എടുത്ത പ്രതിരോധ മുന്‍കരുതലുകള്‍ ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനി പോലും പകച്ചുനിന്ന ഘട്ടത്തില്‍ ജപ്പാന് സര്‍ക്കാരിന്റെ ആരോഗ്യ-കര-നാവിക സേനകളുടെ അകമഴിഞ്ഞ സേവനപ്രവര്‍ത്തനങ്ങള്‍ കോവിഡ് ബാധിതരായവര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ കപ്പലില്‍നിന്ന് ഘട്ടംഘട്ടമായി പുറത്തെത്തിച്ച് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് സഹായകമായതായി അദ്ദേഹം പറഞ്ഞു.
കപ്പലിനകത്ത് ഇന്ത്യക്കാരായ ജീവനക്കാര്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞ ഉടന്‍തന്നെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ എംബസി മുഖാന്തരം ഇടപെട്ട് എല്ലാവിധ സഹായങ്ങളും ചെയ്തു തന്നത് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു. വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയവരെ എത്രയും പെട്ടെന്ന് രാജ്യത്തെത്തിക്കാന്‍ മൂന്ന് ദിവസം കൊണ്ട് തന്നെ ഇന്ത്യന്‍ എംബസി ഒരുക്കങ്ങള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ വളരെ കരുതലോടെ 4 വിദേശികളടക്കം 124 പേര് ഭാരതത്തില്‍ എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വയം രക്ഷയും ഒപ്പം മറ്റുള്ളവരുടെ രക്ഷയും മനസ്സില്‍ കണ്ടുകൊണ്ടാണ് കപ്പലിനകത്തും ഡല്‍ഹിയിലെത്തി നാഷണല്‍ സെക്യൂരിറ്റി ക്യാമ്പിലും കഴിഞ്ഞത്. ഇതേ ബോധ്യത്തോടെയാണ് ഇപ്പോള്‍ വീട്ടിലെത്തി ഇത്രയും ദിവസം താന്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. സമൂഹ വ്യാപനം തടയുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എടുത്ത പ്രതിരോധ നടപടികളുമായി ഇപ്പോഴും സഹകരിക്കാതെ, ഗൗരവത്തില്‍ എടുക്കാതെ മുന്നോട്ടുപോകുന്ന കേരളത്തിലെ ഒരു വിഭാഗം ജനങ്ങള്‍ക്കുള്ള സന്ദേശമാണ് ഷാജിയുടെ അനുഭവം.
കണ്ണൂരില്‍ സ്വന്തം വീട്ടിലേക്ക് പോകാതെ നഗരത്തോട് ചേര്‍ന്നുള്ള ബന്ധുവീട്ടില്‍ ആണ് ഷാജി ദിവസങ്ങളായി സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്. ഹൈദരാബാദില്‍ ജോലിചെയ്യുന്ന മകനും കഴിഞ്ഞദിവസം വിമാനമാര്‍ഗം കണ്ണൂരിലെത്തി അച്ഛനോടൊപ്പം തൊട്ടടുത്ത മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കൂത്തുപറമ്പ് സ്വദേശികളായ ഭാര്യയും മകളും ഭാര്യയുടെ വീട്ടില്‍ കഴിയുകയാണ്. 16 വര്‍ഷം ഇന്ത്യന്‍ നാവികസേനയില്‍ ജോലി ചെയ്ത ഷാജി ഏതാണ്ട് 16 വര്‍ഷമായി അമേരിക്കന്‍ കമ്പനിയുടെ കപ്പലില്‍ സേഫ്റ്റ് ആന്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലിചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: