തിരുവനന്തപുരം: കോറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം കൂടുതല്‍ കടുത്ത നടപടികളിലേക്ക്. 21 ദിവസത്തേയ്ക്ക് രാജ്യം അടച്ചിടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിനെ തുടര്‍ന്നാണ് സംസ്ഥാനവും നടപടികള്‍ കര്‍ശ്ശനമാക്കുന്നത്. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളും.
ഈമാസം 31 വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിടാനാണ് കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് ഏപ്രില്‍ 14 വരെ കേന്ദ്രസര്‍ക്കര്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ ഉത്തരവ് പരിശോധിച്ച ശേഷം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം നടപടികള്‍ കൈക്കൊള്ളും.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകും. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ വിലക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഭക്ഷണം, മരുന്ന് എന്നിവയ്ക്ക് ഒരു മുടക്കും ഉണ്ടാകില്ല.
അതേസമയം കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 109 ആയി. ഒരു ആരോഗ്യപ്രവര്‍ത്തക അടക്കം 14 പേര്‍ക്കു കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. 72,460 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ലോക്ഡൗണില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. സ്വകാര്യ വാഹനങ്ങളിലെ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
അടിയന്തര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നത് എന്തിനെന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലം എല്ലാവരും കയ്യില്‍ കരുതണം. അവശ്യ സേവനമായി പ്രഖ്യാപിച്ച വിഭാഗത്തിലുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ പാസ് കരുതണം. ജില്ലാപൊലീസ് മേധാവിമാര്‍ക്ക് അപേക്ഷ നല്കിയാല് പാസ് അനുവദിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. കാസര്‍കോഡിനും കോഴിക്കോടിനും പിന്നാലെ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വകാര്യ വാഹനങ്ങളില്‍ യാത്ര നടത്തുന്നവരില്‍ നിന്ന് യാത്രാവിവരം വ്യക്തമാക്കുന്ന സത്യവാങ്മൂലം വാങ്ങും. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ത്തന്നെ ഫോം പൂരിപ്പിച്ച് കൈയില്‍ കരുതണം. ഫോമില്‍ രേഖപ്പെടുത്തുന്ന കാര്യത്തിനല്ല യാത്രയെങ്കില്‍ നടപടിയുണ്ടാവും. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരു മുതിര്‍ന്ന ആള്‍ക്കുകൂടിയാണ് യാത്രയ്ക്ക് അനുമതിയുള്ളത്. പൊതുസ്ഥലത്ത് അഞ്ചില്‍ കൂടുതല്‍ പേര് ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുകയാണ്. ആള്‍ക്കൂട്ടം ഒരുതരത്തിലും അനുവദിക്കില്ല. ഇതിനെതിരെ പോലീസ് നടപടി കൂടുതല്‍ ശക്തമാക്കും.
കാസര്‍കോട് ജില്ലയില്‍ രാവിലെ 11 മുതല്‍ അഞ്ച് മണി വരെയും മറ്റു ജില്ലകളില്‍ രാവിലെ ഏഴു മുതല്‍ അഞ്ച് മണി വരെയും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും.കാസര്‍കോട് ജില്ലയില്‍ ഐ.ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്. വിനോദം, ആര്‍ഭാടം എന്നിവയുമായി ബന്ധപ്പെട്ട ഒരു കടയും തുറക്കില്ല. കടയില്‍ പോകുന്നവര്‍ കൃത്യമായ സുരക്ഷാ സംവിധാനങ്ങളോടെ വേണം സാധനങ്ങള്‍ വാങ്ങേണ്ടത്. സാധനം വാങ്ങിയാലുടന്‍ മടങ്ങുകയും വേണം.ചിലര്‍ ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. സാധനങ്ങളുടെ വിലകൂട്ടാനോ പൂഴ്ത്തിവയ്ക്കാനോ പറ്റില്ല. ഇതിനായി പരിശോധന സംവിധാനം ശക്തിപ്പെടുത്തും. ഇത്തരക്കാരെ കണ്ടെത്തിയാല്‍ ഒരു ദാക്ഷണ്യവുമില്ലാത്ത നടപടിയുണ്ടാവും.അവശ്യസര്‍വീസിന്റെ ഭാഗമായി ജോലിക്കെത്തേണ്ടവര്‍ക്ക് പോലീസ് പാസ് നല്‍കും.
മാധ്യമ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ ഐ. ഡി കാര്‍ഡുകള്‍ മതി. രാത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇവിടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല.കാസര്‍കോട് ജില്ലയിലെ എം. എല്‍. എമാരുമായി ഓഡിയോ കോണ്‍ഫറന്‍സ് നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ജില്ലയില്‍ പ്രാദേശികമായി കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ ആവശ്യത്തിനുണ്ടോയെന്ന് കച്ചവടക്കാരുമായി ബന്ധപ്പെട്ട് കണ്ടെത്താന്‍ എം. എല്‍. എമാരോട് നിര്‍ദ്ദേശിച്ചു. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ കൗണ്‍സലിംഗ് നല്‍കുന്നതിന് പറ്റിയ ആളുകളെ എം. എല്‍. എമാരുടെ നേതൃത്വത്തില്‍ കണ്ടെത്തും. പ്രാദേശികമായി ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് പറ്റിയ കെട്ടിടങ്ങള്‍ കണ്ടെത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ ബാത്ത് അറ്റാച്ച്ഡ് മുറിയില്‍ ഒറ്റയ്ക്ക് കഴിയണം. ആവശ്യമായ സൗകര്യം വീടുകളിലില്ലാത്തവര്‍ പൊതു ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറണം
. എം. എല്‍. എമാര്‍ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ നടത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. വിവിധതരം വിഷമം അനുഭവിക്കുന്നവര്‍, പ്രായമായവര്‍, ഭിന്നശേഷിക്കാന്‍ എന്നിവരെല്ലാം ഒരു പഞ്ചായത്തില്‍ എത്രപേരുണ്ടെന്ന് തിട്ടപ്പെടുത്തണം. നിത്യവൃത്തിക്ക് വഴിയില്ലാത്തവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമുണ്ടെങ്കില്‍ സന്നദ്ധപ്രവര്‍ത്തകരും വാര്‍ഡ്തല സമിതിയും കണ്ടെത്തി സഹായം എത്തിക്കണം. വീടുകളില്ലാതെ കട വരാന്തയിലും റോഡരികിലും രാത്രിയില്‍ കിടന്നുറങ്ങുന്നവരുടെ വിവരം തദ്ദേശസ്ഥാപനങ്ങള്‍ ശേഖരിക്കും. ഇവരെ ഒരു കേന്ദ്രത്തില്‍ താമസിപ്പിച്ച് ഭക്ഷണം നല്‍കും. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായാണ് ഈ മഹാമാരിയെ നേരിടാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
ഇവരുടെ പരിശ്രമത്തെ നാം കൃതജ്ഞയയോടെ ഓര്‍ക്കണം.തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവര്‍ത്തനവും ഇന്നത്തെ സാഹചര്യത്തില്‍ ക്രമീകരിക്കും. പച്ചക്കറി കൊണ്ടുവരുന്നതിനും അത് ഇറക്കുന്നതിനും റീട്ടെയില്‍ കടകളിലേക്ക് കയറ്റി അയയ്ക്കുന്നതിനും ആവശ്യമായ സംവിധാനം ഒരുക്കും. കുടുംബാരോഗ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് ആശുപത്രിയ്ക്കടുത്ത് താമസസൗകര്യം ഒരുക്കാന്‍ പരിശ്രമിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: